Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിമാന കമ്പനികൾക്കെതിരെ 1,873 പരാതികൾ

ജിദ്ദ - കഴിഞ്ഞ മാസം രാജ്യത്തെ വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് 1,873 പരാതികൾ ലഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് ദേശീയ വിമാന കമ്പനിയായ സൗദിയക്ക് എതിരെയാണ്. ഒരു ലക്ഷം യാത്രക്കാർക്ക് 13 പരാതികൾ തോതിലാണ് കഴിഞ്ഞ മാസം സൗദിയക്കെതിരെ ലഭിച്ചത്. ഇതിൽ 97 ശതമാനം പരാതികൾക്കും നിശ്ചിത സമയത്തിനകം കമ്പനി പരിഹാരം കണ്ടു. 
രണ്ടാം സ്ഥാനത്തുള്ള ഫ്‌ളൈ നാസിനെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 29 പരാതികൾ തോതിൽ ലഭിച്ചു. ഇതിൽ 98 ശതമാനവും നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു. മൂന്നാം സ്ഥാനത്തുള്ള ഫ്‌ളൈ അദീൽ കമ്പനിക്കെതിരെ ഒരു ലക്ഷം യാത്രക്കാർക്ക് 167 പരാതികൾ തോതിൽ ജൂലൈയിൽ ഉയർന്നുവന്നു. ഇതിൽ 96 ശതമാനം പരാതികൾ നിശ്ചിത സമയത്തിനകം കമ്പനി പരിഹരിച്ചു. സർവീസിന് കാലതാമസം നേരിടൽ, റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ മാസം വിമാന കമ്പനികൾക്കെതിരെ യാത്രക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ടിക്കറ്റ് തുക തിരികെ നൽകൽ, ബാഗേജ് എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. 
പ്രതിവർഷം 60 ലക്ഷത്തിലേറെ യാത്രക്കാർ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് മദീന പ്രിൻസ് മുഹമ്മദ് എയർപോർട്ടിനെതിരെ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് ഒരു പരാതി തോതിലാണ് മദീന വിമാനത്താവളത്തിനെതിരെ ലഭിച്ചത്. മദീന എയർപോർട്ടിനെതിരെ ആകെ ഏഴു പരാതികൾ കഴിഞ്ഞ മാസം ലഭിച്ചു. ഇവക്കു മുഴുവൻ നിശ്ചിത സമയത്തിനകം എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പരിഹാരം കണ്ടു. പ്രതിവർഷം 60 ലക്ഷത്തിൽ കുറവ് യാത്രക്കാർ ഉപയോഗിക്കുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതികൾ ലഭിച്ചത് ഹായിൽ എയർപോർട്ടിനെതിരെ ആണ്. ഹായിൽ വിമാനത്താവളത്തിനെതിരെ കഴിഞ്ഞ മാസം ഒരു പരാതി മാത്രമാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന് ലഭിച്ചത്. ഈ പരാതി നിശ്ചിത സമയത്തിനകം എയർപോർട്ട് അഡ്മിനിസ്‌ട്രേഷൻ പരിഹാരം കണ്ടു. 
ആഭ്യന്തര വിമാനത്താവളങ്ങളിൽ ഏറ്റവും കുറവ് പരാതികൾ ഉയർന്നുവന്നത് ബീശ എയർപോർട്ടിനെതിരെ ആണ്. ബീശ വിമാനത്താവളത്തിനെതിരെ കഴിഞ്ഞ മാസം ആകെ ഒരു പരാതിയാണ് ലഭിച്ചത്. ഇതിന് നിശ്ചിത സമയത്തിനകം എയർപോർട്ട് അധികൃതർ പരിഹാരം കണ്ടു. 
വിമാന കമ്പനികൾക്കും എയർപോർട്ടുകൾക്കുമെതിരായ യാത്രക്കാരുടെ പരാതികൾ 8001168888 എന്ന നമ്പറിൽ ഏകീകൃത കോൾ സെന്ററും 0115253333 എന്ന വാട്‌സ് ആപ്പും ഇ-മെയിലും സാമൂഹികമാധ്യമ അക്കൗണ്ടുകളും വഴി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇരുപത്തിനാലു മണിക്കൂറും സ്വീകരിക്കുന്നു. ബോർഡിംഗ് പാസ് ഇഷ്യു ചെയ്യൽ, ജീവനക്കാരുടെ പെരുമാറ്റം, വികലാംഗർക്കുള്ള സേവനം എന്നിവയുമായും മറ്റും ബന്ധപ്പെട്ട പരാതികൾ അതോറിറ്റി സ്വീകരിക്കും.
 

Latest News