മലക്കം മറിഞ്ഞ് സച്ചിദാനന്ദൻ, ഇനി രാഷ്ട്രീയ അഭിമുഖങ്ങൾ നൽകില്ലെന്നും കവി

കൊച്ചി- മൂന്നാമതും ഇടതുപക്ഷം അധികാരത്തിൽ വരാതിരിക്കാൻ സി.പി.എം പ്രവർത്തകർ പ്രാർത്ഥിക്കണമെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കവി സച്ചിദാനന്ദൻ. പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് വിശദീകരണവുമായി സച്ചിദാനന്ദൻ രംഗത്തെത്തിയത്. 'ഫലിതമായി പറഞ്ഞത് പ്രസ്താവനയാക്കി പ്രചരിപ്പിച്ചുവെന്നും കേരളത്തിലേക്ക് വന്നത് കൂടുതൽ സ്വാതന്ത്ര്യം തേടിയാണെന്നും സച്ചിദാനന്ദൻ പറഞ്ഞു. ഇനി രാഷ്ട്രീയ അഭിമുഖങ്ങൾ നൽകില്ലെന്നും സച്ചിദാനന്ദൻ വ്യക്തമാക്കി. നമ്മുടെ മാധ്യമ ധാർമ്മികത വിചിത്രമാണെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.

നമ്മുടെ മാധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിന്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ,  ഞാൻ  രണ്ടു മണിക്കൂർ നീണ്ട ഇന്ത്യൻ എക്‌സ്പ്രസ്സ്  അഭിമുഖത്തിൽ ചെയ്തത്. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. അതിന്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നത്. അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത്  പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും  രാഷ്ട്രീയം തടസ്സമാണെന്ന്  ബോദ്ധ്യമാകുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും  പറഞ്ഞു കൊള്ളാം.

Latest News