ന്യൂദൽഹി- സുഹൃത്തിന്റെ 14 വയസുകാരിയായ മകളെ മാസങ്ങളോളം ബലാത്സംഗം ചെയ്ത കേസിൽ ദൽഹി സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉത്തരവിട്ടു. ഇന്ന് വൈകിട്ട് അഞ്ചിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് കെജ്രിവാൾ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥൻ ചെയ്തത് നീചമായ പ്രവൃത്തിയാണ്. അയാളുടെ ഭാര്യയും കുറ്റകൃത്യത്തിൽ പങ്കാളിയായിരുന്നു. സമൂഹത്തെ നടുക്കിയ സംഭവമാണിത്. മുഖ്യമന്ത്രി ഇപ്പോൾ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ്. ചീഫ് സെക്രട്ടറിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടി. വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നതിൽ ദൽഹി പോലീസ് പരാജയപ്പെട്ടതാണ് ഈ കേസിലെ ഏറ്റവും മോശം ഭാഗം. എല്ലാവർക്കും പെൺമക്കളുണ്ട്. ഇത് വളരെ ലജ്ജാകരമായ പ്രവൃത്തിയാണ്. ഉദ്യോഗസ്ഥനെ ശിക്ഷിക്കണം- ആം ആദ്മി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.
അച്ഛന്റെ മരണശേഷം പെൺകുട്ടി അച്ഛന്റെ സുഹൃത്തുകൂടിയായ ഡബ്യു.സി.സി.സി വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടർ പ്രേമോദയ് ഖാഖയ്ക്കും കുടുംബത്തിനും ഒപ്പമാണ് താമസിച്ചിരുന്നത്. 2020 ഒക്ടോബർ ഒന്നിനാണ് അച്ഛൻ മരിച്ചത്. 2020 നവംബറിനും 2021 ജനുവരിക്കും ഇടയിൽ ഖാഖ പെൺകുട്ടിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ ഗർഭം ഇല്ലാതാക്കാൻ മരുന്ന് നൽകിയത് പ്രതിയുടെ ഭാര്യയായിരുന്നു. പെൺകുട്ടി ഗർഭിണിയായപ്പോൾ പ്രതിയായ ഖാഖ തന്റെ ഭാര്യയോട് ഇക്കാര്യം പറയുകയായിരുന്നു. ഭാര്യയാണ് മകനോട് ഗർഭം അലസിപ്പിക്കാനുള്ള മരുന്ന് വാങ്ങിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടത്.
പ്രതിക്കെതിരെ കർശനമായ നടപടിയെടുക്കണം. പ്രതി ഡബ്ല്യു.സി.ഡി ഡിപ്പാർട്ട്മെന്റിൽ ഒരു ഡെപ്യൂട്ടി ഡയറക്ടറാണ്. ആരോപണവിധേയമായ വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനാൽ, നിയമം അതിന്റെ വഴിക്ക് പോകണം. ദൽഹി സർക്കാർ സ്ത്രീസുരക്ഷ, ബാലപീഡനം തുടങ്ങിയ കാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളാണ്. അത്തരം അപലപനീയമായ എന്തെങ്കിലും പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിനെതിരെ സാധ്യമായ ഏറ്റവും കർശനമായ നടപടിയെടുക്കണം-ദൽഹി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ഇപ്പോൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ഈ വർഷം ഓഗസ്റ്റിലാണ് അമിതമായ ഉത്കണ്ഠയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ വെച്ച് കൗൺസിലറോട് തനിക്ക് നേരിട്ട ദുരനുഭവം പെണ്‍കുട്ടി വിവരിക്കുകയായിരുന്നു. സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിലാണ് പെണ്‍കുട്ടി ചികിത്സ തേടിയത്. അവിടെ വെച്ച് കൗൺസിലറോട് താൻ അനുഭവിച്ച പീഡനത്തെക്കുറിച്ച് പറഞ്ഞു. അതിജീവിതയായ പെൺകുട്ടി 2021 ജനുവരിയിൽ അമ്മയുടെ വീട്ടിലേക്ക് മടങ്ങി. അതിജീവിത ജീവിതം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്.
ഉദ്യോഗസ്ഥനെ വേട്ടക്കാരൻ എന്ന് വിളിച്ച ദൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ദൽഹിയിൽ, വനിതാ ശിശു വികസന വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ തസ്തികയിൽ ഇരിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒരു പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നു. പോലീസ് അവനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദൽഹി പോലീസിന് നോട്ടീസ് അയച്ചു. പെൺമക്കളെ സംരക്ഷിക്കുക എന്നതായിരുന്നു അയാളുടെ ജോലി. പക്ഷെ അയാൾ ഒരു വേട്ടക്കാരനായി മാറുന്നു, പിന്നെ പെൺകുട്ടികൾ എവിടെ പോകും. ഉടൻ അറസ്റ്റുചെയ്യണം- മാലിവാൾ ട്വീറ്റ് ചെയ്തു.






