കൊച്ചി- മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഐ.ജി.എസ്.ടി അടച്ചിട്ടില്ല എന്നാണ് ഉത്തമബോധ്യമെന്നും അടച്ചെന്ന് തെളിഞ്ഞാൽ മാപ്പുപറയാമെന്നും കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. മറിച്ചാണെങ്കിൽ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി എന്ന് സി.പി.എം സമ്മതിക്കുമോ എന്നും മുൻമന്ത്രി എ.കെ ബാലന്റെ വെല്ലുവിളിക്ക് മറുപടിയായി മാത്യു കുഴൽനാടൻ ചോദിച്ചു.
'ഞാൻ കണ്ടെത്തിയ ഉത്തരങ്ങളനുസരിച്ച് 1.72 കോടി രൂപയ്ക്ക് ഐ.ജി.എസ്.ടി അടച്ചിട്ടുള്ളതായി കണ്ടില്ല എന്നതാണ് ഇപ്പോഴും എന്റെ ഉത്തമ ബോധ്യവും വിശ്വാസവും. എന്റെ ശരികൾ തെറ്റാണെന്ന് തെളിയിച്ചാൽ തെറ്റേറ്റു പറയാനും വീണയെ പോലെയൊരു സംരംഭകയോട് മാപ്പ് പറയാനും ഞാൻ തയ്യാറാണ്. ഇത് തെളിയിച്ചാൽ മുഖ്യമന്ത്രിയോ എ.കെ ബാലനോ പൊതുപ്രവർത്തനം അവസാനിപ്പിക്കണം എന്നുപറയാൻ ഞാൻ ആളല്ല. ഐ.ജി.എസ്.ടിയുടെ കണക്ക് പുറത്തുവിടാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്- കുഴൽനാടൻ പറഞ്ഞു.
കർത്തയുടെ കമ്പനിയിൽ നിന്ന് വാങ്ങിയ 1.72 കോടി രൂപയുടെ, അതാത് നാളുകളിൽ ഫയൽ ചെയ്ത ഇൻവോയിസും എജിഎസ്ടി രേഖകളും അവർക്കുണ്ടെങ്കിൽ എ കെ ബാലൻ പറഞ്ഞ വെല്ലുവിളി ഏറ്റെടുക്കുമെന്നും ഈ സമൂഹത്തോട് മാപ്പ് പറയും, അവർ തെളിയിക്കുകയാണെങ്കിൽ ഞാൻ പൊതുപ്രവർത്തനം അവസാനിപ്പിക്കില്ല കാരണം ഞാൻ തുടങ്ങിയതേയുള്ള. എനിക്ക് തെറ്റു പറ്റാം സ്വാഭാവികമാണ്, പക്ഷെ ഞാൻ മാപ്പ് പറയാൻ തയ്യാറാണ്. പറഞ്ഞത് ഞാൻ പിൻവലിക്കും, അതിൽ സംശയമില്ലെന്നും മാത്യു പറഞ്ഞു.