കോഴിക്കോട്- പുതുപ്പാടിയില്‍ ഷിഗല്ലെ വൈറസ് ബാധിച്ച രണ്ട് വയസ്സുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ മകന്‍ സിയാന്‍ ആണ് മരിച്ചത്. സിയാന്റെ ഇരട്ട സഹോദരന്‍ സയാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വയറിളക്കത്തെ തുടര്‍ന്ന് കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളെ രോഗം മൂര്‍ച്ഛിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗ ലക്ഷണങ്ങളുമായി ഒരു കുട്ടി കൂടി ചികിത്സയിലുണ്ട്. മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യാനും തിളപ്പിച്ച വെള്ളം മാത്രം കുടിക്കാനുമാണ് നിര്‍ദേശം.






