കൊച്ചി- വാഹനങ്ങള്‍ വാടകയ്ക്ക് എടുത്ത ശേഷം മറ്റുള്ളവര്‍ക്ക് പണയപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതി പിടിയില്‍. സുഹൃത്തുക്കളായ വാഹന ഉടമകളില്‍ നിന്നും കാറുകളും മറ്റു വാഹനങ്ങളും സ്വന്തം ഉപയോഗത്തിനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാള്‍ വാടകയ്ക്ക് എടുത്തിരുന്നത്.
തൃക്കാക്കര തോപ്പില്‍ നസ്രത് ഹൗസില്‍ ഹരീഷ് (36)നെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. വാടകയ്ക്ക് വാങ്ങിയശേഷം വാഹനങ്ങള്‍ തമിഴ്‌നാട്ടിലും മറ്റും കൊണ്ടുപോയി പണയപ്പെടുത്തി പണം കൈപ്പറ്റിയ ശേഷം വാഹനം ഉടമകള്‍ക്ക് തിരികെ നല്‍കാതിരിക്കുകയാണ് പതിവ്.
എറണാകുളം സെമിത്തേരി മുക്ക് സ്വദേശി അഖിലിന്റെ പക്കല്‍ നിന്നും മൂന്ന് കാറുകള്‍ വാങ്ങിയ ശേഷം തിരുനെല്‍വേലിക്കാരനായ സുരേഷ് എന്നയാള്‍ക്ക് പണയപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരീഷിന്റെ പേരില്‍ എറണാകുളം ജില്ലയിലെ പല സ്റ്റേഷനുകളിലും സമാനമായ കേസുകള്‍ നിലവിലുണ്ട്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശപ്രകാരം എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ രതീഷ്, അനില്‍കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനീത്. അജിലേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.