ഹൈദരാബാദ്- പിതാവിനെ അടിച്ചുകൊന്ന യുവാവിനെ നാട്ടുകാർ പിടികൂടിയെങ്കിലും പോലീസ് എത്തമ്പോഴേക്കും രക്ഷപ്പെട്ടു. തെലങ്കാനയിലെ
ഭൂപാൽപള്ളിയിലാണ് 25 കാരൻ പിതാവിനെ അടിച്ചുകൊന്നത്. ഗുമ്മഡി തിരുപ്പതിയെ (48) കൊലപ്പെടുത്തിയ മകൻ ധനഞ്ജയ് മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിനുള്ളിൽ സൂക്ഷിച്ചതായി പോലീസ് പറഞ്ഞു. കുറച്ചു നാളുകളായി അച്ഛനും മകനും തമ്മിൽ വഴക്കായിരുന്നു. സംഭവ ദിവസം, വഴക്ക് മൂർച്ഛിക്കുകയും ധനഞ്ജയ് പിതാവിനെ മർദിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. തുടർന്ന് പ്രതി മൃതദേഹം പുതപ്പിനുള്ളിലാക്കി വീട്ടിൽ ഒളിപ്പിച്ചു. ഞായറാഴ്ച രാവിലെ മൃതദേഹം സ്‌കൂട്ടറിൽ കയറ്റി കുളത്തിന് സമീപം തള്ളാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാരുടെ പിടിയിലായത്. നാട്ടുകാരുടെ മുന്നിൽ പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ, പോലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു.
ധനഞ്ജയിനെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.