Sorry, you need to enable JavaScript to visit this website.

റഷ്യ വിക്ഷേപിച്ച 'ലൂണ 25' ചന്ദ്രനിൽ ഇടിച്ചിറങ്ങി, ബന്ധം നഷ്ടമായി

മോസ്‌കോ-റഷ്യൻ ബഹിരാകാശ പേടകമായ 'ലൂണ 25' ചന്ദ്രനിൽ ഇടിച്ചിറങ്ങി തകർന്നതായി സ്ഥിരീകരണം. 'ലൂണ 25' ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസിയാണ് അറിയിച്ചത്. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി ഇന്നലെ തന്നെ റഷ്യ വ്യക്തമാക്കിയിരുന്നു. 'അസാധാരണ സാഹചര്യം' നേരിടുന്നുവെന്നാണു റഷ്യയുടെ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ്  അറിയിച്ചത്. 

ഓഗസ്റ്റ് 11ന് വിക്ഷേപിച്ച ലൂണ 25 നാളെ ചന്ദ്രനിൽ ഇറക്കാനായിരുന്നു പദ്ധതി. ഇതിനു മുന്നോടിയായി പേടകം താഴ്ത്തുന്ന പ്രക്രിയയ്ക്കിടെ സാങ്കേതികപ്രശ്‌നമുണ്ടായെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് ലൂണ 25 തകർന്നതായി റഷ്യ സ്ഥിരീകരിച്ചത്. ലൂണ 25മായുള്ള ബന്ധം നഷ്ടമായെന്നും, പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയെന്നുമാണ് അറിയിച്ചത്.
ചന്ദ്ര ഗർത്തങ്ങളുടെ ലൂണ അയച്ച ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. അരനൂറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷമാണു ചന്ദ്രനിലേക്കു റഷ്യ പേടകം അയച്ചത്. 2021 ഒക്ടോബറിൽ നടത്താനിരുന്ന വിക്ഷേപണമാണ് 2 വർഷത്തോളം വൈകി നടന്നത്.

ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. ഇന്ധനക്ഷമതയ്ക്കായി വേറിട്ട പാത സ്വീകരിച്ച് ഓഗസ്റ്റ് 5ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ രണ്ടാഴ്ച അവിടെ പഠനപരീക്ഷണങ്ങൾക്കായി ചെലവഴിച്ച ശേഷം 23നാണ് ചന്ദ്രനിലിറങ്ങുന്നത്.

Latest News