ലഖ്‌നൗ-രാജ്യത്തിന് നാണക്കേടിന്റെ മറ്റൊരു അധ്യായം കൂടി. ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയതിന് പിന്നാലെ മുസ്‌ലിം യുവാവിന്റെ മാതാപിതാക്കളെ അയല്‍ക്കാര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. അബ്ബാസ്, ഭാര്യ കമറുള്‍ നിഷ എന്നിവരാണ് മരിച്ചത്. ഇരുമ്പ് കമ്പികളും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചാണ് ഇവരെ കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്ത് വച്ച് തന്നെ ദമ്പതികള്‍ മരിച്ചു. പ്രതികള്‍ ഉടന്‍ തന്നെ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അബ്ബാസിന്റെ മകന്‍ ഷൗക്കത്തും അയല്‍വാസിയായ റൂബി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. 2020ല്‍ ഇരുവരും ഒളിച്ചോടിയെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വീണ്ടും പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം ചെയ്തു. ഇതില്‍ പ്രകോപിതരായാണ് പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെയുള്ളവര്‍ യുവാവിന്റെ മാതാപിതാക്കളെ അടിച്ച് കൊന്നത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു