ജറൂസലം- വെസ്റ്റ്ബാങ്ക് നഗരമായ നബ് ലസിന് സമീപം ഹുവാര ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ രണ്ട് ഇസ്രായിൽ പൗരന്മാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വെടിയേറ്റ 30 വയസ്സുകാരനും 60 വയസ്സുകാരനുമാണ് മരിച്ചതെന്ന് ഇസ്രായിൽ എമർജൻസി റെസ്ക്യൂ സർവീസ് ആയ മാഗൻ ഡേവിഡ് അഡോം പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചതായി സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹുവാരയിലെ കാർവാഷിലാണ് വെടിവയ്പ്പ് നടന്നതെന്ന് ഓൺലൈൻ പത്രമായ ദി ടൈംസ് ഓഫ് ഇസ്രായിൽ റിപ്പോർട്ട് ചെയ്തു. പ്രതികൾക്കായി സൈന്യം തെരച്ചിൽ തുടരുകയാണന്ന് ഇസ്രായിൽ പ്രതിരോധ സേന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രദേശം സൈന്യം വളഞ്ഞ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
1967ൽ ഇസ്രായിൽ പിടിച്ചെടുത്ത പ്രദേശമായ വെസ്റ്റ്ബാങ്കിൽ ഇസ്രായേലികളും ഫലസ്തീനിയും തമ്മിലുള്ള അക്രമവും സംഘർഷവും വർദ്ധിച്ചുവരികയാണ്.