മഞ്ചേരി- 17കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി മാനഹാനി വരുത്തിയെന്ന കേസിൽ യുവാവ് റിമാന്റിൽ. ഇടുക്കി തൊടുപുഴ എടവട്ടി സ്വദേശി വണ്ണപ്പുഴച്ചാലിൽ ഷഹബാൻ ഷാജി (22)യെയാണ് മഞ്ചേരി പോക്സോ സ്പെഷൽ കോടതി ജഡ്ജി എസ്. നസീറ റിമാന്റ് ചെയ്തത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ യുവാവ് പിന്തുടർന്ന് വശീകരിക്കുകയായിരുന്നു. പ്ലസ് ടുവിന് പഠിക്കുന്ന കുട്ടിയെ ഇക്കഴിഞ്ഞ 13ന് പുളിക്കലിൽ നിന്നു പ്രലോഭിപ്പിച്ച് കാറിൽ കയറ്റുകയായിരുന്നു. കൊണ്ടോട്ടിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തി കുട്ടിയെ മാനഭംഗപ്പെടുത്തി. കാറിൽ നിന്നിറങ്ങി ഓടിയ കുട്ടി ബസിൽ കയറി വീട്ടിലെത്തുകയായിരുന്നു. തുടർന്ന് രക്ഷിതാക്കളൊത്ത് കൊണ്ടോട്ടി പോലീസിലെത്തി പരാതി നൽകി. 17ന് എസ്.ഐ കെ. ഫതിൽ റഹ്മാൻ പ്രതിയെ അറസ്റ്റ് ചെയ്തു. കൃത്യത്തിന് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഈ മാസം 26 വരെ റിമാന്റ് ചെയ്തു.