മയക്കമരുന്ന് കേസില്‍ പിടിയിലായ പ്രതിയെ പോക്‌സോ കേസില്‍ കൂടി അറസ്റ്റ് ചെയ്തു

മൂവാറ്റുപുഴ- മയക്കുമരുന്ന് കേസില്‍ പിടിയിലായ നോര്‍ത്ത് പിറമാടം പി. പി. എസ് കോളേജിന് സമീപം കീരിമോളയില്‍ വീട്ടില്‍ ബേസില്‍ ബാബു (25)വിനെ പോക്‌സോ കേസില്‍ കൂടി അറസ്റ്റ് ചെയ്തു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍  പി. വി ബേബിയുടെ നിര്‍ദ്ദേശപ്രകാരം തൃക്കാക്കര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ പി. പിയുടെ നേതൃത്വത്തിലുളള പോലിസ് സംഘവും കൊച്ചി സിറ്റി യോദ്ധാവ് ടീമും എന്‍. ജി. ഒ കോട്ടേഴ്‌സിന് സമീപം ഇല്ലത്തുമുഗള്‍ റോഡിലുള്ള ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

ബേസില്‍ ബാബുവില്‍ നിന്നും 1.17 ഗ്രാം എം. ഡി. എം. എ പിടിച്ചെടുത്തു. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ തൊടുപുഴ മുട്ടം പോലീസ് സ്റ്റേഷനില്‍ മയക്കു മരുന്ന് കേസില്‍ ബേസില്‍ പിടിയിലായിട്ടുണ്ടെന്ന് കണ്ടെത്തി. ജാമ്യത്തിലിറങ്ങിയ ഇയാള്‍ രണ്ടാഴ്ചയോളമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

അന്വേഷണത്തില്‍ ഇയാള്‍ പോക്‌സോ ആക്ട് പ്രകാരമുളള കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായതോടെ പോക്‌സോ ആക്ട് പ്രകാരം കൂടി കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest News