കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങളുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം- വന്‍ വിപണിമൂല്യമുള്ള കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങളുമായി തമിഴ്നാട് സ്വദേശി വനം വകുപ്പിന്റെ പിടിയില്‍. സംസ്ഥാന വനം ഇന്റലിജന്റ്സ് ആസ്ഥാനത്ത് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പാലക്കാട് ഫോറസ്റ്റ് വിജിലന്‍സ് വിഭാഗവും ഒലവക്കോട് ഫോറസ്റ്റ് റെയിഞ്ചും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാലക്കാട് കെ. എസ്. ആര്‍. ടി. സി ബസ്റ്റ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ചെന്നൈ സ്വദേശിയായ സത്യാ ഏഴിലരശന്‍ സത്യനാഥനെ പിടികൂടിയത്. പെട്ടിയില്‍ സൂക്ഷിച്ച 96 കടല്‍ക്കുതിരകളുടെ അസ്ഥികൂടങ്ങള്‍ ഇയാളുടെ പക്കല്‍ നിന്ന്  വനം വകുപ്പ് സംഘം പിടിച്ചെടുത്തു.

പാലക്കാട് ഫോറസ്റ്റ് വിജലന്‍സ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ. ജയപ്രകാശ്, വിജിലന്‍സ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി. അഭിലാഷ്, ഒലവക്കോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഇംറോസ് ഏലിയാസ് നവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്.

1972-ലെ ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന കടല്‍ കുതിരകളുടെ ശേഖരണവും വ്യാപാരവും 2001 ജൂലൈ ഒന്ന്  മുതല്‍ പ്രത്യേക മോറട്ടോറിയം മുഖേന നിരോധിച്ചിട്ടുള്ളതാണ്.

Latest News