Sorry, you need to enable JavaScript to visit this website.

ഏഴു നവജാത ശിശുക്കളെ കൊന്ന നഴ്‌സ് ലെറ്റ്ബി, ബ്രിട്ടന്റെ ചരിത്രത്തിലെ ക്രൂരയായ കൊലയാളി

ലണ്ടൻ- ആധുനിക ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരയായ ശിശുക്കളുടെ കൊലയാളി എന്നാണ് നഴ്‌സ് ലൂസി ലെറ്റ്ബിയെ വിശേഷിപ്പിക്കുന്നത്. ഏഴ് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിനും ആറ് പേരെ കൊല്ലാൻ ശ്രമിച്ചതിനുമാണ് ഇവരെ കുറ്റക്കാരിയായി കണ്ടെത്തിയത്. അതേസമയം ഇവർ എന്തുകൊണ്ടാണ് കുഞ്ഞുങ്ങളെ കൊന്നത് എന്നത് സംബന്ധിച്ച് കൃത്യമായ കാരണം കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചില്ല. എന്നാൽ കൊലപാതകത്തിനുള്ള നിരവധി കാരണങ്ങൾ പ്രോസിക്യൂഷൻ നിരത്തുകയും ചെയ്തു. 

കുഞ്ഞുങ്ങളെ ആക്രമിക്കുന്നതിൽ ആസ്വാദനം കണ്ടെത്തിയ ആളായിരുന്നു ലെറ്റ്ബി. കുട്ടികളെ ഉപദ്രവിക്കുന്നതിലൂടെ താൻ ദൈവമായെന്ന് ഇവർ സ്വയം വിശ്വസിച്ചു. കുട്ടികളുടെ ആരോഗ്യം മോശമാകുന്നുണ്ടെന്നും ഉടൻ മരിച്ചേക്കുമെന്നും ലെറ്റ്ബി സഹപ്രവർത്തകരെ അറിയിക്കും. അധികം വൈകാതെ കുട്ടികൾ മരിക്കുകയും ചെയ്യും. കുട്ടികളുടെ മരണം പ്രവചിക്കുന്നതിലൂടെ താൻ ദൈവമാകുന്നു എന്നാണ് ഇവർ വിശ്വസിച്ചത്. ലൂസി ലെറ്റ്ബിയുടെ അവസാന ഇരകൾ ഒരു പ്രവസത്തിൽ ജനിച്ച മൂന്ന് ആൺകുട്ടികളിലെ രണ്ട് പേരായിരുന്നു. പി, ഒ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട കുട്ടികളെ പ്രോസിക്യൂഷൻ കോടതിയിൽ പരാമർശിച്ചത്. 2016 ജൂണിൽ ഇബിസയിലെ അവധിക്കാലം കഴിഞ്ഞ് ലെറ്റ്ബി തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് ഒ മരിച്ചത്. കുട്ടിയുടെ സഹോദരനായ പി ഒരു ദിവസം കഴിഞ്ഞും മരിച്ചു. 
നേരത്തെ ലെറ്റ്ബിയെ രണ്ട് തവണ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. 2020ൽ  മൂന്നാമത്തെ അറസ്റ്റോടെയാണ് ഇവരുടെ പേരിൽ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. ലെറ്റ്ബിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ, ആശുപത്രിയിലെ രേഖകൾ പോലീസ് കണ്ടെത്തി. 'ഞാൻ ദുഷ്ടയാണെന്നും ഞാൻ ഇത് ചെയ്തുവെന്നുമാണ് ഒരിടത്ത് ഇവർ എഴുതിയത്. 
അതിനിടെ, കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിലെ ഒരു ഡോക്ടറുമായി ലെറ്റ്ബിക്ക് രഹസ്യ ബന്ധമുണ്ടെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചിരുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യം അതിവേഗം വഷളാകുമ്പോൾ ബന്ധപ്പെടുന്ന ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. ഇത്തരത്തിൽ ഇടപെടൽ നടത്തി ഡോക്ടറുടെ  'വ്യക്തിഗത ശ്രദ്ധ' ലഭിക്കാനാണ് ഇത് ചെയ്‌തെന്ന് പ്രോസിക്യൂട്ടർമാർ ആരോപിച്ചു. 2016 ജൂലൈയിൽ ലെറ്റ്ബിയെ നവജാത ശിശുക്കളുടെ വിഭാഗത്തിൽ നിന്ന് നീക്കം ചെയ്തതിന് ശേഷവും, ഡോക്ടർക്ക് പതിവായി സന്ദേശമയയ്ക്കുകയും ലവ്, ഹാർട്ട് ഇമോജികൾ കൈമാറുകയും പുറത്തുവെച്ച് നിരവധി തവണ കണ്ടുമുട്ടുകയും ചെയ്തു. അഞ്ച് ആൺകുഞ്ഞുങ്ങളേയും 2 പെൺകുഞ്ഞുങ്ങളേയുമാണു ലൂസി കൊലപ്പെടുത്തിയത്. കൗണ്ടസ് ഓഫ് ചെസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന സമയത്ത് രാത്രിജോലിക്കിടെ ഇൻസുലിൻ കുത്തിവച്ചും ബലമായി ആവശ്യത്തിലേറെ പാൽ കുടിപ്പിച്ചുമാണു കുഞ്ഞുങ്ങളെ കൊന്നതെന്നു ലൂസി പോലീസിനോടു വെളിപ്പെടുത്തിയിരുന്നു. പാലിൽ അമിതമായ അളവിൽ മറ്റു ഭക്ഷണങ്ങൾ ചേർത്തും ഇവർ കൊല നടത്തിയെന്നും പ്രോസിക്യൂഷൻ കണ്ടെത്തി.
 

Latest News