Sorry, you need to enable JavaScript to visit this website.

വന്ദേ ഭാരത് എക്സ്പ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കന്നിയാത്ര

കണ്ണൂർ - പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളിൽ വന്ദേ ഭാരത് എക്സ്പ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കന്നിയാത്ര. ശനിയാഴ്ച ഉച്ചയ്ക്ക് കണ്ണൂരിൽ നിന്നാണ് എറണാകുളത്തേക്ക് യാത്ര ചെയ്തത്. വന്ദേഭാരതിന്റെ ഉദ്ഘാടനചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം മുഖ്യമന്ത്രി പങ്കെടുത്തിരുന്നുവെങ്കിലും ഇതിൽ യാത്ര ചെയ്തിരുന്നില്ല. 

കൂത്തുപറമ്പില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ വെള്ളിയാഴ്ച്ച രാത്രിയാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. വിവാഹ ചടങ്ങിൽ സംബന്ധിച്ച ശേഷം ഉച്ചയോടെ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തുകയായിരുന്നു. നാളെ എറണാകു ളത്ത് അത്തച്ചമയ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനായിരുന്നു യാത്ര.  കന്നിയാത്രയിൽ മുഖ്യമന്ത്രിക്കൊപ്പം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, പോലീസ് ഉദ്യോ​ഗസ്ഥർ അടക്കമുളളവരുണ്ട്.  കോച്ചുകളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. യാത്രയ്ക്ക് മുമ്പ് ട്രാക്കുകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയിരുന്നു. കണ്ണൂരിൽ നിന്നും 3:40 ഓടെയാണ് ട്രെയിൻ പുറപ്പെട്ടത്. മുഖ്യമന്ത്രി സഞ്ചരിച്ച കോച്ച് പോലീസ് നിയന്ത്രണത്തിലായിരുന്നു. ഇതിന് പുറമെ മുഴുവൻ കോച്ചുകളിലും വിശദ പരിശോധന നടത്തി. തീവണ്ടി കടന്നു പോകുന്ന എല്ലാ സ്റ്റേഷനുകളിലും പോലീസ് പരിശോധന നടത്തുകയും ചെയ്തു. മാസപ്പടി വിവാദത്തിൻ്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സുരക്ഷ ശക്തമാക്കിയത്. മുമ്പ് മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധമുയർന്നത് വലിയ വിവാദമായിരുന്നു.

Latest News