ഇത് ചെറുപൂരങ്ങളുടെ കാലം. വലിയ പൂരം അഞ്ചാം തീയതി പുതുപ്പളളിയിലാണല്ലോ. കിടങ്ങൂർ ഭാഗത്തുനിന്നും പഞ്ചായത്തിൽ ഭേദപ്പെട്ടൊരു അമിട്ട് പൊങ്ങി. ബി.ജെ.പിയുടെ പിന്തുണയോടെ യു.ഡി.എഫ് പഞ്ചായത്ത് ഭരണം കൈയേറി. പോരാ, മുന്നണിയിലെ കേ.കോ ജോസഫ് വിഭാഗം കയറി കസേരയിൽ ഇരുന്നു. ശരിക്കും അമർന്നിരിക്കും മുമ്പ് 'ടച്ച് റിവർ' ദേശത്തുനിന്നും കൊട്ടാര വിളംബരം- പ്രസിഡന്റാകാൻ ഒരുമ്പെട്ട തോമസ് മാളിയേക്കലിനെയും മൂന്നു പഞ്ചായത്ത് അംഗങ്ങളെയും പാർട്ടിയിൽനിന്നു നീക്കിയിരിക്കുന്നു.
മാളിയേക്കൽ ഇനി എവിടെ? എന്നാണ് 'പബ്ലിക്കി'ന്റെ ചോദ്യം 'മാളികമുകളേറിയ മന്നന്റെ' കാര്യം ഇനി 'നാളെയുമെന്തെന്നറിവീല' എന്നു പണ്ടൊരു കവി പാടിയതിന് പഞ്ചായത്തിലാണ് 'അറം' പറ്റിയത്. പക്ഷേ, തോമാച്ചൻ ഉൾപ്പെടെ ആരും രാജിവെയ്ക്കാൻ തയാറല്ലത്രേ! പി.ജെ. ജോസഫിനെ ആരു പേടിക്കാൻ! ഹൂ ഇസ് അഫ്രൈഡ് ഓഫ് എ വിർജിനിയാ വുൾഫ്! വി.കെ.എൻ നടത്തിയ പരിഭാഷ വെള്ളായണിയുടെ നിര്യാണത്തോടെ കഴിഞ്ഞു. ഇനി അത് 'ടച്ച് റിവർ ജോസഫ്' എന്നാക്കാം. രസവും മോരും ഒട്ടും കുറയില്ല!
*** *** ***
മറ്റൊരു ചെറുപൂരം ചങ്ങനാശ്ശേരി നഗരസഭയുടെ അധ്യക്ഷ പദവിയിൽനിന്നാണ് പുറപ്പെട്ടത്. ബീനാ ജോബി, ഇടതുപക്ഷ കാരുണ്യത്താൽ യു.ഡി.എഫിനെ മലർത്തിയടിച്ച് ചെയർ സ്വന്തമാക്കി. പുതുപ്പള്ളിയുടെ തെക്കും വടക്കും നടന്ന രണ്ടു പൂരങ്ങളും ചേർത്താൽ കോൺഗ്രസ് അഥവാ യു.ഡി.എഫ് ഇപ്പോഴു പടുകുഴിയിൽ തന്നെയാണ് അന്തിയുറക്കം എന്നു കാണാൻ ഭൂതക്കണ്ണാടി വേണ്ട. ഏക ആശ്വാസം, ഉമ്മൻ ചാണ്ടി മകൻ സ്ഥനാർഥിയാണെന്നതു മാത്രം.
ഉപതെരഞ്ഞെടുപ്പാണെങ്കിലും പരീക്ഷാഫലം നേരത്തേ പുറത്തായെങ്കിലും ഇതിനിടയിൽ നാട്ടുകാരെ പതിവുപോലെ പൊട്ടിച്ചിരിപ്പിക്കാൻ കൺവീനർ ഇ.പി. ജയരാജനുണ്ട് എന്നതാണ് മറ്റൊരു ആശ്വാസം. ഇടതു സ്ഥാനാർഥി ജെയ്ക് സി. തോമസ് ഉന്നത നിലവാരമുള്ള നേതാവാണെന്ന് ജയരാജൻ പാർട്ടി വക ഗസറ്റ് വിജ്ഞാപനം ഇറക്കിയതുകൊണ്ട് ചിരിച്ചു ചിരിച്ച് മണ്ണുകപ്പാത്തവർ ചുരുക്കം. അവർക്കായി ലേശം മണ്ണ് അവശേഷിക്കുന്നുമുണ്ട്. പാലായിലെ കുഞ്ഞുമാണിയെ ബജറ്റ് അവതരിപ്പിക്കുന്നതിൽനിന്നും ചെറുക്കുന്ന ഐതിഹാസിക രംഗങ്ങൾ ഓസ്‌കർ അവാർഡ് നേടാതെ പോയി. രാഷ്ട്രീയത്തിനും ഓസ്‌കർ വേണം. 'ഓസിനു'കാർ മാത്രം ഉണ്ടായാൽ പോരാ. അന്നത്തെ രംഗങ്ങളിൽ ശിവൻ കുട്ടിയാണോ ജയരാജ സഖാവാണോ മികച്ച ക്യാരക്ടർ നടനായത് എന്ന കാര്യം കോടതി വരാന്തയിലെ ചോദ്യമാണല്ലോ.
അപ്പോൾ നമ്മുടെ ഇന്നത്തെ നായകൻ ജെയ്‌കോ? സഖാവ് 2016 ൽ കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി എൻജിനീയറിംഗ് കോളേജ് അടിച്ചു തകർത്തതിന് ഇക്കഴിഞ്ഞ ആഴ്ചയിലാണ് ജാമ്യം എടുത്തത്. ഉന്നത നിലവാരം തെളിയിക്കാൻ വേറൊന്നും വേണ്ട. ആറെസെസ്സ് അല്ല എൻ.എസ്.
എസ് എന്നു കൂടി പയ്യൻ സഖാവ് പ്രഖ്യാപിക്കുമ്പോൾ പെരുന്ന പോപ്പ് സുകുമാരൻ നായർ ചിരി അമർത്താൻ പെടുന്ന പാട് അദ്ദേഹത്തിനും ഇതര കോൺഗ്രസ് നായന്മാർക്കും മാത്രമേ അറിയൂ. പതിനേഴു വയസ്സിന് മുമ്പ് താൻ സംഘ്പരിവാരങ്ങളുടെ ക്ലാസിൽ പോയിട്ടുണ്ടെന്ന് നായര് പറഞ്ഞു നാക്കു വായിലിട്ടിട്ട് ഒരു മാസം പോലും കഴിഞ്ഞിട്ടില്ല. ഏതായാലും ജെയ്ക്കിന്റെ പദ-പുഷ്പ സഞ്ചയത്തിനു പകരം വെക്കാൻ ചാണ്ടി ഉമ്മന്റെ കൈയിൽ എന്താണള്ളത് -ഉമ്മൻ ചാണ്ടിയുടെ ഒരു ഫോട്ടോ അല്ലാതെ?
*** *** ***
കേരളത്തിലെ ഇടതുപക്ഷവും ബി.ജെ.പിയും തമ്മിൽ രഹസ്യ ബാന്ധവമുണ്ടെന്ന് ആർക്കുമറിയാം. 'ബാന്ധവ'ത്തിന്റെ അർഥം അറിയാത്ത കൊച്ചുകുട്ടികൾ പോലും ഇരുപാർട്ടികളുടെയും പേർ കേൾക്കുമ്പോൾ വാ പൊത്തിച്ചിരിക്കാറുണ്ട്. എന്നാൽ അതിലുപരി, ഇടതും കോൺഗ്രസും തമ്മിൽ ബാന്ധവമുണ്ടെന്നു സംശയിക്കാവുന്ന ഘട്ടത്തിലാണ് - പുതുപ്പള്ളി വിഷയം. കഴിഞ്ഞ 13 ന് കോട്ടയത്തെ 218 വർഷത്തെ പഴക്കമുള്ള കോളേജിലെ പൊതുചടങ്ങു കഴിഞ്ഞ് കാറിൽ കയറിയപ്പോഴാണ് ചാണ്ടി ഉമ്മന്റെ കാറിന്റെ പിൻ ടയർ നാലു 'നട്ടും' ഇളകിപ്പോയ വിവരം അറിയുന്നത്. മുൻ ആക്രമണ നേതാവാണ് എതിർ സ്ഥാനാർഥി. ചാണ്ടി ഞെട്ടിയതായി വിരവമില്ലെങ്കിലും ഒപ്പമുള്ളവർ ഞെട്ടി. തൊട്ടടുത്തു പാർക്ക് ചെയ്തിരുന്ന കാർ തിരുവഞ്ചൂരിന്റേതാണ്. അദ്ദേഹം ഇപ്പോൾ ഒരു ഗ്രൂപ്പിലും ഇല്ലാത്തതും 'സംശയാസ്പദ'മെന്നേ പറയാൻ കഴിയൂ. 'പെരുന്ന' വരെ പോയാൽ ഏതു ഖദർധാരിക്കും സീനിയർ നേതാവാകാൻ കഴിയുന്ന കാലാവസ്ഥയുമാണ്. തെരഞ്ഞെടുപ്പിനു മേളക്കൊഴുപ്പു പകരാൻ മന്ത്രിമാർ വൈകിയേ എത്തുകയുള്ളൂവെന്നതും മറ്റൊരു 'സംശയാസ്പദം'. ഇതിനൊക്കെ പുറമേയാണ് ബി.ജെ.പിയുടെ സ്ഥാനാർഥി പ്രഖ്യാപനം. ജില്ല നേതാവ് ലിജിൻ ലാലിന്റെ പേർ കേട്ടതോടെ മറ്റുള്ളവർക്കു ശ്വാസം നേരേ വീണതായാണ് വാർത്ത. ഒരു തവണ കൂടി നാണക്കേടിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം. തിരുവാർപ്പിലെ തടിപ്പാലം, അതിൽ ഉമ്മൻ ചാണ്ടിയുടെ മുണ്ടുമടക്കിയുള്ള പ്രകടനം, രാഷ്ട്രീയത്തിലെ വിശുദ്ധ പദവി ഇത്യാദി വിഷയങ്ങൾ മേമ്പൊടിയായി വിളമ്പിയും മേളം പൊടിപൊടിക്കുന്നു. മൊത്ത വിലയിലെത്തുമ്പോൾ കാണുന്നത് ചാണ്ടിക്കുഞ്ഞ് ജയിക്കണമെന്നു തന്നെയാണ് മൂവരുടെയും മനസ്സിലിരിപ്പ്!
'എതിർ സ്ഥാനാർഥിയെപ്പോലും നിർത്തരുതെന്നു ശുദ്ധാത്മാവായ സുധാകരൻ ഗുരുക്കൾ കഴിഞ്ഞ മാസം ഒന്ന് ഉരിയാടിപ്പോയി. അതിന് എന്തൊരു പുകിലായിരുന്നു ഇവിടെ! ഇപ്പോൾ കാണുന്നതോ?
*** *** ***
ചിങ്ങമാസത്തിന്റെ വരവിനു മുന്നോടിയായി, ആനി-ആടി മാസങ്ങളിൽ ചില സൗജന്യങ്ങളുടെ പെരുമഴ കണ്ടുവരാറുണ്ട്. കാലം തെറ്റി വന്ന ഉഷ്ണത്തിന് അതു തന്നെ ശാന്തി. 'എള്ളു കൊറിച്ചാൽ എള്ളോളം' ആകുമല്ലോ! ഓകെ. അതുപോലെയാണ് മറ്റൊരു 'മിന്നൽ വാർത്ത'- തെങ്ങും റബറും ചെറുധാന്യങ്ങളും കിഴഞ്ഞു വർഗങ്ങളും ഉൾപ്പെടുത്തി ഒരു ഹിഡുംബൻ ഇൻഷുറൻസ് പദ്ധതി. ആകപ്പാടെ കേട്ടിട്ട്, ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 നു മുമ്പ് തന്നെ നടത്തിക്കളുയുമോ എന്നാണ് പേടി. ശങ്കക്ക് മേപ്പടിയൊന്നും പോരാഞ്ഞിട്ട്, അരി കയറ്റുമതി തൽക്കാലം നിർത്തിവെച്ചിരിക്കുന്ന വാർത്തയും! അപ്പോൾ, ശങ്ക പരിപൂർണമായും ക്ലീയറായി. ഇനി കൈകഴുകി, വിരലിൽ മഷി കുത്താൻ തയാറായിക്കൊള്ളുക. ഏതു നിമിഷവും അതു സംഭവിക്കാം.
*** *** ***
'പോളണ്ടിനെക്കുറിച്ചു മാത്രം മിണ്ടരുത്' എന്ന വിശ്വവിഖ്യാതമായ പ്രയോഗത്തിന് ശ്രീനിവാസനും അന്തിക്കാടും ചേർന്ന് രണ്ടാം ഭാഗം ചേർക്കേണ്ടിവരും. 'വീണ'യെക്കുറിച്ചു വിമർശിക്കാൻ നിനക്കു സംഗീതം അറിയാമോ? 'റിയാസിനെക്കുറിച്ചു മാത്രം മിണ്ടരുത്, നീ മരാമത്തു പണി ചെയ്തിട്ടുണ്ടോ എന്നൊക്കെയുള്ള പുത്തൻ പ്രയോഗങ്ങൾ ഇനി വരാനിരിക്കുന്നു. അതിനായി ജനങ്ങൾ മാത്രമല്ല, മുഖ്യമന്ത്രിയും മരുമകൻ മന്ത്രിയും (എം.വി) ഗോവിന്ദൻ മാസ്റ്ററുമെല്ലാം കാത്തിരിക്കുന്നു! പൊന്നോണം കഴിഞ്ഞോട്ടെ, അതു വരെ മൗനം നമുക്കു ഭൂഷണം! അതാണ് എക്‌സ ലോജിക് മാജിക്!






