കർഷക ദിനാഘോഷത്തിന്റെ മേളങ്ങൾക്കിടെ വയനാട് കലക്ടറേറ്റ് പടിക്കലെ സമരപ്പന്തലിൽ വ്യഥയുണ്ട് ഒരു മനുഷ്യൻ. വില നൽകി വാങ്ങിയ ഭൂമിയും അതിൽ കൊച്ചുഭവനവും ഉണ്ടായിരുന്നിട്ടും അഗതികളേക്കാൾ കഷ്ടതയിൽ ജീവിതയാത്ര അവസാനിപ്പിക്കേണ്ടിവന്ന കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാൽ ജോർജ് ഏലിക്കുട്ടി ദമ്പതികളുടെ മരുമകൻ തൊട്ടിൽപാലം കട്ടക്കയം ജെയിംസിനാണ് സമരപ്പന്തലിൽ ഉള്ളുരുകി കഴിയേണ്ട ദുര്യോഗം. തീപ്പിടിച്ച മനസ്സുമായി തുടർച്ചയായി ഒമ്പതാമത് കർഷക ദിനമാണ് ജെയിംസ് ഇന്നലെ സമരപ്പന്തലിൽ പിന്നിട്ടത്.
കാഞ്ഞിരത്തിനാൽ ജോർജ് ഏലിക്കുട്ടി ദമ്പതികളുടെ മകൾ ട്രീസയുടെ ഭർത്താവാണ് ജെയിംസ്. 2015 ഓഗസ്റ്റ് 15 ന് വയനാട് കലക്ടറേറ്റ് പടിക്കൽ അദ്ദേഹം ആരംഭിച്ച ഭൂസമരത്തിനാണ് ഇനിയും അവസാനമാകാത്തത്. നീതിക്കായുള്ള പോരാട്ടം ഇനിയും എത്രനാൾ എന്ന ചോദ്യത്തിനു മുന്നിൽ ഉരുകുകയാണ് ജെയിംസിന്റെ ഉള്ളകം.
1967 ൽ കുട്ടനാടൻ കാർഡമം കമ്പനിയിൽനിന്നു കാഞ്ഞിരത്തിനാൽ ജോർജ്, ജോസ് സഹോദരങ്ങൾ കാഞ്ഞിരങ്ങാട് വില്ലേജിൽ വിലയ്ക്കു വാങ്ങിയ 12 ഏക്കർ ഭൂമി 1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ്) നിയമം ഉപയോഗപ്പെടുത്തി 1976 ൽ വനം വകുപ്പ് പിടിച്ചെടുത്തു. ഇതിനെതിരായ നിയമ യുദ്ധം അധികാര ശ്രേണിയിലുള്ളവരടക്കം പങ്കെടുത്ത സംഘടിത ഗൂഢാലോചനയിൽ തട്ടിയുടഞ്ഞപ്പോഴാണ് ജെയിംസ് കലക്ടറേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. ഇത് കാലപ്രയാണത്തിൽ ഭരണതലത്തിലടക്കം ചലനം സൃഷ്ടിച്ചെങ്കിലും നീതിയുടെ വാതിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിനു മുന്നിൽ അടഞ്ഞുകിടക്കുകയാണ്.
ഭൂമി പതിച്ചുനൽകിയത്
വനം ട്രിബ്യൂണൽ വിധി നിലനിൽക്കേ
വനം വകുപ്പ് പിടിച്ചെടുത്ത 12 ഏക്കറിൽ 75 സെന്റ് ഒഴികെയുള്ളത് വനഭൂമിയാണെന്നു 1985 ലാണ് ഫോറസ്റ്റ് ട്രിബ്യൂണൽ വിധിച്ചത്. ഈ വിധി നിലനിൽക്കേയാണ് 2007 ഏപ്രിൽ 19 നു കാഞ്ഞിരത്തിനാൽ ജോസ്, ജോർജ് സഹോദരങ്ങൾക്കു ആറ് ഏക്കർ വീതം പതിച്ചുനൽകി അന്നത്തെ വി.എസ്. അച്യുതാനന്ദൻ സർക്കാർ ഉത്തരവായത്. ഇതേത്തുടർന്നു കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസിൽ ഭൂനികുതി സ്വീകരിച്ചെങ്കിലും അവകാശപ്പെട്ട ഭൂമിയിൽ വീണ്ടും ജീവിതത്തിനു ശില പാകാൻ കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾക്കു കഴിഞ്ഞില്ല. ഭൂമി പതിച്ചുനൽകിയ സർക്കാർ ഉത്തരവ് വൺ ഏർത്ത് വൺ ലൈഫ് പരിസ്ഥിതി സംഘടനയുടെ ഹരജിയിൽ ഹൈക്കോടതി സ്റ്റേ ചെയ്ത
താണ് ഇതിനു ആധാരമായത്. 1985 ലെ ഫോറസ്റ്റ് ട്രിബ്യൂണൽ ഉത്തരവ് റദ്ദാക്കാതെ സർക്കാർ ഭൂമി പതിച്ചുനൽകിയാണ് കുടുംബത്തിന് ഹൈക്കോടതിയിൽ തിരിച്ചടിയായത്.
അന്വേഷണ റിപ്പോർട്ടുകൾ
കുടുംബത്തിനു അനുകൂലം
കാഞ്ഞിരത്തിൽ കുടുംബത്തിൽനിന്നു പിടിച്ചെടുത്തത് കൃഷി ഭൂമിയാണെന്നു വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. കോഴിക്കോട് വിജിലൻസ് എസ്.പിയായിരുന്ന ശ്രീശുകൻ 2009 ഓഗസ്റ്റ് 17 ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ഭൂമി കാഞ്ഞിരത്തിനാൽ കുടുംബത്തിനു അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഭൂമിയിൽ വനം വകുപ്പിന് അവകാശമില്ലെന്ന് വ്യക്തമാക്കുന്നതാണ് 2016 നവംബർ 11 ന് അന്നത്തെ മാനന്തവാടി ആർ.ഡി.ഒ ശിറാം സാംബശിവറാവു സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടും.
2019 ഓഗസ്റ്റ് രണ്ടിനു വയനാട്ടിൽ സിറ്റിംഗ് നടത്തിയ കെ.ബി. ഗണേഷ്‌കുമാർ അധ്യക്ഷനായ നിയമസഭ പെറ്റീഷൻസ് കമ്മിറ്റി അതേ വർഷം സെപ്റ്റംബർ 28 നു നൽകിയ റിപ്പോർട്ടിലും ഭൂമി പിടിച്ചെടുത്തു വിജ്ഞാപനം ചെയ്ത വനം വകുപ്പ് നടപടി തെറ്റാണെന്നാണ് പറയുന്നത്. കാഞ്ഞിരത്തിനാൽ കുടുംബത്തിന്റേതായിരുന്ന 11.25 ഏക്കർ കൃഷിയിടമാണ് വനം വകുപ്പ് പിടിച്ചെടുത്തതെന്നു 2021 ജനുവരി 23 നു അന്നത്തെ വയനാട് കലക്ടർ ഡോ. അദീല അബ്ദുല്ല റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിക്കു അയച്ച കത്തിലും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നിട്ടും കാഞ്ഞിരത്തിനാൽ കുടുംബത്തിനു നീതി ലഭിക്കുന്നില്ല. ഇതിന്റെ പൊരുൾ കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾക്കു മാത്രമല്ല, വയനാടൻ ജനതക്കും മനസ്സിലാകുന്നില്ല.
പകരം ഭൂമി വേണ്ട,
കമ്പോളവില സ്വീകരിക്കും
1985 ലെ ഫോറസ്റ്റ് ട്രിബ്യൂണൽ ഉത്തരവും സ്ഥലം 2013 ൽ വനഭൂമിയായി വിജ്ഞാപനം ചെയ്ത നടപടിയും റദ്ദുചെയ്ത് ഭൂമി തിരികെ ലഭ്യമാക്കണമെന്നതാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ആവശ്യം. ഇത് അംഗീകരിക്കാൻ തയാറാകാതിരുന്ന സർക്കാർ പകരം ഭൂമി എന്ന നിർദേശം വെയ്ക്കുകയുണ്ടായി. എന്നാൽ കുടുംബം ഇതിനു വഴങ്ങിയില്ല. നിയമപ്രശ്‌നങ്ങൾക്കു കാരണമാകുമെന്ന ബോധ്യമാണ് പകരം ഭൂമി നിർദേശം കാഞ്ഞിരത്തിനാൽ കുടുംബം തിരസ്‌കരിക്കുന്നതിന് ഇടയാക്കിയത്. കുടുംബത്തിനു പകരം നൽകുന്നതിനു ഭൂമി വയനാട്ടിൽ ലഭ്യമല്ലെന്നു ജില്ല കലക്ടർ സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്.
കാഞ്ഞിരങ്ങാട് വില്ലേജിലെ ഭൂമിക്കു പകരം കമ്പോള വില അനുവദിച്ചാൽ സ്വീകരിക്കുമെന്ന് കാഞ്ഞിരത്തിനാൽ കുടുംബം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ കമ്പോള വിലയുടെ കാര്യത്തിൽ കുടുംബാംഗങ്ങളും റവന്യൂ അധികാരികളും സമവായത്തിൽ എത്തിയില്ല. സെന്റിന് രണ്ടര ലക്ഷം രൂപയാണ് കാഞ്ഞിരത്തിനാൽ കുടുംബം ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ നിർദേശാനുസരണം ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയതനുസരിച്ചു മാനന്തവാടി തഹസിൽദാർ 2020 മെയിൽ സെന്റിനു 3217 രൂപയാണ് കമ്പോള വിലയായി കണ്ടത്. 2013 ലെ എൽ.എ.ആർ.ആർ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരുന്നു തഹസിൽദാരുടെ വില നിർണയം. ഏറ്റവും ഒടുവിൽ 2023 മാർച്ച് 10 ന് അന്നത്തെ ജില്ല കലക്ടർ സർക്കാരിന് അയച്ച റിപ്പോർട്ടിൽ സെന്റിന് 20,000 രൂപ കൊടുക്കാമെന്നാണ് പറയുന്നത്. ഭൂമിയിലുള്ള മരങ്ങളുടെ വില നൽകണമെന്നും കലക്ടറുടെ റിപ്പോർട്ടിലുണ്ട്.
മരവില കണക്കാക്കാൻ
വനം വകുപ്പിന് വിമുഖത
വൃക്ഷ നിബിഢമാണ് കാഞ്ഞിരങ്ങാട് വില്ലേജിൽ കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ ഭൂമി. മരങ്ങൾക്കു മാത്രം കോടിക്കണക്കിനു രൂപ വില മതിക്കും. ഭൂമിയിലെ മരങ്ങളുടെ വില നിർണയം നടന്നില്ല. മരങ്ങളുടെ വില കണക്കാക്കാൻ വടക്കേ വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയാണ് ജില്ല കലക്ടർ ചുമതലപ്പെടുത്തിയത്. എന്നാൽ സർക്കാർ പ്രത്യേകം ഉത്തരവിറക്കിയാൽ മാത്രം മരങ്ങളുടെ വില കണക്കാക്കിയാൽ മതിയെന്നാണ് ഒലവക്കോട് കസ്റ്റോഡിയൻ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ ഡി.എഫ്.ഒയെ അറിയിച്ചത്.
വനം വകുപ്പ് പിടിച്ചെടുത്തതും പിൽക്കാലത്തു വിജ്ഞാപനം ചെയ്തതുമായ 11.25 ഏക്കർ കഴിച്ചുള്ള 75 സെന്റ് ഏറ്റെടുക്കണമെന്നു കാണിച്ച് മാനന്തവാടി ഭൂരേഖാ തഹസിൽദാർ അടുത്തിടെ കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങൾക്കു നോട്ടീസ് നൽകിയിരുന്നു. ഇതനുസരിച്ച് കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസിൽ എത്തിയ കാഞ്ഞിരത്തിനാൽ ജോസ്, കാഞ്ഞിരത്തിനാൽ പരേതരായ ജോർജ്ഏലിക്കുട്ടി ദമ്പതികളുടെ മക്കളായ തോമസ്, ജോളി, ട്രീസ എന്നിവർ ഭൂമി സ്വീകരിക്കാനാകില്ലെന്ന് അറിയിച്ചത്. വിജ്ഞാപനം ചെയ്തത് കഴിച്ചുള്ള 75 സെന്റ് ഏറ്റെടുക്കുന്നത് ഭാവിയിൽ നിയമ നടപടികൾക്കു കാരണമാകുമെന്നാണ് കാഞ്ഞിരത്തിനാൽ കുടുംബാംഗങ്ങളുടെ ശങ്ക. ഭൂരേഖാ തഹസിൽദാർ അയച്ച നോട്ടീസിൽ ഏറ്റെടുക്കേണ്ട ഭൂമിയുടെ സർവേ നമ്പർ, തണ്ടപ്പേർ തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരുന്നില്ല.






