Sorry, you need to enable JavaScript to visit this website.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ

ന്യൂദല്‍ഹി-കടുത്ത ചൂടും ഉഷ്ണവും മൂലം വലഞ്ഞിരുന്ന തലസ്ഥാന വാസികള്‍ക്ക് ശനിയാഴ്ച രാവിലെ പെയ്ത കനത്ത മഴ ഏറെ ആശ്വാസം നല്‍കി. ഇതോടെ പ്രദേശത്തെ താപനില ഏറെ താഴ്ന്നു. 
തലസ്ഥാനത്ത് പുലര്‍ച്ചെ ശക്തമായ ഇടിമിന്നലിനൊപ്പമാണ് കനത്ത മഴ ഉണ്ടായത്. പകല്‍ സമയത്തും തലസ്ഥാനത്ത് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.   ഇന്ദിരാപുരം, നോയിഡ, ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി ഐഎംഡി മുന്നറിയിപ്പ് നല്‍കുന്നു.  
വെള്ളിയാഴ്ചയോടെ, തലസ്ഥാനത്തെ യമുന നദിയിലെ ജലനിരപ്പ് അപകട രേഖയ്ക്ക് താഴെയായി. നദിയുടെ അപകടനിരപ്പ് 204.5 മീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക പരത്തിയിരുന്നു. ജൂലൈ 13 ന്, യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയര്‍ന്ന നിലയിലേക്ക് കുതിച്ച്, 208.66 മീറ്റര്‍ വരെ എത്തിയിരുന്നു.
അതേസമയം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആഗസ്റ്റ് 22 വരെ കനത്ത മഴയാണ് പ്രവചിക്കുന്നത്. ആഗസ്റ്റ് 19ന്  കിഴക്ക്, മധ്യ ഇന്ത്യയില്‍ കനത്ത മഴയുണ്ടാകും എന്ന് മുന്നറിയിപ്പില്‍ പറയുന്നു.  അതേസമയം, ആഗസ്റ്റ് 20 മുതല്‍ രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാകും. മുന്നറിയിപ്പ് അനുസരിച്ച്  ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍  ആഗസ്റ്റ് 21, 22  തിയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. അതിനിടെ കനത്ത മഴ, മണ്ണിടിച്ചില്‍, റോഡ് തകരാര്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക്  സാക്ഷ്യം വഹിച്ച ഹിമാചല്‍ പ്രദേശില്‍ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ 'പ്രകൃതി ദുരന്ത ബാധിത പ്രദേശ'മായി പ്രഖ്യാപിച്ചു. 

Latest News