Sorry, you need to enable JavaScript to visit this website.

വിമാനത്തിൽ യാത്രക്കാരന്റെ ലൈംഗികാതിക്രമം; പോലീസിനും ഡിജിസിഎക്കും വനിതാ കമ്മീഷൻ നോട്ടീസ്

ദൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ.

ന്യൂദൽഹി- വിമാനത്തിൽലുണ്ടായ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ ദൽഹി പോലീസിനും ഡിജിസിഎയ്ക്കും ദൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ നോട്ടീസ് അയച്ചു. വിമാനത്തിൽ യാത്രക്കാരൻ നടത്തിയ ലൈംഗികാതിക്രമത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വീഡിയോ കമ്മീഷൻ സ്വമേധയാ പരാതിയായി സ്വീകരിച്ചു.

കഴിഞ്ഞ 16ന് ദൽഹിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തിലാണ് സംഭവം നടന്നതെന്ന് പറയുന്നു. യാത്രക്കാരൻ ഒരു വനിതാ ഫ്ലൈറ്റ് അറ്റൻഡന്റിന്റെയും സഹയാത്രികയുടെയും അശ്ലീല ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുന്നതായി വൈറലായ വീഡിയോയിൽ ആരോപിക്കുന്നു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളുടെ ആക്ഷേപകരമായ ചിത്രങ്ങൾ  കണ്ടെത്തിയതായി  വനിതാ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ ഡിസിഡബ്ല്യു മേധാവി ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്കും (ഐജിഐ എയർപോർട്ട്) ഡിജിസിഎ ഡയറക്ടർ ജനറലിനും നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ ദൽഹി പോലീസ് നടത്തിയ അറസ്റ്റുകൾക്കൊപ്പം എഫ്‌ഐആറിന്റെ വിശദാംശങ്ങളും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിസ്ഥലത്തെ ലൈംഗികാതിക്രമത്തിന് കീഴിലുള്ള ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് അല്ലെങ്കിൽ മറ്റേതെങ്കിലും കമ്മിറ്റിക്ക് വിഷയം കൈമാറിയിട്ടുണ്ടോ എന്ന് കമ്മീഷൻ ഡിജിസിഎയോട് ചോദിച്ചിട്ടുമുണ്ട്.

യാത്രക്കാരനെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗസ്ത് 23-നകം നടപടി സ്വീകരിച്ച റിപ്പോർട്ട് നൽകാൻ കമ്മീഷൻ ദൽഹി പോലീസിനോടും ഡിജിസിഎയോടും ആവശ്യപ്പെട്ടു.

വിമാനങ്ങളിൽ ലൈംഗികാതിക്രമം നേരിടുന്നതായി പരാതികൾ വർധിച്ചുവരികയാണ്. ഇത് അംഗീകരിക്കാനാവില്ല. ഈ പ്രത്യേക സാഹചര്യത്തിൽ, എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും വിഷയം സമഗ്രമായി അന്വേഷിക്കുകയും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയും വേണം- സ്വാതി മലിവാൾ പറഞ്ഞു.

വിമാനങ്ങളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ഡിജിസിഎയ്ക്ക് സീറോ ടോളറൻസ് പോളിസി ഉണ്ടായിരിക്കുകയും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടി സ്വീകരിക്കുകയും വേണം-അവർ കൂട്ടിച്ചേർത്തു.

ഓഗസ്റ്റ് രണ്ടി ന് ദൽഹിയിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയ സ്‌പൈസ് ജെറ്റ് ഫ്‌ലൈറ്റിന്റെ എസ്‌ജി 157-ന്റെ ആദ്യ നിരയിൽ ഇരുന്ന ഒരു യാത്രക്കാരൻ ടേക്ക് ഓഫ് സമയത്ത് ജമ്പ് സീറ്റിൽ ഇരിക്കുമ്പോൾ ക്യാബിൻ ക്രൂവിന്റെ ചിത്രങ്ങൾ ക്ലിക്കുചെയ്യുന്നത് കണ്ടെത്തിയതായി സ്‌പൈസ് ജെറ്റ് എയർലൈൻ വക്താവ് പറഞ്ഞു.

യാത്രക്കാരനെ ക്രൂ അംഗങ്ങൾ ചോദ്യം ചെയ്തു. ഫോണിൽ നിന്ന് ചിത്രങ്ങൾ ഡിലീറ്റ് ചെയ്യിച്ച് ശേഷം മാപ്പ് പറയിച്ചു. യാത്രക്കാരൻ രേഖാമൂലം ക്ഷമാപണം നടത്തിയതായും വക്താവ് പറഞ്ഞു.

Latest News