ഇന്ത്യയില്‍ ഏറ്റവും ജീവിത ചെലവേറിയ നഗരം മുംബൈ

ന്യൂദല്‍ഹി- ജീവിതച്ചെലവ് ഇന്ന് വര്‍ധിച്ചുവരികയാണ്. ഒരു സാധാരണക്കാരന് താങ്ങാനാകുന്നതിലും മുകളിലാണ് ഇപ്പോള്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന സാഹചര്യം. ഇവിടെ ജീവിക്കാന്‍ ചെലവേറിയ നഗരമേതാണെന്ന് അറിയാമോ? അത് മുംബൈയാണ്. പ്രശസ്ത പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ റിപ്പോര്‍ട്ട്  പ്രകാരമാണ് മുംബൈ ഈ സ്ഥാനത്തെത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള 32 നഗരങ്ങളെ വിലയിരുത്തിയപ്പോള്‍ മുംബൈ രണ്ടാംസ്ഥാനത്താണുള്ളത്. കുറഞ്ഞ വിലയില്‍ താമസ സൗകര്യം ലഭ്യമാവുന്നതിനെ ആശ്രയിച്ചുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട്  തയ്യാറാക്കിയിരിക്കുന്നത്. ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദാണ് ഏറ്റവും താങ്ങാനാവുന്ന ജീവിത ചെലവുകളുള്ള ഇന്ത്യന്‍ നഗരമായി തെരെഞ്ഞെടുത്തത്. ഏറ്റവും താങ്ങാനാകുന്ന ഭവന വിപണി അഹമ്മദാബാദിലാണ്. പുനെയും കൊല്‍ക്കത്തയും പിന്നാലെയുണ്ട്.
ഇ.എം.ഐ-വരുമാന അനുപാതം കണക്കാക്കുമ്പോള്‍ അഹമ്മദാബാദില്‍ 23 ശതമാനവും പുനെയിലും കൊല്‍ക്കത്തയിലും 26 ശതമാനം വീതവുമാണ്. ബെംഗളൂരുവിലും ചെന്നൈയിലും 28 ശതമാനം വീതവും ദല്‍ഹിയില്‍ 30 ശതമാനവും ഹൈദരാബാദില്‍ 31ഉം മുംബൈയിലത് 55 ശതമാനവുമാണ്.

Latest News