ജാതി മാറി വിവാഹം ചെയ്ത യുവതിയ കൊന്ന് കത്തിച്ചു; മാതാപിതാക്കളും സഹോദരനും അറസ്റ്റിൽ

ഗുഡ്ഗാവ് - ജാതി മാറി വിവാഹം ചെയ്ത യുവതിയെ കുടുംബം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം കത്തിച്ചുവെന്നും ഗുഡ്ഗാവ് പോലീസ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട ബിഎസ്‌സി വിദ്യാർത്ഥിനിയായ അഞ്ജലിയും ഭർത്താവ് സന്ദീപും ജജ്ജാറിലെ സുർഹേതിയിൽ നിന്നുള്ളവരാണെന്നും സെക്ടർ 102 ലെ റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.അഞ്ജലിയെ ഫ്‌ളാറ്റിൽ നിന്ന് കാണാനില്ലെന്ന് സന്ദീപ് പോലീസിനെ അറിയിക്കുകയായിരുന്നുവെന്ന്  പോലീസ് സൂപ്രണ്ട് വരുൺ ദാഹിയ പറഞ്ഞു. അഞ്ജലിയുടെ സഹോദരൻ കുനാലും ഭാര്യയും യുവതിയുടെ ഫ് ളാറ്റിനോട് ചേർ ഫ്ളാറ്റെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.

അഞ്ജലിയെ കൊല്ലാൻ കുടുംബം പദ്ധതിയിട്ടതിനെ തുടർന്നാണ് കുനാലിനെ ഒപ്പം താമസിക്കാൻ അയച്ചത്. സന്ദീപ്  സഹോദരിയുടെ വീട്ടിൽ പോയിരിക്കയായിരുന്നു. കുനാലിന്റെ ഭാര്യ ജോലിക്ക് പോയപ്പോൾ അഞ്ജലി ഫ്‌ളാറ്റിൽ തനിച്ചാണെന്ന് സഹോദരൻ മാതാപിതാക്കളെ ഫോണിൽ അറിയിച്ചു. തുടർന്ന് അഞ്ജലിയുടെ മാതാപിതാക്കളായ കുൽദീപും (44) റിങ്കിയും (42) ഫ്ലാറ്റിലെത്തി.ഇരുവരും ചേർന്ന് അഞ്ജലിയെ പിടിച്ചുവെച്ച് കുൽദീപ് കഴുത്തു ഞെരിച്ചുവെന്ന് പോലീസ് പറഞ്ഞു.  പോസ്റ്റ്‌മോർട്ടം പരിശോധനയും പോലീസ് അന്വേഷണവും ഒഴിവാക്കാനാണ്  മൃതദേഹം ജജ്ജാറിലെ അവരുടെ ഗ്രാമത്തിൽ കത്തിച്ചതെന്നും എസിപി പറഞ്ഞു.

ബ്രാഹ്മണനായ സന്ദീപിനെ ജാട്ട് മതവിശ്വാസിയായ യുവതി വിവാഹം കഴിക്കാന് തീരുമാനിച്ചതിൽ മാതാപിതാക്കളായ  കുൽദീപും റിങ്കിയും അതൃപ്തരായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Latest News