ആലപ്പുഴ - എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ആലപ്പുഴ പഴവീടുള്ള വീട്ടില്‍ മോഷണം. ജനല്‍ക്കമ്പികള്‍ ഇളക്കിമാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ ചെക്ക്ലീഫ്, ലെറ്റര്‍ പാഡുകള്‍ എന്നിവ കവര്‍ന്നു. ഓഫീസ് മുറിയിലേതുള്പ്പെടെയുള്ള അലരമാരകളിലെ ഫയലുകളും അലങ്കോലമാക്കി. സ്റ്റാഫായ അജ്മല്‍ വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ ഇവിടെ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വ്യാഴാഴ്ച രാത്രി 11.30 വരെ അജ്മല്‍ വീട്ടിലുണ്ടായിരുന്നു. അതിനുശേഷമാണ് മോഷണം നടന്നത്. വീടിന്റെ പിന്‍ഭാഗത്തെ ജനല്ക്കമ്പികളാണ് മോഷ്ടാക്കള്‍ ഇളക്കിമാറ്റിയത്. പോലീസും വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനു സമീപമുള്ള രണ്ടു വീടുകളില്‍ അടുത്തിടെ മോഷണം നടന്നിരുന്നു. പകല്‍ സമയത്ത് വീട്ടമ്മയുടെ കഴുത്തില്‍ കയര്‍മുറുക്കി നാലരപ്പന്റെ സ്വര്‍ണം കവര്‍ന്നതായിരുന്നു ആദ്യത്തേത്. പിന്നാലെ മറ്റൊരു വീട്ടില്‍നിന്ന് 20 പവന് സ്വര്‍ണം മോഷണം പോയിരുന്നു. രണ്ടുസംഭവങ്ങളിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.