പാര്‍ട്ടിയുടെ പേരില്‍ വ്യാജ പിരിവും തട്ടിപ്പും; പരാതി നല്‍കുമെന്ന് ഐ.എന്‍.എല്‍

തൃശൂര്‍ -  ഇന്ത്യന്‍ നാഷണല്‍ ലീഗിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നും, ജില്ലാ കമ്മിറ്റിയുടെ പേരില്‍ ആസൂത്രിതമായി വ്യാജ പിരിവും തട്ടിപ്പും നടത്തുന്ന സംഘത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഐ.എന്‍.എല്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു.
സാമ്പത്തിക തട്ടിപ്പ്, വഞ്ചന, അഴിമതി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്ന വാര്‍ത്തകള്‍ അതീവ ഗൗരവമേറിയതാണ്. തൃശൂര്‍  കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസുകള്‍ ആണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്കോ, പോഷക സംഘടന ഭാരവാഹികള്‍ക്കോ മേല്‍പ്പറഞ്ഞ സൊസൈറ്റിയുമായോ, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായോ, കേസുകളുമായോ യാതൊരു ബന്ധവുമില്ലെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ മ്യൂസിയം - മൃഗശാലയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായും പരാതി ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ വ്യാജ രസീത് ഉപയോഗിച്ച് ലക്ഷങ്ങളുടെ പിരിവ് നടത്തുന്നതിനെതിരെയും വ്യാപകമായ പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. ദേവര്‍കോവില്‍ വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മാണ ഫണ്ട് ശേഖരണത്തിലും അഴിമതി ആരോപണങ്ങളുണ്ട്.
രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ചടക്ക നടപടിയുടെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ കേസുകളുടെ പേരില്‍ പാര്‍ട്ടിയെ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും, മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ പാര്‍ട്ടിക്കും ഭാരവാഹികള്‍ക്കും യാതൊരു ഉത്തരവാദിത്വം ഇല്ലെന്നും പ്രസിഡന്റ് മുഹമ്മദ് കുട്ടി ചാലക്കുടി, വര്‍ക്കിംഗ് പ്രസിഡണ്ട് സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ എന്നിവര്‍ പറഞ്ഞു.

 

Latest News