ന്യൂദല്‍ഹി- പരമ്പരാഗത-കൈത്തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കായുള്ള കേന്ദ്രപദ്ധതിയായ പി.എം വിശ്വകര്‍മ്മ പദ്ധതിക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ. 13000 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ചൊവ്വാഴ്ച നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ഈ പദ്ധതി പ്രഖ്യാപിച്ചത്. പരമ്പരാഗത തൊഴിലുകള്‍ ചെയ്യുന്നവരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.
രാജ്യത്തെ 30 ലക്ഷം കരകൗശല തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 13,000 കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിയിലൂടെ പരമ്പരാഗത തൊഴിലാളികള്‍ക്ക് 2 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. മണ്‍പാത്ര നിര്‍മാണം, തയ്യല്‍, ബോട്ട് നിര്‍മാണം തുടങ്ങിയ പരമ്പരാഗത തൊഴില്‍ മേഖലകള്‍ ശക്തിപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്-കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു.






