ഇടുക്കി ഹര്‍ത്താല്‍ ഭാഗികം; ജനം വലഞ്ഞു

ഇടുക്കി- വിവിധ ഭൂപ്രശ്നങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ ഭാഗികമായിരുന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയില്ല. ഇരുചക്ര- നാല് ചക്ര വാഹനങ്ങള്‍ ധാരാളമായി നിരത്തിലെത്തി. ഓട്ടോറിക്ഷ- ടാക്സി വാഹനങ്ങള്‍ പലയിടത്തും സര്‍വീസ് നടത്തിയില്ല.
പലയിടത്തും വാഹനം കിട്ടാതെ സാധാരണക്കാര്‍ വലഞ്ഞു. മൂന്നാറിലും തൊടുപുഴയിലും കടകള്‍ അടപ്പിക്കുന്നതിനെ ചൊല്ലി വാക്കേറ്റവും സംഘര്‍ഷാവസ്ഥയുമുണ്ടായി. തമിഴ്‌നാട്ടില്‍ നിന്നുള്ള ബസുകള്‍ അതിര്‍ത്തിവരെ മാത്രമാണ് സര്‍വീസ് നടത്തിയത്. ടൂറിസം മേഖലയെയും ഹര്‍ത്താല്‍ കാര്യമായി ബാധിച്ചു. തോട്ട മേഖലയിലും ഹര്‍ത്താല്‍ ഭാഗികമായ പ്രതികരണമാണ് ഉണ്ടാക്കിയത്.
കട്ടപ്പനയില്‍ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ തുറന്ന കടകള്‍ ഹര്‍ത്താലനുകൂലികള്‍ ബലമായി അടപ്പിച്ചത് സംഘര്‍ഷമുണ്ടാക്കി. ഷട്ടറുകള്‍ വലിച്ചുതാഴ്ത്തുകയും വ്യാപാരികളെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പോലീസ് എത്തിയതോടെയാണ് ഇവര്‍ പിന്‍വാങ്ങിയത്.
ഏലപ്പാറ ടൗണില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്തുടര്‍ന്ന് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. പീരുമേട് സ്വദേശി ബിനീഷ്‌കുമാറിന്(38) പരിക്കേറ്റു. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ടാലറിയുന്ന 12 പേരുടെ പേരിലാണ് കേസ്.

 

 

Latest News