ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയ പ്രസംഗമാക്കി മാറ്റിയെന്ന ആരോപണം ശക്തമാണ്. എന്നാലതിന് കാരണങ്ങളുണ്ട്. 2024 പൊതുതെരഞ്ഞെടുപ്പ് വിജയിക്കുമോ, താൻ തന്നെ പ്രധാനമന്ത്രിയാകുമോ എന്നീ കാര്യങ്ങളിൽ മോഡിക്ക് ആശങ്കയുണ്ടെന്ന് ചില നിരീക്ഷകർ പറയുന്നു. പൊതുപ്രസംഗങ്ങളിൽ ജനങ്ങളെ തൃപ്തിപ്പെടുത്തുക എന്നതാണ് മോഡി എപ്പോഴും ലക്ഷ്യം വെക്കുന്നത്. അതിനപ്പുറം അവയെ വിലയിരുത്തേണ്ടതില്ല.
പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കെ, ഇത്തവണ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ ചെങ്കോട്ട പ്രസംഗം ഏറെ വിശകലനങ്ങൾക്ക് വിധേയമായി. പതിവിന് വിപരീതമായി ഒരു തരം അരക്ഷിതാവസ്ഥ അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിച്ചതായി പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ആത്മവിശ്വാസം സ്ഫുരിക്കുന്നതാണ് തന്റെ വാക്കുകളെന്ന് ബോധ്യപ്പെടുത്താൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചെങ്കിലും പലപ്പോഴും അതിൽ ദയനീയമായി പരാജയപ്പെട്ടു. തുടർച്ചയായുണ്ടായ നാവുപിഴകളും അബദ്ധങ്ങളും അസ്വീകാര്യങ്ങളായ പൊങ്ങച്ച പ്രയോഗങ്ങളും ഈ ആത്മവിശ്വാസക്കുറവിൽനിന്ന് ഉടലെടുത്തതാണെന്നാണ് ഒരു നിരീക്ഷണം. ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗം അതിനാൽ തന്നെ ദേശീയ മാധ്യമങ്ങളും ഗവേഷകരും തലനാരിഴ കീറി പരിശോധിക്കുന്നുണ്ട്.
മോഡിയുടെ ആത്മവിശ്വാസക്കുറവിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമോ എന്ന സംശയം. രണ്ട്, വിജയിച്ചാൽ തന്നെ താൻ തന്നെയായിരിക്കുമോ പ്രധാനമന്ത്രി എന്ന സംശയം. ഈ രണ്ട് സംശയങ്ങളും ഉടലെടുക്കാൻ ഇടയാക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ നിലനിൽക്കുന്നു എന്നതും ശരിയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഭരണ പരാജയം പതുക്കെ ജനങ്ങളിലേക്കെത്തിത്തുടങ്ങിയിരിക്കുന്നു എന്ന് ബി.ജെ.പി തന്നെ വിലയിരുത്തുന്നുണ്ട്. ജനങ്ങളെ ധ്രുവീകരിച്ചും പല തട്ടുകളിലായി വിഭജിച്ചുമാണ് ഭരണത്തിന്റെ പ്രശ്‌നങ്ങൾ പാർട്ടി മൂടിവെച്ചിരുന്നത്. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രക്ക് ലഭിച്ച വലിയ സ്വീകാര്യത സിവിൽ സമൂഹത്തിൽ മോഡി സർക്കാരിനെതിരായ അപ്രീതി വെളിവാക്കുന്നതായിരുന്നു. ഇത് ഏറ്റവുമാദ്യം തിരിച്ചറിഞ്ഞതും ബി.ജെ.പിയും ആർ.എസ്.എസും തന്നെയാണ്. രാഹുൽ ഗാന്ധിക്കെതിരായ നീക്കങ്ങൾ ശക്തിപ്പെടുത്താൻ അവർ തുനിഞ്ഞിറങ്ങിയതും അതിനാലാണ്.
ബി.ജെ.പിക്കെതിരെ രൂപീകരണ ദശയിലുള്ള പ്രതിപക്ഷ സഖ്യമാണ് അവരെ അലോസരപ്പെടുത്തുന്ന മറ്റൊരു ഘടകം. ബിഹാറിൽ നിതീഷ് കുമാർ വിട്ടുപോയതും പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനുള്ള ശ്രമം വിജയത്തിലേക്കടുക്കുന്നതും ആശങ്കയോടെയാണ് ബി.ജെ.പി കാണുന്നത്. കണക്കുകളെ കവച്ചുവെക്കാൻ കഴിയുന്ന ജനകീയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ 2024 അവർക്ക് വലിയ വെല്ലുവിളിയാകും. അതിനാൽ തന്നെ ധ്രുവീകരണ നീക്കങ്ങൾ പരമാവധി ശക്തിപ്പെടാനാണ് സാധ്യത.
വിജയിച്ചാൽ തന്നെ ആരായിരിക്കും പ്രധാനമന്ത്രി എന്ന ചർച്ച സമൂഹത്തിൽ ആരംഭിച്ചതും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. രണ്ടാമൂഴം പിന്നിടുന്ന മോഡി തുടരുമോ, അമിത് ഷായോ യോഗിയോ വരുമോ എന്നൊക്കെ ചർച്ചകൾ പടർന്നതിൽ ബി.ജെ.പിയും മോഡി തന്നെയും അസ്വസ്ഥരാണ്. ഈ ചോദ്യങ്ങൾക്ക് അസന്ദിഗ്ധമായി മറുപടി പറയാൻ അമിത് ഷായും മോഡിയും സാധ്യമാകുന്ന എല്ലാ വേദികളും ഉപയോഗിക്കുന്നുണ്ട്. മോഡിയുടെ നേതൃത്വത്തിലാകും അടുത്ത സർക്കാർ എന്ന് അവിശ്വാസ പ്രമേയ ചർച്ചയിൽ അമിത് ഷാ ആവർത്തിച്ച് പറയുകയുണ്ടായി. മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി തന്നെ ഇത് എടുത്തുപറഞ്ഞു. 2028 ലെ അവിശ്വാസ ചർച്ചക്കും താൻ തന്നെ മറുപടി പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രയോഗം.
ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഈ രണ്ട് വസ്തുതകളിലൂന്നിയാണ് പ്രധാനമന്ത്രി പ്രസംഗിച്ചതെന്ന് വരികൾക്കിടയിലൂടെ വായിക്കാനാകുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗം ലക്ഷണമൊത്ത രാഷ്ട്രീയ പ്രസംഗം മാത്രമായി ഒതുങ്ങിയതും അതുകൊണ്ടാണ്. അല്ലെങ്കിലും വലിയ വലിയ കാര്യങ്ങളൊന്നും മോഡി തന്റെ പ്രസംഗത്തിൽ പറയാറില്ല. ജനങ്ങളെ ആവേശഭരിതരാക്കാനുള്ള ചെപ്പടിവിദ്യകൾ ധാരാളം അടങ്ങിയ, പോപ്പുലാർ പ്രസംഗങ്ങളാണ് മോഡിയുടെ മുഖമുദ്ര. വാസ്തവത്തിൽ ഈ മോഡിശൈലി തന്നെയാണ് അദ്ദേഹത്തെ അധികാരത്തിലേറ്റാൻ സഹായിച്ച ഘടകങ്ങളിൽ ഒന്ന്.
പ്രസംഗങ്ങളിൽ ഉയർത്തിക്കാട്ടുന്ന വിഷയം മാത്രമല്ല, പ്രസംഗ ശൈലിയും മോഡിയെ സംബന്ധിച്ച് പ്രധാനമാണ്. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹം കോൺഗ്രസുകാരെ രാഷ്ട്രീയമായും വ്യക്തിപരമായും ആക്രോശങ്ങളും പരിഹാസങ്ങളും ഉപയോഗിച്ച് ആക്രമിച്ചു. മൻമോഹൻ സിംഗിന്റെ നിഷ്‌ക്രിയത്വത്തെ അദ്ദേഹം 'മൗൻ (നിശ്ശബ്ദനായ) മോഹൻ സിംഗ്' എന്ന് കളിയാക്കി. കേന്ദ്രത്തിനെതിരെ ഗുജറാത്തിന്റെ സംരക്ഷകനായി അദ്ദേഹം സ്വയം അവതരിച്ചു. കോൺഗ്രസിന്റെ അത്യാഗ്രഹത്തിൽനിന്ന് സംരക്ഷിച്ച് സംസ്ഥാനത്തിന്റെ ഖജനാവിന്റെ 'ചൗക്കിദാർ' താനാണെന്ന് അവകാശപ്പെട്ടു. 'നേരത്തെ, ഈ പണം ചിലർ വിഴുങ്ങുമായിരുന്നു. എനിക്ക് കുടുംബവും പ്രിയപ്പെട്ടവരുമില്ല. ആറ് കോടി ഗുജറാത്തികളാണ് എന്റെ കുടുംബം, അവരുടെ സന്തോഷമാണ് എന്റെ സന്തോഷം'... അങ്ങനെ പോകുന്നു മോഡിയുടെ വാക്കുകൾ.
അതേ രീതിയിൽ, നെഹ്റു കുടുംബത്തെ ഗുജറാത്തി വിരുദ്ധരായി മുദ്ര കുത്താനും തന്റെ പ്രസംഗങ്ങളിൽ അദ്ദേഹം മടിച്ചില്ല. 2012 ൽ അദ്ദേഹം പ്രഖ്യാപിച്ചു: 'ചരിത്രപരമായി നെഹ്റു കുടുംബത്തിന് ഒരു ഗുജറാത്തി നേതാവിനെയും ഇഷ്ടമല്ല. സർദാർ വല്ലഭായ് പട്ടേലിനോട് അവർ മോശമായി പെരുമാറി. അവർ മൊറാർജി ദേശായിയോട് മോശമായി പെരുമാറി. ഇപ്പോൾ അവർ ലക്ഷ്യമിടുന്നത് എന്നെയാണ്.' അതേസമയം, നെഹ്റു കുടുംബത്തിൽനിന്ന് വ്യത്യസ്തമായി മോഡി സ്വയം ഒരു ആം ആദ്മിയായി, ഒരു സാധാരണക്കാരനായി സ്വയം അവതരിപ്പിച്ചു. 2014 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായ ശേഷം, മുൻ ചായ്വാല (ടീബോയ്) എന്ന തന്റെ പശ്ചാത്തലം ഊന്നിപ്പറഞ്ഞ് അദ്ദേഹം ഈ വിഷയം വിശദീകരിച്ചു.
പ്രധാനമന്ത്രിയെന്ന നിലയിൽ, നരേന്ദ്ര മോഡിയുടെ പ്രഭാഷണം സ്വാഭാവികമായും ദേശീയ സ്വഭാവമുള്ളതായി മാറി. എങ്കിലും അതിന്റെ അടിസ്ഥാന ഘടനയിൽ മാറ്റമുണ്ടായിട്ടില്ല. പ്രസംഗങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും അവയുടെ ഡാറ്റ പരിശോധന നടത്തുകയും ചെയ്യുമ്പോൾ ഇക്കാര്യം വളരെ വ്യക്തമാണെന്ന് ഗവേഷകർ പറയുന്നു. മോഡിയുടെ പ്രസംഗത്തെ വിശകലനം ചെയ്യുകയും സവിശേഷതകൾ പഠന വിധേയമാക്കുകയും ചെയ്യുന്ന നിരവധി പ്രബന്ധങ്ങൾ ഇന്ന് ലഭ്യമാണ്. അവയിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യൻ ദേശീയത രാഷ്ട്രീയത്തെക്കുറിച്ച് ഏറെ അവഗാഹമുള്ള ക്രിസ്റ്റോഫ് ജെഫ്‌റലോട്ടിന്റേത്. അതിലെ ചില നിരീക്ഷണങ്ങൾ ഏറെ കൗതുകകരമാണ്.
മുഖ്യമന്ത്രി എന്ന നിലയിൽ മോഡി ഉപയോഗിച്ച പ്രധാനപ്പെട്ട മൂന്ന് വാക്കുകൾ 'മാന്യൻ', 'സ്ത്രീ', 'സുഹൃത്ത്' എന്നിങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ 2013-14 തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളിൽ അമിതമായി പ്രതിനിധീകരിച്ച മൂന്ന് വാക്കുകൾ 'സുഹൃത്ത്', 'കോൺഗ്രസ്', 'ബി.ജെ.പി' എന്നിവയായിരുന്നു. അവസാനമായി, പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ കൂടുതലായി ഉപയോഗിച്ച മൂന്ന് വാക്കുകൾ 'നമ്മുടെ', 'സഹകരണം', 'ഇന്ത്യ' എന്നിവയായിരുന്നു. മോഡിയുടെ രണ്ട് മുൻഗാമികളുടെ പദാവലികളുമായി താരതമ്യപ്പെടുത്തിയാണ് ക്രിസ്‌റ്റോഫിന്റെ പഠനം.
മോഡിയുടെ പ്രസംഗങ്ങളിൽ ചെങ്കോട്ടയിൽ നടത്തിയവ പ്രത്യേകമായി പഠനവിധേയമാക്കിയിട്ടുണ്ട്. മോഡിയുടെയും അദ്ദേഹത്തിന്റെ രണ്ട് മുൻഗാമികളായ മൻമോഹൻ സിംഗിന്റെയും അടൽ ബിഹാരി വാജ്പേയിയുടെയും സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിൽനിന്ന് ലഭിക്കുന്നത് രാജ്യത്തിന്റെ ഐക്യം ഒരു പൊതുവിഷയമായി മൂവരും ഉപയോഗപ്പെടുത്തുന്നുവെന്ന് കാണാം. വാക്കുകളുടെ കംപ്യൂട്ടർ സഹായത്തോടെയുള്ള വർഗീകരണം പരമാധികാരത്തിന്റെയും സാമ്പത്തിക വികസനത്തിന്റെയും ആശയങ്ങളെ ചുറ്റിപ്പറ്റിയുള്ള രണ്ട് പ്രധാന പ്രമേയങ്ങൾ രൂപപ്പെടുത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓഗസ്റ്റ് 15 ലെ പ്രസംഗങ്ങൾ, എപ്പോഴും പ്രകടനാത്മകമായിരിക്കുമെന്നും ക്രിസ്‌റ്റോഫ് കൂട്ടിച്ചേർക്കുന്നുണ്ട്. മൻമോഹൻ സിംഗിന്റെയും വാജ്പേയിയുടെയും സ്വാതന്ത്ര്യദിന പ്രസംഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മോഡി കൂടുതലായി ഉപയോഗിച്ച മൂന്ന് വാക്കുകൾ 'സഹോദരി', 'സഹോദരൻ', 'സംഘം' എന്നിവയാണ്. ഇന്ത്യയിലെ പൗരന്മാരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തെ ഈ വാക്കുകൾ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തും ഈ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്. 10 വർഷത്തിനിടെ മൻമോഹൻ സിംഗ് തന്റെ ചെങ്കോട്ട പ്രസംഗങ്ങളിൽ കൂടുതൽ ഉപയോഗിച്ച മൂന്ന് വാക്കുകൾ 'നമ്മുടെ', 'വളർച്ച', വിദ്യാഭ്യാസം എന്നിവയാണെന്നതിൽനിന്ന് വ്യത്യാസം മനസ്സിലാക്കാം.
മോഡിയുടെ വാചാടോപത്തിന്റെ സാങ്കേതികത പോപ്പുലിറസത്തിൽ അന്തർലീനമാണ്. 'സഹോദരി', 'സഹോദരൻ' തുടങ്ങിയ വാക്കുകൾ സൂചിപ്പിക്കുന്നത് മോഡി ഇഷ്ടപ്പെടുന്ന ഇത്തരത്തിലുള്ള വ്യവഹാരത്തിന്റെ വകഭേദം കുടുംബാധിഷ്ഠിതമാണെന്നാണ്. ഇത്തവണത്തെ പ്രസംഗത്തിൽ ദേശ് വാസിയോം എന്ന പ്രയോഗത്തിന് പകരം പരിവാർ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചതും ശ്രദ്ധേയമാണ്. ഈ സമീപനം ഹിന്ദു ദേശീയ ചിന്താഗതിക്കാർക്കിടയിൽ നിലനിൽക്കുന്ന സമൂഹത്തിന്റെ ജൈവിക വീക്ഷണവുമായി പൊരുത്തപ്പെടുന്നതാണ്.
1970 കളുടെ തുടക്കത്തിൽ ഇന്ദിരാഗാന്ധിയുടെ ജനപ്രീതിയാർജിച്ച ശൈലിയിൽനിന്ന് കാര്യമായി വ്യത്യാസമില്ലാത്ത രീതിയിലാണ് മോഡി തന്റെ വാഗ്മിത രൂപപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസിൽ അദ്ദേഹം മാതൃകയായി കാണുന്നതും ഇന്ദിരാഗാന്ധിയെയാണെന്നത് ഇതിനോട് കൂട്ടിവായിക്കണം. തന്റെ രക്ഷകാവതാര പ്രതിഛായ ജ്വലിപ്പിച്ചുനിർത്താനും ജനങ്ങളുടെ വീരാരാധന മനോഭാവം പരമാവധി പ്രയോജനപ്പെടുത്താനുമാണ് ദീർഘമായ പ്രസംഗങ്ങളിൽ എപ്പോഴും മോഡി ശ്രമിക്കുന്നത്. അതിനാൽ തന്നെ, ചെങ്കോട്ടയിലെ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രസംഗവും പാർലമെന്റിലെ അവിശ്വാസ പ്രമേയ പ്രസംഗവും പ്രധാനമന്ത്രിയുടെ നിലവാരത്തിനൊത്തതായില്ല എന്ന് പരിതപിക്കുന്നതിൽ കാര്യമില്ല.






