ഭരണഘടന നിയമ നിർമാണ സഭകൾക്ക് നൽകിയിട്ടുളള നിയമ നിർമാണത്തിനുളള പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ബഹുരാഷ്ട്ര കുത്തകകൾ ഇന്ത്യൻ ജനാധിപത്യത്തിൽ സ്വാധീന ശക്തികളായി മാറിയിരിക്കുന്നതിന്റെ തെളിവാണ് നിയമസഭ പാസാക്കിയ ബില്ലിന്റെ ദുരവസ്ഥ എന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സംസ്ഥാന ഗവൺമെന്റിന് നിയമം നിർമിച്ച് ഗവർണറുടെ അംഗീകാരത്തോടെ നടപ്പിലാക്കാൻ കഴിയുമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ നടന്ന ജനകീയ സമരങ്ങളിൽ ആഗോള ശ്രദ്ധ നേടിയ ഒന്നായിരുന്നല്ലോ പ്ലാച്ചിമട പോരാട്ടം. ലോക കോർപറേറ്റുകളിൽ പ്രധാനിയായ ഒരു കമ്പനിക്കെതിരായിരുന്നു പോരാട്ടം എന്നതു മാത്രമല്ല ഈ സമരത്തെ ശ്രദ്ധേയമാക്കിയത്. വ്യവസ്ഥാപിത പ്രസ്ഥാനങ്ങളൊന്നും ആദ്യഘട്ടത്തിൽ പിന്തുണയ്ക്കാതിരുന്നിട്ടും പ്രധാനമായും പാവപ്പെട്ട ആദിവാസി - ദളിത് വിഭാഗങ്ങളായിരുന്നു സമരത്തെ നയിച്ചത്. ഒപ്പം ഭൂഗർഭ ജലമടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ അവകാശം ആർക്കെന്ന ചോദ്യവും പ്ലാച്ചിമട ഉന്നയിച്ചു. ശിവഗംഗ, ഈറോഡ്, മെഹ്ദിഗഞ്ച്, പുനെ, കാലെധാരെ തുടങ്ങി രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ കോളക്കെതിരായ സമരങ്ങൾക്ക് പ്ലാച്ചിമട സമരം പ്രചോദനമായി. ശിവഗംഗയിലെ പ്ലാന്റ് പിന്നീട് പൂട്ടുകയും ചെയ്തു. ആഗോള കുത്തകയെ മുട്ടുകുത്തിക്കുന്നതിൽ ഒരു പരിധി വരെ പ്ലാച്ചിമടക്കാർ വിജയിച്ചു. കമ്പനി പൂട്ടി. എന്നാൽ കമ്പനിയുടെ പ്രവർത്തനം മൂലം ഇന്നും ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ഇനിയും നടപ്പാക്കപ്പെട്ടിട്ടില്ല. അതുമായി ബന്ധപ്പെട്ട നിയമസഭയുടെ തീരുമാനത്തിനു പോലും ഒരു വിലയുമില്ലാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഒരു വർഷം തികഞ്ഞ പ്ലാച്ചിമട രണ്ടാംഘട്ട സമരം ശ്രദ്ധേയമാകുന്നത്.
സമര വാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം പ്ലാച്ചിമടയിൽ നടന്ന രണ്ടാംഘട്ട ജനകീയ സമര പോരാട്ടങ്ങളുടെ സമര സംഗമം ശ്രദ്ധേയമായിരുന്നു. പ്ലാച്ചിമടയിൽ സമരം ചെയ്തുകൊണ്ടിരിക്കുന്ന ആദിവാസികൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് സമര സമിതി ഉയർത്തുന്ന ചോദ്യങ്ങൾക്ക് സുപ്രീം കോടതിയിൽ കേസ് നടക്കുകയാണെന്ന മന്ത്രി കൃഷ്ണൻ കുട്ടിയുടെ വാദം അസത്യമാണെന്ന് സമര സമിതി ആരോപിച്ചു. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ട്രിബ്യൂണൽ ബില്ലിന്റെ കാര്യത്തിൽ. അടിയന്തരമായി തീരുമാനം ഉണ്ടാക്കാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി രംഗത്ത് വരുമെന്നു സമര സമിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകി. ബിൽ വീണ്ടും നിയമസഭ പാസാക്കി കേന്ദ്രത്തിനയക്കണം. കമ്പനിയുടെ സ്വത്തുക്കൾ സർക്കാരിന് കൈമാറി അവിടെ കാർഷിക പദ്ധതികൾ ആരംഭിക്കുവാനുള്ള പ്രവർത്തനങ്ങൾ കമ്പനിയെ രക്ഷിക്കാനുള്ള സർക്കാരിന്റെ അടവുനയമാണെന്നും യോഗം കുറ്റപ്പെടുത്തി.
രണ്ടു പതിറ്റാണ്ടു കാലം പെരുമാട്ടി പഞ്ചായത്തിലെ കർഷകരും ആദിവാസി സമുദായാംഗങ്ങളും പൊതുജനങ്ങളും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാമൂഹ്യ പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് നേടിയെടുത്ത, കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ് പ്ലാച്ചിമട ട്രിബ്യൂണൽ ബിൽ. നിയമസഭ 12 വർഷം മുമ്പാണ് ആ ബിൽ പാസാക്കിയത്. അതിപ്പോഴും നിയമമായി മാറാത്തത് നിയമസഭയുടെ നിയമല നിർമാണ അവകാശത്തിൽ കേന്ദ്ര ഗവ. നടത്തിയ കൈയേറ്റമാണ്. അത് തിരിച്ചറിഞ്ഞ് നിയമ നിർമാണാവകാശം ഉയർത്തിപ്പിടിച്ച് നിയമസഭയുടെ അന്തസ്സ് സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകേണ്ടതാണ്. എന്നാലതുണ്ടാകുന്നില്ല. ഒരു ഗ്രാമത്തെ മലിനമാക്കിയ, കുടിവെള്ളവും വായുവും കൃഷിയും നശിപ്പിച്ച ബഹുരാഷ്ട്ര ഭീമനിൽ നിന്നു നഷ്ടപരിഹാരം ലഭിച്ചാൽ മാത്രമേ പ്ലാച്ചിമട സമരം പൂർണമായി വിജയിച്ചു എന്നു പറയാനാകൂ. എന്നാൽ കേരള സർക്കാരും രാഷ്ട്രീയ പാർട്ടികളും കുറ്റകരമായ മൗനം തുടരുകയാണ്.
കമ്പനി വരുത്തിവെച്ച പാരിസ്ഥിതിക നാശങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്ന ശക്തമായ ആവശ്യമുയർന്നതിനെ തുടർന്ന് 2009 ൽ കേരള സർക്കാർ നിയോഗിച്ച ഉന്നതാധികാര സമിതി പ്ലാച്ചിമടയിൽ തെളിവെടുപ്പ് നടത്തുകയും പ്രദേശവാസികൾക്ക് 216 കോടി രൂപയുടെ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും ഈടാക്കാവുന്നതാണെന്ന് ശുപാർശ ചെയ്യകയും ചെയ്തു. പാരിസ്ഥിതികമായ നശീകരണം, മണ്ണിന്റെ ശിഥിലീകരണം, ജലമലിനീകരണം, കാർഷിക ഉൽപാദനത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ, തുടർന്നുണ്ടായ സാമൂഹ്യപ്രശ്നങ്ങൾ, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ സമിതി വസ്തുനിഷ്ഠമായി വിലയിരുത്തിയിരുന്നു. കമ്പനിയുടെ പ്രവർത്തനം മൂലം ഭൂഗർഭ ജലവിതാനത്തിൽ വലിയ കുറവുണ്ടായി, നിലവിലെ നിയമ വ്യവസ്ഥകൾ ലംഘിച്ച് കമ്പനി പ്രവർത്തിച്ചു, ജലസ്രോതസ്സുകളെ ദോഷകരമായി ബാധിച്ചു, മണ്ണിനെ കൃഷിയോഗ്യമല്ലാതാക്കി, കാർഷിക ഉൽപാദനം ഗണ്യമായി കുറച്ചു, ക്ഷീരകർഷകർക്കും കോഴി വളർത്തുന്നവർക്കും ഭീമമായ നഷ്ടമുണ്ടായി, പൊതുജനാരോഗ്യത്തെ ദോഷകരമായി ബാധിച്ചു, ജനിക്കുന്ന കുട്ടികൾക്ക് ഭാരക്കുറവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായി, കുടിവെളളത്തിനായി സ്ത്രീകൾ കിലോമീറ്ററോളം നടക്കേണ്ട തരത്തിൽ ജലലഭ്യത കുറഞ്ഞു, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി തുടങ്ങിയവ തെളിവു സഹിതം നിരത്തിയാണ് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചത്.
ഭരണഘടന നിയമ നിർമാണ സഭകൾക്ക് നൽകിയിട്ടുളള നിയമ നിർമാണത്തിനുളള പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ ബഹുരാഷ്ട്ര കുത്തകകൾ ഇന്ത്യൻ ജനാധിപത്യത്തിൽ സ്വാധീന ശക്തികളായി മാറിയിരിക്കുന്നതിന്റെ തെളിവാണ് നിയമസഭ പാസാക്കിയ ബില്ലിന്റെ ദുരവസ്ഥ എന്നും സമ്മേളനം ചൂണ്ടിക്കാട്ടി. ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി സംസ്ഥാന ഗവൺമെന്റിന് നിയമം നിർമിച്ച് ഗവർണറുടെ അംഗീകാരത്തോടെ നടപ്പിലാക്കാൻ കഴിയുമെന്ന് പല വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. എന്നാലതിനും സർക്കാർ തയാറാവുന്നില്ല. കേന്ദ്രം അനുവദിച്ചില്ലെങ്കിൽ തന്നെയും വിദഗ്ധ സമിതിയുടെ നിർദേശപ്രകാരമുള്ള 216.26 കോടി രൂപയുടെ നഷ്ടപരിഹാരം പ്ലാച്ചിമടക്കാർക്ക് നൽകാൻ സംസ്ഥാന സർക്കാരിനു കഴിയും. എന്നാലതും ചെയ്യുന്നില്ല. ഈ സാഹചര്യത്തിലാണ് ഒരു വർഷമായി കമ്പനിപ്പടിക്കൽ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സമരം നടത്തുന്നത്. എന്നിട്ടും അതിനു നേരെ കണ്ണടക്കുന്ന സമീപനം ഒരു ജനകീയ സർക്കാരിനു ഭൂഷണമാണോ എന്നാണ് പരിശോധിക്കേണ്ടത്.