നൂഹില്‍ ഹിന്ദുക്കളുടെ കെട്ടിടങ്ങളും പൊളിച്ചെന്ന് ഹരിയാന സര്‍ക്കാര്‍

ഗുരുഗ്രാം- ഹരിയാനയിലെ നൂഹ് ജില്ലയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്ന നടപടി മുസ്‌ലിംകളെ മാത്രമല്ല ഹിന്ദുക്കളേയും ബാധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ആകെ 354 കെട്ടിടങ്ങളാണ് പൊളിച്ചത്. അതില്‍ 71 ഹിന്ദുക്കളും 283 മുസ് ലിംകളുമുണ്ടെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ നൂഹ് ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖഡ്ഗത അറിയിച്ചു.
ജൂലൈ 31ന് ജില്ലയില്‍ നടന്ന വര്‍ഗീയ കലാപത്തെ തുടര്‍ന്നുണ്ടായ അനധികൃത പൊളിക്കല്‍ നീക്കത്തിനെതിരെ  സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലായിരുന്നു കോടതിയുടെ നോട്ടീസ്. 2011 ലെ സെന്‍സസ് വ്യക്തമാക്കുന്നത് നൂഹ് മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന ജില്ലയാണെന്നാണ്. അതിനാലാണ് കൂടുതല്‍ മുസ് ലിംകള്‍ ഉണ്ടായതെന്നും മറുപടിയില്‍ പറഞ്ഞു.
നൂഹിലെ പുന്‍ഹാന തഹ്‌സില്‍ ജനസംഖ്യയുടെ 87 ശതമാനവും ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ 85 ശതമാനവും മുസ്‌ലിംകളാണെന്നും മറുപടിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ രവിശങ്കര്‍ ഝാ, അരുണ്‍ പള്ളി എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.  
കെട്ടിടം പൊളിക്കല്‍ ചോദ്യം ചെയ്തുകൊണ്ട്, ഈ ആഴ്ച ആദ്യം ഹൈക്കോടതി ഒരു പ്രത്യേക സമുദായത്തിന്റെ സ്വത്തുക്കള്‍ ക്രമസമാധാന പ്രശ്‌നത്തിന്റെ മറവില്‍ ലക്ഷ്യമിട്ടിരുന്നോ എന്നും വംശീയ ഉന്മൂലനം നടത്തുന്നുണ്ടോ എന്നും ചോദിച്ചിരുന്നു.
കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മുമ്പ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ കൂട്ടിച്ചേര്‍ത്തു. നടപടിക്രമങ്ങള്‍ പാലിക്കാതെ ഒരു പൊളിക്കലും നടത്തിയിട്ടില്ല. കയ്യേറ്റങ്ങള്‍/അനധികൃത നിര്‍മാണങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ ഒരിക്കലും പോലീസ് ജാതിയോ മതമോ നോക്കിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
കൈയേറ്റങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ശേഖരിക്കുമ്പോള്‍ ജാതി, മതം എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു വിവരവും ശേഖരിച്ചിട്ടില്ലെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ നിശാന്ത് കുമാര്‍ യാദവും അറിയിച്ചു. എല്ലാ കയ്യേറ്റക്കാരെയും ഒരേ രീതിയിലാണ് കൈകാര്യം ചെയ്തത്.
'സര്‍ക്കാര്‍/പഞ്ചായത്തുകള്‍/തദ്ദേശ സ്ഥാപനങ്ങളുടെ ഭൂമിയില്‍ സ്ഥിരം/താത്കാലിക നിര്‍മാണങ്ങള്‍ നടത്തിയ അനധികൃത കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കാനോ നീക്കം ചെയ്യാനോ സംസ്ഥാന സര്‍ക്കാരുകളോടും തദ്ദേശസ്ഥാപനങ്ങളോടും സുപ്രീം കോടതിയും ഹൈക്കോടതിയും നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പതിവ് നടപടികളാണ് ചോദ്യം ചെയ്യപ്പെട്ടത്.  'ഇത് വംശീയ ഉന്മൂലനമാണെന്ന് വിദൂരമായി പോലും പറയാന്‍ കഴിയില്ലെന്നും എന്ന മറുപടിയില്‍ സര്‍ക്കാര്‍ പറഞ്ഞതായി അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ദീപക് സബര്‍വാള്‍ കോടതിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Latest News