Sorry, you need to enable JavaScript to visit this website.

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന ബില്ലിന് ജര്‍മന്‍ സര്‍ക്കാറിന്റെ അംഗീകാരം

ബെര്‍ലിന്‍- കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്ന ബില്ലിന് ജര്‍മനിയില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. വ്യക്തിഗത ആവശ്യത്തിന് പ്രായപൂര്‍ത്തിയായവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് നിയമവിധേയമാക്കുന്നതിനുള്ള ബില്ലിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. ബില്‍ പാര്‍ലമെന്റില്‍ പാസ്സായിട്ടില്ല. 

കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കാന്‍ ശ്രമം നടത്തുന്ന രണ്ടാമത്തെ രാജ്യമാണ് ജര്‍മനി. നേരത്തെ മാള്‍ട്ട ഇത്തരത്തില്‍ നീക്കം നടത്തിയിരുന്നു. 

നിയമത്തിന് അംഗീകാരം നല്‍കുന്നതോടെ വ്യക്തിപരായും വാണിജ്യേതരമായും പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വകാര്യ ആവശ്യത്തിനോ കമ്യൂണിറ്റി ആവശ്യത്തിനോ കഞ്ചാവ് കൃഷി നടത്താനാവും. 

ബില്ല് പ്രകാരം പ്രായപൂര്‍ത്തിയായവര്‍ക്ക് 25 ഗ്രാം കഞ്ചാവ് കൈവശം വെക്കാനും മൂന്ന് ചെടികള്‍ നട്ടുവളര്‍ത്താനും കഞ്ചാവ് ശേഖരിക്കാനും ലാഭരഹിതമായ കഞ്ചാവ് ക്ലബ്ബുകളില്‍ പ്രവര്‍ത്തിക്കാനും സാധിക്കും. 

ജര്‍മനിയിലെ ലഹരി നിയമത്തില്‍ സുപ്രധാന വഴിത്തിരിവാകും പുതിയ നിയമമെന്നാണ് ജര്‍മന്‍ ആരോഗ്യമന്ത്രി കാള്‍ ലോറ്റര്‍ബച് പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്തവരെ എങ്ങനെ സംരക്ഷിക്കാമെന്നതാണ് എല്ലാ നിയമ നിര്‍മാണത്തിന്റേയും പ്രധാന ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. 

വാണിജ്യ സ്‌റ്റോറുകള്‍ വഴി കഞ്ചാവ് വിതരണം ചെയ്യാനുള്ള പദ്ധതി കഴിഞ്ഞ വര്‍ഷം ലോറ്റര്‍ബച് അവതരിപ്പിച്ചിരുന്നെങ്കിലും യൂറോപ്യന്‍ കമീഷന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കാന്‍ സാധിച്ചില്ല.

Latest News