തൃശൂര്‍ - കൂര്‍ക്കഞ്ചേരിക്ക് സമീപം കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞ് 41 പേര്‍ക്കു പരിക്കേറ്റു . ഒരാളുടെ നില ഗുരുതരം. തൃപ്രയാറില്‍നിന്ന് തൃശൂരിലേക്കു വരികയായിരുന്ന ക്രൈസ്റ്റ് എന്ന ബസാണ് മറിഞ്ഞത്. ഇന്നലെ രാവിലെ 8.25ഓടെയാണ് അപകടം. ബസില്‍ അമ്പതോളം പേര്‍ ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാരും മറ്റു വാഹനയാത്രികരും ചേര്‍ന്ന് കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു ബസില്‍ കൂടുതലും. വിവിധ സ്ഥലങ്ങളിലേക്കു ജോലിക്കുപോകുന്ന സ്ത്രീകളടക്കമുള്ള യാത്രികരും ഉണ്ടായിരുന്നു.
ഇതില്‍ വെങ്ങിണിശേരി സ്വദേശി ചെന്ദമംഗലത്ത് വിജയലക്ഷ്മിയുടെ പരിക്കാണ് ഗുരുതരം. ഇവരെക്കൂടാതെ എം.യു. ആദിലക്ഷ്മി, എം. ഭരത്, ബിന്ദു സുരേഷ്, സി.എസ്. ചൈതന്യ, എം.കെ. ഹരികൃഷ്ണന്‍, രഗീന ശരത്, കെ.എസ്. ശരത്, ടി. തങ്കം, പി.എസ്. യദുകൃഷ്ണ എന്നിവരും എലൈറ്റ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്.
തൃപ്രയാറില്‍നിന്നു വരുന്ന ബസ് കണിമംഗലം പാലത്തിനു സമീപത്തെ താത്കാലിക ബണ്ടു റോഡുവഴി വന്ന് പഴയ റോഡിലേക്കു കയറുന്ന ഭാഗത്തുവച്ചാണ് അപകടം ഉണ്ടായത്. കോണ്‍ഗ്രീറ്റിംഗ് കഴിഞ്ഞ കൂര്‍ക്കഞ്ചേരി- കണിമംഗലം പാലം റോഡ് ഈ ഭാഗത്ത് നാലടിയോളം ഉയര്‍ന്നാണു നില്‍ക്കുന്നത്. താഴെയുള്ള പഴയ റോഡില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന റോഡിലേക്ക് ചെരിച്ച് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ട്. പഴയ റോഡ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഈ കുഴിയില്‍ വീണു പ്രധാന ലീഫ് ഒടിഞ്ഞപ്പോള്‍ ബസ് നിയന്ത്രണം വിട്ട് ചെരിവിലേക്കു കയറുകയായിരുന്നു. തുടര്‍ന്നാണു മറിഞ്ഞത്. ബസ് മഴവെള്ളം നിറഞ്ഞുകിടക്കുന്ന പാടത്തേക്കു മറിഞ്ഞിരുന്നുവെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു.
ബസ് മറിഞ്ഞതറിഞ്ഞ് മന്ത്രി കെ. രാജന്‍, ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്‌ണേതജ, സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ആശുപത്രിയിലും മന്ത്രി സന്ദര്‍ശിച്ചു.
ബസ് മറിഞ്ഞയുടനെ ഉയര്‍ന്നതായും പൊട്ടുന്ന ശബ്ദം കേട്ടതായും പരിസരവാസികള്‍ പറഞ്ഞു.
ബസിന്റെ പിറകിലെ പൊട്ടിയ ചില്ലു തകര്‍ത്തും ബസിനു മുകളിലൂടെയുമാണ് ആളുകളെ രക്ഷപ്പെടുത്തിയത് . ഒരു സ്ത്രീയുടെ കാല്‍ ബസിനടിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ആളുകളെല്ലാവരുംകൂടി ബസ് ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തത്. പലര്‍ക്കും കാലിനും കൈയിനു പരിക്കേറ്റിട്ടുണ്ട്. ചിലരുടെ കൈകാലുകളും മുഖവും പൊട്ടിയിരുന്നു. ബസിന് അമിതവേഗം ഉണ്ടായിരുന്നില്ല എന്ന് ബസിലെ യാത്രക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു






