തായിഫ് - നഗരത്തിലെ 20 ഡിസ്ട്രിക്ടുകളില്‍ നിന്ന് 150 പഴയ കാറുകള്‍ കഴിഞ്ഞ മാസം നഗരസഭ നീക്കം ചെയ്തു. കേടായതിനാലും ജീര്‍ണാവസ്ഥയിലായതിനാലും ദീര്‍ഘകാലമായി ഫുട്പാത്തുകളിലും തെരുവുകളിലും പൊതുസ്ഥലങ്ങളിലും ഉടമകള്‍ ഉപേക്ഷിച്ച കാറുകളാണ് നീക്കം ചെയ്തത്. സാവകാശം നല്‍കിയ സമയത്തിനകം സ്വന്തം നിലക്ക് നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നീക്കം ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞ മാസം 200 ലേറെ കാറുകളില്‍ നഗരസഭാധികൃതര്‍ നോട്ടീസ് പതിക്കുകയും ചെയ്തു.
ദീര്‍ഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറുകള്‍ നീക്കം ചെയ്യാന്‍ 90 ദിവസത്തെ സാവകാശമാണ് നഗരസഭ അനുവദിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇത്തരം കാറുകളില്‍ നോട്ടീസ് പതിക്കും. നിശ്ചിത സമയത്തിനകം ഉടമകള്‍ സ്വന്തം നിലക്ക് നീക്കം ചെയ്യാത്ത പക്ഷം ഇത്തരം കാറുകള്‍ നഗരസഭ നീക്കം ചെയ്ത് താല്‍ക്കാലിക യാര്‍ഡിലേക്ക് മാറ്റും. നിശ്ചിത സമയത്തിനകം പിഴകളും ഫീസുകളും അടച്ച് യാര്‍ഡില്‍ നിന്ന് വിട്ടെടുക്കാന്‍ ഉടമകള്‍ സമീപിക്കാത്ത പക്ഷം ഇത്തരം വാഹനങ്ങള്‍ പിന്നീട് ആക്രിയാക്കി മാറ്റാന്‍ വില്‍പന നടത്തുകയാണ് ചെയ്യുക.