Sorry, you need to enable JavaScript to visit this website.

ധനകാര്യ സ്ഥാപനത്തിന്റെ മറവില്‍ 42 കോടി രൂപ തട്ടിയ കേസിലെ മൂന്നാം പ്രതിയായ സ്ത്രീ അറസ്റ്റില്‍

തൃശ്ശൂര്‍ - ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനത്തിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്നും 42 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നാം പ്രതി അറസ്റ്റിലായി. വടൂക്കര പാണഞ്ചേരി വീട്ടില്‍ കൊച്ചുറാണി ജോയ് (62) ആണ് അറസ്റ്റിലായത്.  തൃശൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മറവില്‍ കൊച്ചുറാണി ഉള്‍പ്പെടെയുള്ള പ്രതികള്‍ വന്‍ തോതില്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നും പണം സ്വീകരിക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയും സ്ഥാപന ഉടമയുമായ ജോയ് ഡി. പാണഞ്ചേരിയുടെ ഭാര്യയും സ്ഥാപനത്തിന്റെ പാര്‍ട്ണറുമാണ് കൊച്ചുറാണി. ജോയ് ഡി പാണഞ്ചേരി നേരത്തെ തന്നെ പിടിയിലായിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്റില്‍ ജയിലിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ കൊച്ചുറാണി ഒളിവില്‍ പോകുകയായിരുന്നു. സുപ്രീം കോടതി അടക്കം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇവരുടെ മക്കളും സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരുമായ ഡേവിഡ് പാണഞ്ചേരി (35), ചാക്കോ പാണഞ്ചേരി (32) എന്നിവരും കേസില്‍ പ്രതികളാണ്.  തൃശൂര്‍ കണിമംഗലം സ്വദേശിനിയുടേയും കുടുംബാംഗങ്ങളില്‍ നിന്നുമായി 54 ലക്ഷത്തിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നല്‍കിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.  ഇതുവരെയായി പ്രതികള്‍ക്കെതിരെ 125 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

 

Latest News