ജയ്പൂർ-രാജസ്ഥാനിലെ ദൗസ ജില്ലയിൽ സ്ത്രീയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് പോലീസ് കോൺസ്റ്റബിളിനെ നാട്ടുകാർ കട്ടിലിൽ കെട്ടിയിട്ട് മർദ്ദിച്ചു. എന്നാൽ, കോൺസ്റ്റബിൾ മഹേഷ് കുമാർ ഗുർജറിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ലോക്കൽ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ വിട്ടയച്ചു.
സംഭവത്തിൽ വിവാഹിതയായ യുവതി പരാതി നൽകിയതിനെത്തുടർന്ന് ഒളിവിലുള്ള ഗുർജാറിനെയും ബസ്വ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെയും (എസ്എച്ച്ഒ) സസ്‌പെൻഡ് ചെയ്തു. കോൺസ്റ്റബിൾ മഹേഷ് കുമാർ ഗുർജാർ 30 കാരിയായ യുവതിയെ വീട്ടിൽ രാത്രി തനിച്ചായിരുന്നപ്പോൾ ബലാത്സംഗം ചെയ്യുകയായിരുന്നു. ബഹളം വെച്ചപ്പോൾ സ്ത്രീയുടെ അയൽക്കാർ പോലീസുകാരനെ പിടികൂടി. ഇതിനിടെ, യുവതിയുടെ കുടുംബാംഗങ്ങളുമെത്തി മർദ്ദിച്ചുവെന്ന് സർക്കിൾ ഓഫീസർ ബാൻഡികുയി ഈശ്വർ സിംഗ് പറഞ്ഞു.
കോൺസ്റ്റബിളിനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബസ്വ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി ഗുർജറിന് വൈദ്യപരിശോധന നടത്തി. പിന്നീട് പോലീസുകാരനെ വിട്ടയച്ചവെന്നും സിംഗ് പറഞ്ഞു.
യുവതി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിക്കാത്തതിന് ബസ്വ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ (എസ്എച്ച്ഒ) പിന്നീട് സസ്പെൻഡ് ചെയ്തു. മറ്റൊരു പോലീസ് സ്‌റ്റേഷനിൽ നിയമിച്ച ഗുർജറിനെയും സസ്‌പെൻഡ് ചെയ്തതായി സിഒ അറിയിച്ചു. കുറ്റാരോപിതനായ കോൺസ്റ്റബിൾ ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സിംഗ് പറഞ്ഞു.