ഓണച്ചെലവിന് കേരളം 2000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം- ഓണച്ചെലവുകള്‍ക്കായി 2000 കോടിരൂപകൂടി കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വര്‍ഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. ഓണം കഴിഞ്ഞാല്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.
രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ 1762 കോടിരൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവ വിതരണംചെയ്യാന്‍ 680 കോടിരൂപയും വേണം. ഇതിനുപുറമേ, തൊഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് മുന്‍കാലങ്ങളില്‍ നല്‍കിയതുപോലെ ആനുകൂല്യങ്ങള്‍ നല്‍കണം. മറ്റു ക്ഷേമപദ്ധതികളില്‍ മുടങ്ങിയ ആനുകൂല്യങ്ങളും നല്‍കാനുണ്ട്. വിപണി ഇടപെടലിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും ഓണക്കാല ആനുകൂല്യങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സി.ക്കും പണം നല്‍കണം. കഴിഞ്ഞയാഴ്ചയും 1000 കോടി കടമെടുത്തിരുന്നു.2000 കോടി കടമെടുക്കാന്‍ റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളുടെ ലേലം 22-ന് നടക്കും.

Latest News