ന്യൂദൽഹി- 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്യുകയും ചെയ്തവരെ ജയിലിൽനിന്ന് മോചിപ്പിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി. ബിൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ടവരെ മുഴുവൽ ജയിൽ മോചിതരാക്കണം എന്ന ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 'കുറ്റവാളികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഇത്തരമൊരു സാഹചര്യത്തിൽ 14 വർഷം തടവ് അനുഭവിച്ച ശേഷം അവരെ എങ്ങനെ മോചിപ്പിക്കും? എന്തുകൊണ്ടാണ് മറ്റ് തടവുകാർക്ക് മോചന ഇളവ് നൽകാത്തത്? എന്തുകൊണ്ടാണ് ഈ കുറ്റവാളികൾക്ക് പോളിസിയുടെ ആനുകൂല്യം തിരഞ്ഞെടുത്തത്? ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് ചോദിച്ചു.
എന്ത് അടിസ്ഥാനത്തിലാണ് ബിൽക്കിസ് പ്രതികൾക്കായി ജയിൽ ഉപദേശക സമിതി രൂപീകരിച്ചതെന്ന് ചോദിച്ച് കോടതി വിശദാംശങ്ങൾ നൽകാൻ സംസ്ഥാനത്തോട് ഉത്തരവിട്ടെന്നും അറിയിച്ചു. ഗോധ്ര കോടതിയിൽ വിചാരണ നടക്കാത്ത സാഹചര്യത്തിൽ എന്തിനാണ് കോടതിയുടെ അഭിപ്രായം തേടിയതെന്നും കോടതി ചോദിച്ചു.






