ഇന്ത്യ ഇനി 6ജി യുഗത്തിലേക്കാണെന്ന വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജ്യം 6ജിയിലേക്ക് കടക്കാൻ പോകുന്ന കാര്യം പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഇതിനായുള്ള ടാസ്‌ക് ഫോഴ്സ് നിലവിൽ വന്നിട്ടുണ്ടെന്നും 5ജിയിൽ നിന്ന് 6ജിയിലേക്ക് അതിവേഗം മാറാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും പ്രധാനമന്ത്രി പറയുന്നു. ഇതിന് രാജ്യവ്യാപകമായി 5ജിയുടെ ഏറ്റവും വേഗമേറിയ റോളൗട്ട് കൈവരിച്ചതായും അദ്ദേഹം പറയുന്നുണ്ട്. 5ജിയുടെ അടുത്ത ഘട്ടമായ 6ജി യാഥാർത്ഥ്യമാകുന്നതോടെ അതിവേഗ ഇന്റർനെറ്റ് എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. നിലവിലുള്ള സൂപ്പർ ഫാസ്റ്റ് 5 ജിയേക്കാൾ 100 മടങ്ങ് വേഗത്തിലേക്ക് ഇന്റർനെറ്റ് മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. 5ജിക്ക് സെക്കൻഡിൽ 10 ഗിഗാബിറ്റ് വരെ വേഗമാണ് കൈവരിക്കാൻ കഴിയുക. എന്നാൽ 6ജിക്ക് സെക്കൻഡിൽ 1 ടെറാബിറ്റ് വരെ വേഗം ഉയർത്താൻ കഴിയും.
അതായത് വലിയ അളവിലുള്ള ഡാറ്റ ഡൗൺലോഡ് ചെയ്യാൻ ഇതിലൂടെ കഴിയും. ഇതിന് ഭൂമിയിലും ആകാശത്തും ഒരുപോലെ പ്രവർത്തിക്കാൻ കഴിയും. അതായത് ഫോണോ ടാബ്ലറ്റോ പോലെയുള്ള ഉപകരണത്തിന്, കരയിലായാലും വിമാനത്തിലായാലും കണക്റ്റ് ചെയ്യുന്നതിന് വ്യത്യസ്ത സാങ്കേതിക വിദ്യകൾ ഉപയോഗിക്കാം. ഇതിലൂടെ ഗാഡ്ജറ്റുകളെ ഒരുമിച്ച് ബന്ധിപ്പിക്കാൻ കഴിയും. അത് മാത്രമല്ല വെർച്വൽ റിയാലിറ്റി കൂടുതൽ യഥാർത്ഥമായി അനുഭവപ്പെടുന്നതാണ്. ഇത്തരം ഗെയിമുകളും സിനിമകളും മികച്ച അനുഭവം ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നതാണ്. നമ്മുടെ സങ്കൽപപ്പത്തിനും അപ്പുറമുള്ള ഒരുപാട് കാര്യങ്ങളിലേക്കാണ് 6ജി നമ്മളെ കൂട്ടിക്കൊണ്ടു പോകുക.