ന്യൂദൽഹി- രണ്ട് ദിവസത്തിനിടെ രണ്ട് പൈലറ്റുമാരുടെ മരണത്തിന് സാക്ഷിയായി ഇന്ത്യ. ഇന്ന് നാഗ്പൂരിലെ ബോർഡിംഗ് ഗേറ്റിൽ ഇൻഡിഗോ ക്യാപ്റ്റൻ ബോധരഹിതനായി വീണു മരിച്ചപ്പോൾ ഖത്തർ എയർവേയ്സ് പൈലറ്റിന് ഇന്നലെ വിമാനത്തിൽ ഹൃദയാഘാതം സംഭവിച്ചാണ് ജീവൻ നഷ്ടമായത്. നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് വിമാനം പറത്തേണ്ടിയിരുന്ന ഇൻഡിഗോ ക്യാപ്റ്റനാണ് ഹൃദയാഘാതം സംഭവിച്ചത്. ബോധം നഷ്ടമായ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
ഖത്തർ എയർവേയ്സ് പൈലറ്റ് ദൽഹി-ദോഹ വിമാനത്തിന്റെ പാസഞ്ചർ ക്യാബിനിൽ അധിക ക്രൂ അംഗമായി യാത്ര ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. നേരത്തെ സ്പൈസ് ജെറ്റ്, അലയൻസ് എയർ, സഹാറ എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആണ് മരണം സ്ഥിരീകരിച്ചത്.
271 യാത്രക്കാരുമായി മിയാമിയിൽനിന്ന് ചിലിയിലേക്കുള്ള വാണിജ്യ വിമാനത്തിന്റെ കുളിമുറിയിൽ പൈലറ്റ് കുഴഞ്ഞുവീണ് ദിവസങ്ങൾക്ക് ശേഷമാണ് സംഭവങ്ങൾ. ഞായറാഴ്ച രാത്രി പനാമയിൽ വിമാനം അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു. ഈ വിമാനത്തിന്റെ ക്യാപ്റ്റൻ ഇവാൻ ആൻഡൗർ വിമാനതാവളത്തിൽ മരിക്കുകയും ചെയ്തു.