സ്വൈര ജീവിതം ആഗ്രഹിച്ച് മറുകര തേടുന്നവർ

താൽക്കാലിക രാഷ്ട്രീയ ലാഭത്തിനും ഭരണത്തിൽ കടിച്ചു തൂങ്ങുന്നതിനുമായി മനുഷ്യരെ തമ്മിൽ തല്ലിച്ചും അയൽപക്ക വീട്ടിൽ കഴിയുന്നവന്റെ ഭക്ഷണം എന്താണെന്ന് ഒളിഞ്ഞു നോക്കി അതിന്റെ പേരിൽ കലഹമുണ്ടാക്കിയും നാടിനെ കുട്ടിച്ചോറാക്കുന്നവർ ഇനിയെങ്കിലും മാറിച്ചിന്തിക്കാൻ തയാറാവണം. ഏതു ജാതിയിലും മതത്തിലും പെട്ടവരാണെങ്കിലും മനുഷ്യനു വേണ്ടത് സമാധാനവും സ്വസ്ഥതയും സുരക്ഷിത ബോധവുമാണ്. വൈവിധ്യ സംസ്്കാരങ്ങളുടെ വിളനിലമായ നമ്മുടെ രാജ്യത്ത് അതുണ്ടായാൽ മറ്റെവിടത്തേക്കാളും സുന്ദര സുരഭില ഭൂമി നമ്മുടേതായിരിക്കും. 

തൊഴിൽ തേടിയും സ്ഥിരതാമസത്തിനുമായി ഇന്ത്യ വിട്ട് വിദേശത്തേക്കു ചേക്കേറുന്നവരുടെ എണ്ണം കൂടുകയാണോ? മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യം വിടുന്നവരുടെ എണ്ണം അനുദിനം കൂടുന്നുവെന്നു മാത്രമല്ല, സ്വൈര ജീവിതം ആഗ്രഹിച്ചാണ് പലരും എന്തും സഹിച്ചും മറുകര തേടുന്നതെന്നതാണ് യാഥാർഥ്യം. 
വിദേശ രാജ്യങ്ങളെല്ലാം സ്വർഗ രാജ്യങ്ങളാണെന്ന തോന്നലുകളൊന്നും ഈ പോകുന്നവർക്കില്ല. ആദ്യകാലങ്ങളിൽ എത്തിപ്പെട്ടവർക്ക് ആശ്വാസകരമായ പലതും വിദേശ രാജ്യങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ സ്ഥിതി അതല്ല. എന്നിട്ടും വിദേശത്തേക്കു കടക്കാനുള്ളവരുടെ മോഹം കുറയുന്നില്ല. എന്തായിരിക്കാം ഇതിനു കാരണം? ഏതൊരാളും ആഗ്രഹിക്കുന്നത് നല്ലൊരു ജോലി, മതിയായ വേതനം, സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം, ആരുടേയും ഇടപെടലുകളില്ലാത്ത സ്വസ്ഥമായ ജീവിതം ഇതെല്ലാമാണ് വിദേശത്ത് എത്തിപ്പെടാനുള്ള മോഹവലയത്തിൽ അകപ്പെട്ടവരുടെ ഉള്ളിലുള്ളത്. 
നമ്മുടെ രാജ്യത്ത് ഇത്തരമൊരു അന്തരീക്ഷം ഇല്ലെന്ന തോന്നൽ പലരിലും പ്രത്യേകിച്ച് യുവജനതക്കിടയിൽ ഉണ്ടായിരിക്കുന്നു. അതുകൊണ്ടാണ്  സകലതും വിറ്റുപെറുക്കിയും എടുത്താൽ പൊന്താത്ത കടം എടുത്തുമെല്ലാം യുവാക്കൾ കടൽ കടക്കുന്നത്.  അവിടങ്ങളിൽ നേരത്തെ എത്തിപ്പെട്ടവരാകട്ടെ മടങ്ങിപ്പോരാനൊട്ട് മനസ്സ് കാണിക്കാത്തിനു കാരണവും ഇതാണ്.   
കഴിഞ്ഞ 12 വർഷത്തിനിടെ 16,63,440 പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. അമേരിക്ക, യൂറോപ്, ഏഷ്യൻ രാജ്യങ്ങളിലേക്കാണ് കൂടുതൽ പേരും പോയതെങ്കിലും അധികമൊന്നും അറിയപ്പെടാത്ത കൊച്ചു കൊച്ചു രാജ്യങ്ങളിലേക്കു ചേക്കേറിയവരും ഇക്കൂട്ടത്തിലുണ്ട്. 
അതായത് ലോകത്തെ 135 രാജ്യങ്ങളിൽ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാർ എത്തിപ്പെട്ടിട്ടുണ്ട്. 2022 ൽ മാത്രം ഇന്ത്യൻ പാസ്‌പോർട്ട് ഉപേക്ഷിച്ച് മറുനാടൻ പാസ്‌പോർട്ട് വരിച്ചവർ 2,25,620 പേരാണെന്ന് രാജ്യസഭയിലെ ചോദ്യത്തിന് ഉത്തരമായി വിദേശകാര്യ മന്ത്രി ജയങ്കർ വെളിപ്പെടുത്തിയത് അടുത്തയിടെയാണ്. 2011 ൽ 1,22,819 ആയിരുന്നത് 2021 ൽ 1,63,370 ആയും 22 ൽ രണ്ടേകാൽ ലക്ഷത്തിൽപരമായൂം ഉയരുകയായിരുന്നു.  ഈ വർഷം ഇതിലും കൂടാനാണ് സാധ്യത. ഗൾഫ് രാജ്യങ്ങളിൽ പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ടെങ്കിലും അവിടെ പൗരത്വം കിട്ടുക എളുപ്പമല്ലാത്തതിനാൽ ആരും അതിനു മുതിരാറില്ല. ഇപ്പോൾ അവിടെയും സ്ഥിതി മാറുകയാണ്. 
കഴിഞ്ഞ മൂന്നു വർഷത്തിനിടെ യു.എ.ഇ അഞ്ച് ഇന്ത്യക്കാർക്ക് പൗരത്വം നൽകി. എന്നാൽ പൗരന്മാരെ പോലെ പതിറ്റാണ്ടുകൾ യു.എ.ഇയിൽ കഴിയാനുള്ള അനുമതി പത്രം സംഘടിപ്പിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുകയാണ്. നിക്ഷേപകരായും വില്ലകളുടെയും  അപ്പാർട്ട#്‌മെന്റുകളുടെയും ഉടമകളായും ഗോൾഡൻ വിസകളായും ദീർഘകാലം ഇവിടെ കഴിയാനുള്ള അനുമതി തേടിയവരിൽ വമ്പൻമാർ മാത്രമല്ല, സാധാരണക്കാർ വരെയുണ്ടെന്നതാണ് യാഥാർഥ്യം. 
സ്‌കൂളിൽ എന്നോടൊപ്പം പഠിച്ച സാമ്പത്തികമായി ഏറെ പരാധീനതകളുണ്ടായിരുന്ന ഒരു സുഹൃത്ത്  ഇന്ന് ഷാർജയിൽ അത്യാഡംബരമായ ഒരു വില്ലയുടെ ഉടമയാണ്. കഠിന പ്രയത്‌നത്താൽ എൻജിനീയറിംഗ് ബിരുദം നേടി യു.എ.ഇയിൽ ഏത്തിപ്പെട്ട് മൂന്നു പതിറ്റാണ്ടു കാലത്തെ അധ്വാന ഫലമായാണ് ഇതു സംഘടിപ്പിച്ചത്. 
നാട്ടിലെ വൃദ്ധയായ മാതാവിനെയും കൊണ്ടുവന്ന് ഇക്കഴിഞ്ഞ ആഴ്ചയിൽ അതിൽ താമസമാക്കിയെന്ന വിവരം വളരെ സന്തോഷത്തേടെയാണ് അവൻ അറിയിച്ചത്. അപ്പോൾ അവിടെ തന്നെ കൂടാൻ തീരുമാനിച്ചോ എന്നു ചോദിച്ചപ്പോൾ സ്വസ്ഥതയാണല്ലോ വലുതെന്നായിരുന്നു അവന്റെ മറുപടി. പൗരത്വം ഇല്ലെങ്കിലും 99 വർഷം വരെ അവിടെ കഴിയാവുന്ന ഇത്തരം നിക്ഷേപകരുടെ എണ്ണം വർധിക്കുകയാണ്. 
സൗദി അറേബ്യയെ മറികടന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ജോലി ചെയ്യുന്ന രാജ്യമായി യു.എ.ഇ മാറിയിരിക്കുകയാണ്. യു.എ.ഇയിലുള്ള ഇന്ത്യക്കാരുടെ എണ്ണം 35,54,000 ആയി ഉയർന്നതായി ഇക്കഴിഞ്ഞ ദിവസമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ലോക്‌സഭയെ അറിയിച്ചത്. കഴിഞ്ഞ വർഷം ഇത് 34,19,000 ആയിരുന്നു. ഗൾഫിൽ ഇപ്പോൾ ഒരു തൊഴിൽ കിട്ടുക ഏറെ ശ്രമകരമാണെങ്കിലും കഴിഞ്ഞ ഒരു വർഷം മാത്രം യു.എ.ഇയിൽ ജോലിക്കെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1.34 ലക്ഷമാണ്. 
വർഷങ്ങളായി കഴിയുന്നവരിൽ സാമ്പത്തിക ശേഷിയുള്ള പലരും വില്ലകളോ, അപ്പാർട്ട്‌മെന്റുകളോ സ്വന്തമാക്കി ഇവിടെ തന്നെ ശിഷ്ടജീവിതം കഴിച്ചുകൂട്ടാനാണ്  ആഗ്രഹിക്കുന്നത്.  ഗൾഫ് രാജ്യങ്ങളിൽ നിലവിൽ മൊത്തം 79.32 ലക്ഷം ഇന്ത്യക്കാരുണ്ട്. മറ്റു ഗൾഫ് രാജ്യങ്ങളിലുള്ളവർക്കിടയിലും ഇന്ത്യയിലെ സമ്പന്നർക്കിടയിലും യു.എ.ഇയിൽ താമസ കേന്ദ്രം സ്വന്തമാക്കാനുള്ള ത്വര കൂടിയിട്ടുണ്ട്. ഉദ്യോഗാർഥികൾ മാത്രമല്ല, ഈ രീതിയിൽ എത്തിപ്പെടുന്നവരും കൂടുകയാണ്. 
മറ്റു ഗൾഫ് രാജ്യങ്ങളും വിദേശികൾക്ക് പ്രോപ്പർട്ടി വാങ്ങാൻ അനുമതി നൽകുന്ന ദിശയിലേക്കു നീങ്ങുകയാണ്. നിയോം, റെഡ്‌സീ പോലുള്ള വമ്പൻ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ സൗദിയിലും സ്ഥിര താമസത്തിനെത്തുന്ന വിദേശികളുടെ എണ്ണം വർധിക്കുമെന്നതിൽ സംശയമില്ല. 
ഇതു തൊഴിൽ തേടിയും ജീവിതം പറിച്ചു നടുന്നതിനുമായി പോകുന്നവരുടെ കണക്കാണെങ്കിൽ വിദേശത്ത് പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണവും ഇതിൽനിന്നു വ്യത്യസ്തമല്ല. അഞ്ചു വർഷത്തിനിടെ വിദേശത്ത് പഠിക്കാൻ പോയത് 30 ലക്ഷം ഇന്ത്യക്കാരാണ്. 
2022 ൽ മാത്രം ഇന്ത്യയിൽ നിന്നും 7,50,365 വിദ്യാർഥികൾ പഠിക്കാനായി വിദേശത്തേക്ക് പോയി എന്നാണ് ഒരു  ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദ്യാഭ്യസ സഹമന്ത്രി സുഭാഷ് സർക്കാർ കഴിഞ്ഞ ഫെബ്രുവരി പാർലമെന്റിൽ പറഞ്ഞത്. കാനഡയിലെ വിദേശ  വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നാണ്. 2022 ന്റെ അവസാനം ഇന്ത്യയിൽ നിന്നുള്ള  3,19,130 പേരാണ് വിദ്യാർഥികളായി കാനഡയിലുള്ളത്. അത് കാനഡയിലെ മൊത്തം വിദേശ വിദ്യാർഥികളുടെ 39.5  ശതമാനം വരും. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എണ്ണം കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൂടിക്കൊണ്ടിരിക്കയാണ്. കേരളത്തിൽനിന്നു മാത്രം ഒരു വർഷം കുറഞ്ഞത് 35,000 വിദ്യാർഥികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ട്. 
ഇങ്ങനെ ഉദ്യോഗാർഥികളായും വിദ്യാർഥികളായും നമ്മുടെ രാജ്യത്തുനിന്ന് ലക്ഷങ്ങൾ മറുകര തേടുമ്പോൾ നമുക്ക് നഷ്ടമാകുന്നത് രാജ്യത്തിന്റെ സമ്പത്തും ബുദ്ധിയുമാണ്. കഴിവുള്ളവരെല്ലാം വിദേശത്ത് നല്ല ജോലിയിൽ എത്തിപ്പെടുമ്പോൾ അതിന്റെ ക്ഷീണം ഉണ്ടാവുക രാജ്യത്തിനാണ്. ഇതിനൊരു മാറ്റം ഉണ്ടാക്കുന്നതിന് അനുഗുണമായ അന്തരീക്ഷം ഒരുക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കാണ്. അതിനു പകരം താൽക്കാലിക രാഷ്ട്രീയ ലാഭത്തിനും ഭരണത്തിൽ കടിച്ചു തൂങ്ങുന്നതിനുമായി മനുഷ്യരെ തമ്മിൽ തല്ലിച്ചും അയൽപക്ക വീട്ടിൽ കഴിയുന്നവന്റെ ഭക്ഷണം എന്താണെന്ന് ഒളിഞ്ഞു നോക്കി അതിന്റെ പേരിൽ കലഹമുണ്ടാക്കിയും നാടിനെ കുട്ടിച്ചോറാക്കുന്നവർ ഇനിയെങ്കിലും മാറിച്ചിന്തിക്കാൻ തയാറാവണം. 
ഏതു ജാതിയിലും മതത്തിലും പെട്ടവരാണെങ്കിലും മനുഷ്യനു വേണ്ടത് സമാധാനവും സ്വസ്ഥതയും സുരക്ഷിത ബോധവുമാണ്. വൈവിധ്യ സംസ്്കാരങ്ങളുടെ വിളനിലമായ നമ്മുടെ രാജ്യത്ത് അതുണ്ടായാൽ മറ്റെവിടത്തേക്കാളും സുന്ദര സുരഭില ഭൂമി നമ്മുടേതായിരിക്കും. അതിനായി നാം ഒന്നായി കൈകോർക്കുകയാണ് വേണ്ടത്. 

Latest News