Sorry, you need to enable JavaScript to visit this website.

റിയാദില്‍ കാണാതായ കന്യാകുമാരി സ്വദേശി മരിച്ച നിലയില്‍

റിയാദ്- റിയാദില്‍ മൂന്നാഴ്ച മുമ്പ് കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍.  ജൂലൈ 25ന് നജ്‌റാനില്‍ നിന്നും റിയാദ് അസീസിയയിലെ സാപ്റ്റ്‌കോ ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ശേഷം കാണാതായ കന്യാകുമാരിയിലെ അരുമനൈ, തെറ്റി വിളൈ, മറുതര വിളാഗം സ്വദേശി ജോണ്‍ സേവ്യറിന്റെ (43) മൃതദേഹമാണ് റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയിലുള്ളത്.

അസീസിയ പോലീസ് സ്‌റ്റേഷനില്‍നിന്ന് ഇന്ത്യന്‍ എംബസിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യപ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ മോര്‍ച്ചറിയിലെത്തി തിരിച്ചറിയുകയായിരുന്നു. ജൂലൈ 29 ന്  മരിച്ചതായാണ് പോലീസ് രേഖകളില്‍ പറയുന്നത്. അസീസിയ ബസ് സ്‌റ്റേഷന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അനന്തര നടപടികള്‍ക്കും മൃതദേഹം നാട്ടില്‍ അയക്കുന്നതിനും സാമൂഹികപ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂരും സാലി എം. സാലിയും രംഗത്തുണ്ട്. സുമതിയാണ് ജോണ്‍ സേവ്യറിന്റെ അമ്മ. ഭാര്യ: ശ്രീകുമാരി, മക്കള്‍: താജില്‍, തര്‍ഷിന്‍ ജെന.

2022 ജൂലൈ ഒമ്പതിനാണ് നജ്‌റാനില്‍ മേസണ്‍ ജോലിക്കായി നാട്ടില്‍നിന്നെത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയില്‍ വലിയ സാമ്പത്തിക ബാധ്യത വന്നുചേരുകയും പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തന്റെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റിയാദിലെത്തി സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ കഴിഞ്ഞില്ല. ഇതോടെ വലിയ മാനസികപ്രയാസത്തിലായ ജോണ്‍ സേവ്യര്‍ അസീസിയ ബസ് സ്റ്റാന്‍ഡില്‍നിന്നും നാട്ടിലുള്ള മകനെ വിളിച്ച് റിയാദിലേക്ക് വരാന്‍ പറഞ്ഞ സുഹൃത്ത് ചതിക്കുകയായിരുന്നു എന്നു പറയുകയായിരുന്നത്രെ. പിന്നീട് ആളെ കുറിച്ച് ഒരു വിവരവുമില്ലാതാവുകയായിരുന്നു.

 

Latest News