ഗാസ സിറ്റി- ഗാസയില്‍ ഇസ്രായിലില്‍നിന്നുള്ള പ്രകോപനം തുടരുമ്പോഴും വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തില്‍ ഉറച്ച് ഹമാസ്. വെള്ളിയാഴ്ച രാത്രി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഹമാസില്‍നിന്ന് ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല. എന്നാല്‍ വെടിനിര്‍ത്തല്‍ സന്നദ്ധത വ്യക്തമാക്കിയിട്ടില്ലാത്ത ഇസ്രായില്‍ ഇന്നലെയും ഹമാസ് ഭരണകൂടത്തിന്റെ നിരീക്ഷണ പോസ്റ്റുകള്‍ ആക്രമിച്ചു. ഇസ്രായില്‍ ടാങ്കുകളില്‍നിന്നായിരുന്നു ഷെല്ലാക്രമണം. അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാന്‍ വേണ്ടിയായിരുന്നു ആക്രമണമെന്നാണ് ഇസ്രായില്‍ വാദം. എന്നാല്‍ ആക്രമണത്തില്‍ മരണമോ, പരിക്കോ ഉള്ളതായി റിപ്പോര്‍ട്ടില്ല.
വെള്ളിയാഴ്ച ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ മൂന്ന് ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു ഫലസ്തീനി പൗരന്‍ വെടിവെയ്പിലും കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായില്‍ സൈനികന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണങ്ങള്‍. ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ വ്യാപകമായ തോതില്‍ ആക്രമണം നടത്തുകയായിരുന്നു ഇസ്രായില്‍ സൈന്യം.

ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ പോരാളി മുഹമ്മദ് അബു ദഖയുടെ മൃതദേഹത്തിന് സമീപം ബന്ധുക്കള്‍
യു.എന്നിന്റെയും ഈജിപ്തിന്റെയും സമാധാന ശ്രമങ്ങളെത്തുടര്‍ന്നാണ് തങ്ങള്‍ വെടിനിര്‍ത്തലിന് തയാറായതെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം അറിയിച്ചു. ഇസ്രായിലിന്റെ വ്യോമാക്രമണങ്ങളും ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളുമടക്കം എല്ലാ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നതാണ് വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥയെന്ന് മറ്റൊരു ഹമാസ് നേതാവ് പറഞ്ഞു. എന്നാല്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നതായി സ്ഥിരീകരിക്കാന്‍ ഇസ്രായില്‍ സൈന്യമോ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവോ തയാറായിട്ടില്ല.