Sorry, you need to enable JavaScript to visit this website.

തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ശരത് പവാര്‍

മുംബൈ - തനിക്ക് കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. ശരദ് പവാറും എന്‍ സി പി വിമതവിഭാഗം നേതാവും അനന്തരവനുമായ അജിത് പവാറും തമ്മില്‍ കഴിഞ്ഞ ദിവസം രഹസ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ശരത്പവാറിന് കേന്ദ്രമന്ത്രി സഭയില്‍ സ്ഥാനം വാഗ്ദാനം ചെയ്‌തെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ജൂലൈയില്‍ എന്‍ സി പിയെ പിളര്‍പ്പിലേക്ക് നയിച്ച് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേര്‍ന്ന അജിത് പവാറുമായുള്ള രഹസ്യ യോഗത്തില്‍ ശരദ് പവാറിന് കേന്ദ്ര കാബിനറ്റ് സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന്  കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ എന്താണ് പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും രഹസ്യ യോഗമായതിനാല്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും ശരത്പവാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ' എനിക്ക് ക്യാബിനറ്റ് ബെര്‍ത്ത് വാഗ്ദാനം ചെയ്തിട്ടില്ല. ഈ റിപ്പോര്‍ട്ടുകളെല്ലാം അടിസ്ഥാന രഹിതമാണ്' അദ്ദേഹം പറഞ്ഞു.  ഓഗസ്റ്റ് 12ന് പൂനെയിലെ കൊറേഗാവ് പാര്‍ക്ക് ഏരിയയിലെ വ്യവസായ പ്രമുഖന്‍ അതുല്‍ ചോര്‍ദിയയുടെ വസതിയില്‍ വെച്ചാണ് ശരദ് പവാറും അജിത് പവാറും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തുകയായിരുന്നു.

 

Latest News