Sorry, you need to enable JavaScript to visit this website.

ഭക്ഷണത്തിൽ ചത്ത എലി; ഹോട്ടൽ മാനേജറും കുക്കും അറസ്റ്റിൽ

മുംബൈ- ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടുവെന്ന പരാതിയിൽ പ്രശസ്തമായ ബാന്ദ്ര റെസ്റ്റോറന്റിന്റെ മാനേജറും കുക്കും അറസ്റ്റിൽ. അന്വേഷണം തുടരുകയാണെന്ന് ബാന്ദ്ര പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സഞ്ജയ് മറാത്തേ പറഞ്ഞു. ഓഗസ്റ്റ് 13 ന് രാത്രി ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടതായി ഉപഭോക്താവ് പരാതിപ്പെട്ടതിനെ തുടർന്നാണ് ബാന്ദ്രയിലെ ജനപ്രിയ റസ്റ്റോറന്റിലെ മാനേജരെയും പാചകക്കാരനെയും  അറസ്റ്റ് ചെയ്തത്.  സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്തതായി പോലീസ് അറിയിച്ചു.

ഗോരെഗാവ് വെസ്റ്റിലെ ഒരു സ്വകാര്യ ബാങ്കിൽ സീനിയർ മാനേജരും  ദിൻദോഷി ഏരിയയിലെ താമസക്കാരനുമായ  അനുരാഗ് ദിലീപ് സിംഗ് (40) ആണ് ബാന്ദ്രയിലെ പാലി നകയിലുള്ള പാപ്പാ പഞ്ചോ ദാ ധാബ റെസ്റ്റോറന്റിനെതിരെ പരാതി നൽകിയത്. ഓഗസ്റ്റ് 13-ന്  സുഹൃത്ത് അമിൻ ഖാനോടൊപ്പമാണ് റെസ്റ്റോറന്റിലെത്തിയത്.
 ഭുനാ ഗോഷ്ടും ചിക്കൻ ധാബയുമാണ് ഓർഡർ ചെയ്തത്.  ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സിംഗ് ചിക്കൻ വിഭവത്തിൽ അസാധാരണമായ ഒരു കഷണം കണ്ടെത്തിയത്.  സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ചത്ത എലിയാണെന്ന് വ്യക്തമായതായി എഫ്ഐആറിൽ പറയുന്നു.

ഇരുവരും ഹോട്ടൽ മാനേജർ വിവിയൻ ആൽബർട്ട് സിക്വീരയെ (40) വിളിച്ച് എലിയെ കാണിച്ചു. മാനേജർക്ക് തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞില്ലെന്നും സിംഗ് പോലീസിനോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് സിങ്ങിന്റെ സുഹൃത്ത് ഖാൻ പിന്നീട് തങ്ങളുടെ ഭക്ഷണത്തിൽ കണ്ട എലിയുടെ ഫോട്ടോകൾ സഹിതം ട്വീറ്റ് ചെയ്തു.

Latest News