മാത്യു കുഴല്‍നാടന്‍ എം എല്‍ എ കള്ളപ്പണം  വെളുപ്പിച്ചെന്ന ആരോപണവുമായി സി പി എം

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ മാസപ്പടി കൈപ്പറ്റിയ സംഭവം നിയമസഭയില്‍ ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം എല്‍ എയ്ക്കെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവുമായി സി പി എം. മാത്യു കുഴല്‍ നാടന്‍ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ ആവശ്യപ്പെട്ടു.2021 മാര്‍ച്ച് 18-ന് രജിസ്റ്റര്‍ ചെയ്ത ആധാരത്തില്‍ 1.92 കോടി രൂപയാണ് കാണിച്ചത്. പിറ്റേദിവസം നല്‍കിയ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ച വില 3.5 കോടി രൂപയാണ്. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും ഇതുവഴി കുഴല്‍നാടന്‍ വെട്ടിച്ചതായാണ് ആരോപണം.
ശരിയായ നിലയിലല്ലാതെ മാത്യു കുഴല്‍ നാടന് പണം കിട്ടുന്നുണ്ട്. സര്‍ക്കാരിനും വിജിലന്‍സിനും പരാതി നല്‍കി. അമേരിക്കന്‍ പ്രസിഡന്റ് ഒഴികെ എല്ലാവരുടേയും പേരില്‍ ആക്ഷേപം ഉന്നയിക്കുന്ന ആളാണ് മാത്യു കുഴല്‍നാടനെന്നും മോഹനന്‍ ആരോപിച്ചു. വിഷയത്തില്‍ സി.പി.എം രാഷ്ട്രീയ സമരത്തിനിറങ്ങുമെന്നും സിഎന്‍ മോഹനന്‍ വെളിപ്പെടുത്തി.അതേസമയം, സി പി എം ആരോപണം പഠിച്ച് ബുധനാഴ്ച മറുപടി നല്‍കുമെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. ചിന്നക്കനാലില്‍ ഭൂമിയും വീടും തനിക്കുണ്ട്. തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നോ മാധ്യമ സൃഷ്ടിയെന്നോ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മാസപ്പടി വിവാദം ഉയര്‍ത്താതെ മുന്നോട്ട് പോകുമ്പോഴും സ്വന്തം നിലയില്‍ വിഷയം ഉന്നയിച്ചിരുന്നു മാത്യു കുഴല്‍നാടന്‍.

Latest News