Sorry, you need to enable JavaScript to visit this website.

കളമശ്ശേരി ബി. പി. സി. എല്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്തു

കൊച്ചി- കളമശ്ശേരി കൂനംതൈയില്‍ പ്രവര്‍ത്തിക്കുന്ന ബി. പി. സി. എല്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരെ ആക്രമിച്ചു കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ആറംഗ സംഘത്തെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. 

ആലുവ തൈക്കാട്ടുകര പുത്തന്‍ പീടിയേക്കല്‍ വീട്ടില്‍ ബിന്‍ഷാദ് (26), ആലുവ തൈക്കാട്ടുകര മന്ത്രക്കല്‍ ജംഗ്ഷനില്‍ കരിപ്പായി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (24), ആലുവ തൈക്കാട്ടുകര മന്ത്രക്കല്‍ ജംഗ്്ഷനില്‍ വിഷ്ണു (30),   വരാപ്പുഴ കരിങ്ങാത്തുരുത്ത് വെളുത്തേടത്ത് വീട്ടില്‍  റിഫാസ് (28), ആലുവ തൈക്കാട്ടുകര അമ്പാട്ടുകാവ് പ്ലാപ്പിള്ളി പറമ്പ് വീട്ടില്‍ വിശ്വജിത്ത് ചന്ദ്രന്‍ (26), മലപ്പുറം അണ്ടാവൂര്‍ തിരുനാവായ് ചിറ്റകാട്ട് വാരിയതാഴത്ത് വീട്ടില്‍ മുഹമ്മദ് അസ്ലം (26) എന്നിവരാണ് അറസ്റ്റിലായത്. 

കാറില്‍ സി. എന്‍. ജി നിറക്കുമ്പോള്‍ വാഹനത്തില്‍ നിന്നും ഇറങ്ങാതിരുന്നതിനെ ചൊല്ലി പ്രതികളായ മുഹമ്മദ് അസ്ലമും കൂട്ടരും പെട്രോള്‍ പമ്പിലെ ജീവനക്കാരുമായി തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ആറംഗ സംഘം പമ്പില്‍ എത്തി ആക്രമണം അഴിച്ചുവിട്ടത്.  

കാറില്‍ എത്തിയ സംഘം ജോലി ചെയ്തു കൊണ്ടിരുന്ന ജീവനക്കാരെ പിറകിലൂടെ വന്ന് ജാക്കി ലിവറും ബിയര്‍  കുപ്പികളും മറ്റും ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പെട്രോള്‍ പമ്പിലെ  ജീവനക്കാരെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസ് എത്തും മുന്‍പേ പ്രതികള്‍ കാറില്‍ രക്ഷപ്പെട്ടിരുന്നു. കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ വിബിന്‍ ദാസിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞ് പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിക്കുകയും ഇവര്‍ വൈറ്റില  ഭാഗത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം പിടികൂടുകയായിരുന്നു. 

മോഷണം, പിടിച്ചുപറി, ലഹരി എന്നിങ്ങനെ വിവിധ കേസുകളിലെ പ്രതികളാണ് ആറുപേരും. കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ കളമശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, സബ് ഇന്‍സ്‌പെക്ടര്‍ സുബൈര്‍, എസ്. സി. പി. ഒ ശ്രീജിത്ത്, സി. പി. ഒമാരായ ഷിബു, വിനീഷ്, നിഷാദ്, വിപിന്‍, ശരത്ത് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Latest News