Sorry, you need to enable JavaScript to visit this website.

ആതുരസേവനമേഖലയിലെ മാതൃക സിസ്റ്റർ ഷീബാ എബ്രഹാം സൗദി വിടുന്നു

ജിസാൻ- ഇന്ത്യൻ സമൂഹത്തിന് ആശയും ആശിർവാദവും നൽകാൻ ഇനി ജിസാനിലെ ഷീബ സിസ്റ്ററുടെ സേവനമുണ്ടാവില്ല. സൗദിയിലെ നഴ്‌സിംഗ് ജോലി നിർത്തി ജർമ്മനിയിലേക്ക് ആതുര സേവനത്തിന് തിരിക്കുകയാണ്.
അബൂ ആരീഷ് ജനറൽ ആശുപത്രിയിൽ അത്യാഹിതങ്ങളിൽ പെട്ട് എത്തുന്നവർക്ക് സിസ്റ്റർ ഷീബ എബ്രഹാം എന്നും തണലും തലോടലുമായിരുന്നു. സാമൂഹ്യ പ്രവർത്തകർക്കും മറ്റു ബന്ധുമിത്രാദികൾക്കും രോഗിയുടെ വിവരമറിയാൻ  ഷീബയെയാണ് ഇന്ത്യൻ വംശജർ ആശ്രയിച്ചിരുന്നത്. ഷീബയുടെ വിശാലമായ ബന്ധം കാരണം സൗദിയിലെ തന്നെ മിക്ക ആശുപത്രികളിൽ കഴിയുന്ന പലർക്കും വൈദ്യസഹായം ലഭിക്കാറുമുണ്ട്. കോവിഡ് മഹാമാരി കാലത്ത് സ്വന്തം ജീവസുരക്ഷ പോലും നോക്കാതെ മുഴുസമയ ആരോഗ്യ പ്രവർത്തകയായിനിന്ന ഷീബാ സിസ്റ്ററുടെ സേവനത്തിന് സ്വദേശികൾക്കും വിദേശികൾക്കും നന്ദി പറയാൻ വാക്കുകളില്ല. അന്ന് രാജ്യം മികച്ച ഇരുപത് ആരോഗ്യ പ്രവർത്തകരെ ആദരവിനായി തെരെഞ്ഞെടുത്തപ്പോൾ ഒരേ ഒരു വിദേശി ജിസാനിലെ സിസ്റ്റർ ഷീബാ അബ്രഹാം മാത്രമായിരുന്നു. 

ജിസാനിലെ അബൂ അരീഷ് ജനറൽ ആശുപത്രിൽ കോവിഡ് -19 വിഭാഗത്തിൽ ഹെഡ് നഴ്‌സായി ജോലി ചെയ്തിരുന്ന ഷീബക്ക് സൗദി ഗവൺമെന്റിന്റെ ഉന്നത അംഗീകാരം അന്ന് ആശുപത്രി തലവൻ നൽകിയിരുന്നു. മഹാമാരി കാലത്ത് തന്റെ ജോലിയിലുള്ള ആത്മാർത്ഥതയും ആതുര ശുശ്രൂഷ രംഗത്ത് രണ്ട് പതീറ്റാണ്ടായുള്ള അർപ്പണ മനസ്‌കതയും കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും നല്ല നഴ്‌സുമാർക്ക് നൽകുന്ന സർക്കാർ അംഗീകാരമാണ് അന്ന് ഷീബക്ക് ലഭിച്ചത്.


കണ്ണൂർ ജില്ലയിലെ പയ്യാവൂരിലെ എരുവേശ്ശി സ്വദേശി വാഴക്കാട്ട് എബ്രഹാം കൈപ്പുഴ ഫിലോമിന ദമ്പതികളുടെ പുത്രിയായി ജനിച്ച ഷീബ നഴ്‌സിങ്ങ് പഠന ശേഷം ബംഗളൂരുവിലും മുംബൈയിലുമായി ആറു വർഷത്തോളം ആതുര സേവന രംഗത്ത് ഇന്ത്യയിൽ പ്രവർത്തിച്ചു.
പതിനേഴ് വർഷക്കാലമായി അബൂ അരീഷ് ജനറൽ ഹോസ്പിറ്റലിൽ ഹെഡ് നെഴ്‌സായി ജോലി നോക്കിയിരുന്ന അവർ സൗദി അറേബ്യയിലെ സേവനം നിർത്തി ജർമ്മനിയിലേക്ക് തിരിക്കാൻ വേണ്ടി നാട്ടിൽ പോവുകയാണ്. സ്വദേശികൾക്കൊപ്പം ഇന്ത്യൻ വംശജരുടെയും ഏറെ പ്രിയങ്കരിയായ ഏവരുടെയും പ്രിയപ്പെട്ട ഷീബ ചേച്ചി. മലയാളികൾക്ക് ഏറെ സുപരിചിതനും ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഷീൻസ് ലൂക്കോസാണ് ഭർത്താവ്.  വിദ്യാർത്ഥികളായ സിവർട്ട് ഷീൻസ്, സ്റ്റുർട്ട് ഷീൻസ് എന്നവർ മക്കളാണ്.

നിരവധി ഇന്ത്യൻ വംശജർക്ക് ആശ്വാസം ചൊരിഞ്ഞ ഷീബ സിസ്റ്ററിന് അബു അരീഷിൽ യു.ഡി.എഫ് യാത്രയയപ്പു നൽകി.  ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മറ്റി പ്രസിഡന്റ്  ഹാരിസ് കല്ലായി കെ.എം.സി.സി.യുടെ  ഉപഹാരം സമർപ്പിച്ചു. ഒ.ഐ.സി.സി പ്രസിഡന്റ് നാസർ ചേലേമ്പ്ര അദ്ധ്യക്ഷത വഹിച്ചു. അഫ്‌സൽ ഉള്ളൂർ,  താഹ കായംകുളം, കോമു ഹാജി എടരിക്കോട്, അനീസ് സഖാഫി ജിസാൻ, ജോഫി കോട്ടയം, നിസാർ വേങ്ങര, ഹരി ഹരിപ്പാട്, നാസർ വാക്കാലൂർ, മുജീബ് കൂടത്തായി, ഷീൻസ് ലൂക്കോസ്,  അലി വടക്കേയിൽ, ഖാലിദ് പട്‌ല എന്നിവർ പ്രസംഗിച്ചു. ഷീബാ എബ്രഹാം സ്വീകരണത്തിന് നന്ദി പറഞ്ഞു.

Latest News