രാഹുലിനെ കാണാന്‍ യു.എസ് സംഘത്തിന് ആഗ്രഹം, സര്‍ക്കാര്‍ അനുവദിക്കുമോ...

ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്താന്‍ താത്പര്യം പ്രകടിപ്പിച്ച് യു.എസ് കോണ്‍ഗ്രസ് പ്രതിനിധിസംഘത്തിലെ ചില അംഗങ്ങള്‍. രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സംഘത്തിലെ ചിലരാണ് ആവശ്യം മുന്നോട്ട് വച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് പ്രവീണ്‍ ചക്രവര്‍ത്തിയാണ് വിഷയവുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്.
രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നതിന് താത്പര്യം പ്രകടിപ്പിച്ച് ചിലര്‍ സമീപിച്ചതായി പ്രവീണ്‍ ചക്രവര്‍ത്തി അറിയിച്ചു. രാഹുല്‍ വയനാട്ടില്‍ നിന്നും തിരിച്ചെത്തിയാല്‍ കൂടിക്കാഴ്ചക്കായി ശ്രമിക്കാമെന്ന് തങ്ങള്‍ അറിയിച്ചു. കൂടിക്കാഴ്ചക്കായി ഔദ്യോഗിക അപേക്ഷ നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കുമോ എന്നത് യു.എസ് പ്രതിനിധികളും മന്ത്രാലയവും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാവുമായി അവര്‍ കൂടിക്കാഴ്ച നടത്തുന്നതില്‍ മന്ത്രാലയം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest News