കോഴിക്കോട്- കേരളത്തിലെ സി.പി.എം അധപതനത്തിന്റെ അടിത്തട്ടിലെത്തിയെന്ന പരിഹാസവുമായി ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ലക്കുട്ടി. കോടിയേരിയുടെ മകന് കിട്ടാത്ത ആനുകൂല്യമാണ് പിണറായിയുടെ മകൾക്ക് കിട്ടുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ മകൾക്ക് വേണ്ടി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് വരെ വക്കാലത്ത് പറയേണ്ടി വന്ന അവസ്ഥയാണിന്ന്. പക്ഷെ കോടിയേരിയുടെ മകൻ ആരോപണത്തിന്റെ മുനയിൽ നിന്നപ്പോൾ പാർട്ടി അത് കണ്ടതേയില്ല. ആരോപണത്തിന്റെ പേരിൽ കോടിയേരിക്ക് സ്ഥാനത്തുനിന്ന് വരെ മാറി നില്‌ക്കേണ്ടി വന്നു. പക്ഷെ പിണറായിയുടെ മകളുടെ മാസപ്പടി വിവാദം വന്നപ്പോൾ എല്ലാവരും മിണ്ടാതിരിക്കുകയാണ്. കോൺഗ്രസുപോലും ഇതിൽ നിന്നും മാറിനിൽക്കുകയാണ്. പുതുപ്പള്ളിയിൽ നടക്കുന്നത് മാസപ്പടി തെരഞ്ഞെടുപ്പാണ്. തെരഞ്ഞടുപ്പിൽ ഭാര്യയുടെ മാസപ്പടി സമ്പാദ്യം റിയാസ് കാണിക്കാതിരുന്നത് കുറ്റകരമാണെന്നും അബ്ദുള്ളക്കുട്ടി പരിഹസിച്ചു.