തിരുവനന്തപുരം- അടുത്തവർഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസിന്റെ സാധ്യതകളെ വിലയിരുത്താൻ പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ സുനിൽ കനുഗോലുവിനെ കേന്ദ്ര കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തി. കർണ്ണാടകയിൽ കോൺഗ്രസിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചയാളാണ് സുനിൽ. കേരളത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലും സർവേ തുടങ്ങി.
സുനിൽ കനഗോലുവിന്റെ കമ്പനിയായ 'മൈൻഡ്ഷെയർ അനലിറ്റിക്സ്' ആണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും സർവ്വേ നടത്തുന്നത്. കഴിഞ്ഞ ദിവസം ദൽഹിയിൽ കേരളത്തിലെ ഉന്നത കോൺഗ്രസ് നേതാക്കളുടെയും എം.പിമാരുടെയും യോഗം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ വിളിച്ചു ചേർത്തിരുന്നു. ഈ യോഗത്തിൽ സുനിൽകനിഗോലു പങ്കെടുത്തിരുന്നു. എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് സുനിൽ കനഗോലുവിനെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് പരിചയപ്പെടുത്തിയത്. അതേസമയം, കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെടാതെ സ്വതന്ത്രമായാണ് ഇവർ പ്രവർത്തിക്കുന്നത്.
പ്രശസ്ത തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധൻ പ്രശാന്ത് കിഷോറിന്റെ ശിഷ്യനാണ് സുനിൽ കനിഗോലു.