ചരിത്രത്തിന്റെ കനലുകൾ

ചരിത്രം കനൽ പോലെയാണ്.ആറിത്തണുത്തു കിടക്കുമ്പോഴും ഇന്നലെകളുടെ ചൂട് അതിനുള്ളിൽ വിങ്ങുന്നുണ്ടാകും. ഓർമപ്പെടുത്തലുകളുടെ ചെറിയൊരു കാറ്റിൽ നിന്ന് അത് തീനാളമായി വീണ്ടും പടരും.ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധിക്ക് ഏഴര പതിറ്റാണ്ട് പിന്നിടുമ്പോൾ ചരിത്രം വീണ്ടും കനൽ നാളങ്ങളായി മലബാറിലും ജ്വലിക്കുന്നുണ്ട്.ചരിത്രത്തെ തിരുത്തിയെഴുതാനായി നടക്കുന്ന ശ്രമങ്ങൾക്ക് നേരെ ചരിത്രത്തിലെ തന്നെ ചോരപ്പാടുകളെ ചൂണ്ടിക്കാട്ടി മലബാർ ഇന്നും പ്രതിരോധിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കഥ തുടങ്ങുന്നത് തന്നെ പ്രതിരോധത്തിൽ നിന്നാണ്.ബ്രിട്ടീഷ് ഭരണത്തിലെ അടിച്ചമർത്തലുകൾക്കെതിരെ ഇന്ത്യൻ ജനത നടത്തിയ പതിറ്റാണ്ടുകൾ നീണ്ട പ്രതിരോധത്തിന്റെ അന്തിമ സാഫല്യമായിരുന്നു സ്വാതന്ത്ര്യം.സ്വാതന്ത്ര്യ സമരത്തിന് നായകത്വം വഹിച്ച മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ളവർക്ക് പക്ഷേ ബ്രിട്ടീഷുകാർക്കെതിരെ മാത്രം പോരാടിയാൽ മതിയായിരുന്നില്ല.ജാതീയത കൊടികുത്തി വാണ അന്നത്തെ സമൂഹത്തിൽ വിവിധ ജാതികൾക്കിടയിലെ ഭിന്നതയും കലാപങ്ങളും ബ്രിട്ടീഷുകാരെ പോലെ, സ്വാതന്ത്ര്യ കാംക്ഷികൾക്ക് മുന്നിൽ പ്രതിരോധമുയർത്തി.ഇത്തരം കലാപങ്ങൾക്ക് ബ്രിട്ടീഷ് സർക്കാരും ചൂട്ടുപിടിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു.
ചാക്രികമായ ചരിത്രം ആവർത്തിച്ചെത്തുമ്പോൾ, സമകാലിക ഇന്ത്യയിൽ ജനങ്ങൾ പ്രതിരോധത്തിന്റെ പുതിയ മതിലുകൾ തീർക്കേണ്ടി വരുന്നുണ്ട്.അധികാര വർഗം ജനജീവിതം ദുസ്സഹമാക്കുകയും ജാതീയവും വർഗീയവുമായ വിഭജനത്തിന് ഭരണകൂടം തന്നെ പിന്തുണ നൽകുകയും ചെയ്യുമ്പോൾ, ബ്രിട്ടീഷ് ഭരണത്തിന്റെ കുറുത്ത കാലത്തെ കുറിച്ച് ചരിത്രം നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിലെ പ്രധാന ഏടുകളിലൊന്നായ മലബാർ കലാപത്തെ കുറിച്ച് അടുത്ത കാലത്ത് ഉയർന്നു വന്ന ചർച്ചകളും ഇത്തരത്തിലുള്ള വിഭാഗീയതയെ ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ളതു കൂടിയായിരുന്നു.ഇന്ത്യയിൽ നടന്ന യുദ്ധങ്ങളെ കുറിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർ തന്നെ തയാറാക്കിയ രേഖകളിൽ ഏറെ പ്രധാനപ്പെട്ടതായി ചൂണ്ടിക്കാട്ടിയ ഒന്നായിരുന്നു പൂക്കോട്ടൂർ യുദ്ധം.അക്കാലത്ത് നടന്ന ജനകീയ പോരാട്ടങ്ങളിൽ യുദ്ധം എന്ന വാക്കുപയോഗിച്ച് ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയിട്ടുള്ളത് അപൂർവ ചില സംഭവങ്ങളെ മാത്രമാണ്.അതിലൊന്നാണ് മലബാർ പോരാട്ടത്തിന്റെ ഭാഗമായി നടന്ന പൂക്കോട്ടൂർ യുദ്ധം.1920 കളിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ കലാപമെന്ന് പേരിട്ടാണ് ബ്രിട്ടീഷുകാർ പൊതുവിൽ വിളിച്ചത്.ഇതിൽ യുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട, തന്ത്രപ്രധാനമായ ഒരു സംഭവമായിരുന്നു പൂക്കോട്ടൂർ യുദ്ധം.ബ്രിട്ടീഷുകാർ കലാപമെന്ന വാക്ക് ഉപയോഗിച്ചപ്പോൾ, പിൽക്കാലത്ത് ചിലർ അതിനെ വർഗീയ കലാപമെന്ന് മാറ്റിയെഴുതി.കാലം മുന്നോട്ടു പോകുന്തോറും ചരിത്രത്തെ വളച്ചൊടിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.ഇക്കാലമത്രയും സ്വാതന്ത്ര്യ സമര ഭടൻമാരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്ന മലബാറിലെ പോരാട്ട നേതാക്കളെ ആ പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അടുത്ത കാലത്ത് ഉത്തരവിറക്കിയത്.സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്ന് ഒരു വിഭാഗത്തെ മാറ്റി നിർത്തുകയെന്നതിനപ്പുറം, സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള അറിവുകളെ പുതിയ തലമുറക്ക് മുന്നിൽ മാറ്റിവരക്കുക കൂടിയാണ് ഇത്തരം നീക്കങ്ങളുടെ ലക്ഷ്യം. 
കേരളത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തോട് ഏറ്റവുമധികം പോരടിച്ചു നിന്ന ഒരു ജനവിഭാഗമാണ് മലബാറിലേത്.തിരുവിതാംകൂറും തിരുകൊച്ചിയും രാജഭരണത്തിലായിരുന്നപ്പോൾ ബ്രിട്ടീഷുകാർ മലബാറിനെ അവരുടെ നേരിട്ടുള്ള ഭരണത്തിന് കീഴിലാക്കി.അതുകൊണ്ടു തന്നെ ദേശീയ തലത്തിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളുടെ തരംഗങ്ങൾ കൂടുതലും അലയടിച്ചത് മലബാറിലാണ്.ഈ പ്രദേശങ്ങളിലെ മാപ്പിളമാരുടെ പോരാട്ട വീര്യം ബ്രിട്ടീഷുകാർക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.വടക്കൻ ജില്ലകളിൽ സ്ഥാപിക്കപ്പെട്ട വലിയ പട്ടാള ക്യാമ്പുകൾ ഇന്നും ബ്രിട്ടീഷുകാരുടെ ആശങ്കകളുടെ ചിഹ്‌നങ്ങൾ കൂടിയായാണ് നിലകൊള്ളുന്നത്.അക്കാലത്തെ തദ്ദേശീയരായ പോരാളികളുമായി ഏറ്റുമുട്ടി മരിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ശവകുടീരങ്ങൾ ഇപ്പോഴും മലബാറിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
മലബാറിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളെ തമസ്‌കരിക്കാനുള്ള ബോധപൂർവമായ ശ്രമം ചരിത്രത്തോടുള്ള നന്ദികേടാണ്.സർക്കാർ രേഖകളിൽ നിന്ന് അവ നീക്കം ചെയ്താലും തലമുറകളിലൂടെ ജീവിക്കുന്നതാണ് ആ ഓർമകൾ.തിരൂരങ്ങാടിയിലെ ഹജൂർ കച്ചേരിയും മമ്പുറം പള്ളിയും പൂക്കോട്ടൂരിലെ യുദ്ധസ്മാരകവും തിരൂരിലെ വാഗൺ ട്രാജഡി ഹാളും മലബാറിന്റെ വിവിധ ഭാഗങ്ങളിൽ സ്വാതന്ത്ര്യ സമരത്തെ അനുസ്മരിപ്പിച്ച് ഇന്നും നിലകൊള്ളുന്ന സ്മാരകങ്ങളും ചരിത്രത്തിന്റെ തിരുത്തപ്പെടാത്ത സത്യങ്ങളാണ്.സ്വാതന്ത്ര്യത്തോടെ, അന്തസ്സായി ജീവിക്കാനായി പഴയ തലമുറയിലുള്ളവർ നടത്തിയ ജീവൻമരണ പോരാട്ടങ്ങളുടെ കനലുകളായി അവ ജ്വലിച്ചുകൊണ്ടിരിക്കും.
കാലം മുന്നോട്ടു പോകുന്തോറും പോയ കാലത്തെ കുറിച്ചുള്ള ഓർമകൾക്ക് ശക്തി കുറയുമെന്നത് മനുഷ്യ സഹജമാണ്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രാധാന്യത്തെ പഴയ തലമുറ നോക്കിക്കണ്ട തീവ്രതയിൽ ഇനിയുള്ള തലമുറ അതിനെ ഉൾക്കൊള്ളണമെന്നില്ല.അതിനെ ദുർബലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളും രാജ്യത്ത് നടന്നു വരുന്നു.എത്രമേൽ വലിയ പോരാട്ടങ്ങളിലൂടെയാണ് പഴയ തലമുറ സ്വാതന്ത്ര്യമെന്ന യാഥാർഥ്യത്തെ സ്വന്തമാക്കിയതെന്ന് ഇനിയുള്ള തലമുറ ചിന്തിച്ചു കൊള്ളണമെന്നില്ല.ചരിത്ര പഠനത്തിലൂടെയാണ് അത്തരം ചിന്തകളെ രാജ്യം ഇക്കാലമത്രയും നിലനിർത്തിപ്പോരുന്നത്.ആ പഠന പ്രക്രിയയിൽ വരുത്തുന്ന വ്യതിയാനങ്ങൾ ഇനിയുള്ള തലമുറയെ ചരിത്ര ബോധമില്ലാത്തവരായി മാറ്റാനാണ് ഇടയാക്കുക.സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിൽ പങ്കാളിത്തം അവകാശപ്പെടാനില്ലാത്തവരുടെ ആവശ്യവും അതാണ്.ഇന്നലെകളില്ലാത്ത ഒരു ജനസമൂഹമായിരുന്നു ഇതെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത ശ്രമങ്ങൾ നടക്കുന്ന കാലമാണിത്.ഇതിനെ പ്രതിരോധിക്കേണ്ടത് ചരിത്രത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞു കൊണ്ടാണ്.ചരിത്രമില്ലാത്ത സമൂഹം വേരുകളില്ലാത്ത മരം പോലെയാണ്.മുകളിലേക്ക് വളരുന്തോറും അടിത്തറ ദുർബലപ്പെട്ടുകൊണ്ടിരിക്കും. ഇന്നലെകളിലെ ശരികളിൽ നിന്ന് ഊർജമുൾക്കൊണ്ടും തെറ്റുകളിൽ നിന്ന് പാഠം പഠിച്ചുമാണ് മനുഷ്യ സമൂഹം മുന്നേറേണ്ടത്.ചരിത്ര സ്മൃതികളെ ഊതിക്കെടുത്തുന്നവർക്ക് മുന്നിൽ അവയുടെ കനലുകളെ ഊതിക്കാച്ചിയെടുക്കാനുള്ള ശ്രമങ്ങളാണ് ആവശ്യം.

Latest News