Sorry, you need to enable JavaScript to visit this website.

കൊതിപ്പിക്കുന്ന ബാകു

ബാകു ബസ് സ്റ്റേഷനിലാണ് വണ്ടിയിറങ്ങിയത്. സമയം സന്ധ്യയോടടുക്കുന്നു. ഒരു ദീർഘദൂര യാത്ര കഴിഞ്ഞിറങ്ങിയതിനാൽ നല്ല യാത്രാ ക്ഷീണമുണ്ട്. മൂന്ന് രാത്രിയും രണ്ട് പകലും ഈ നഗരത്തിൽ ഞാനുണ്ടാവും. കിടന്നുറങ്ങാൻ സുരക്ഷിതമായ ഒരിടം കണ്ടെത്തണം. തികച്ചും അപരിചതമായൊരിടം. മുൻകൂട്ടി തയാറാക്കിയ പദ്ധതികളോ വർത്തമാനം പറഞ്ഞിരിക്കാൻ കൂടെ ഒരാളോ ഇല്ല. ഒറ്റക്കാണ്. അതു കൊണ്ട് പ്രത്യേക തിരക്കുകളൊന്നും തന്നെയില്ല. കീശയിൽ നിന്നും മൊബൈൽ ഫോണെടുത്ത് ബുക്കിങ് ഡോട്ട് കോം വെബ്സൈറ്റ് വഴി ഇപ്പോൾ നിൽക്കുന്നിടത്തു നിന്നും അധികം ദൂരമില്ലാത്ത ഒരിടം നോക്കി ഒരു ദിവസത്തെ റൂം ബുക്ക് ചെയ്തു. ബാക്കി രണ്ട് ദിവസത്തിന് നാളെ നോക്കാം. ഇന്ന് ഇനി പ്രത്യേകിച്ച് പരിപാടികൾ ഒന്നും ഇല്ല. റൂമിലെത്തണം, ഭക്ഷണം കഴിക്കണം, നന്നായൊന്ന് ഉറങ്ങണം.


ബസ് സ്റ്റേഷനും അതിനോടൊട്ടി നിൽക്കുന്ന ഭൂഗർഭ മെട്രോ ലൈനും പരിസരവും. അത്യാവശ്യം നല്ല തിരക്കുണ്ട്. പകൽ ജോലിക്കാർ ജോലി കഴിഞ്ഞ് വീടണയാനുള്ള തത്രപ്പാടിൽ ബസുകളിലേക്ക് ഓടിക്കയറുന്നുണ്ട്. രാത്രി ജോലിക്കാർ സമയത്തിന് ജോലി സ്ഥലങ്ങളിൽ എത്താനുള്ള ഓട്ടത്തിലും. ബലി പെരുന്നാൾ ദിവസമായതുകൊണ്ട് നഗരം ചുറ്റാനിറങ്ങിയ കുട്ടിക്കൂട്ടങ്ങളും കുടുംബങ്ങളുമുണ്ട്. ഭൂഗർഭ മെട്രോ  ലൈനിലേക്ക് ഇറങ്ങിപ്പോവുന്ന കൽപടവുകളിൽ കുമാരീകുമാരന്മാരുടെ കൂട്ടങ്ങൾ അങ്ങിങ്ങായി ഇരുന്ന് വർത്തമാനം പറഞ്ഞിരിക്കുന്നു. നഗരത്തിന്റെ തിരക്കുകളൊന്നും അവരറിയുന്നേയില്ല.

പുസ്തക സഞ്ചികളെന്ന് തോന്നിക്കുന്ന ബാഗുകൾ എല്ലാവരുടെയും തോളിലുണ്ട്. പെരുന്നാൾ ദിവസവും ട്യൂഷൻ ക്ലാസിന് പോയി വരുന്ന കുട്ടികളാവുമെന്ന്  കരുതി. കോളേജിൽ പോയിരുന്ന കാലത്ത് നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു ഓണവും പെരുന്നാളും ക്രിസ്മസും ഒന്നുമില്ലാതെ എൻട്രൻസ് കോച്ചിംഗിന് പോയിരുന്ന കുട്ടികൾ. വീട്ടിലേക്ക് പോവുമ്പോഴും വരുമ്പോഴും ലഭിക്കുന്ന കുറഞ്ഞ ഒഴിവ് സമയങ്ങളാണ് അവർക്ക് ആകെ ഒരാശ്വാസമായുള്ളത്. അവരവിടെ ഇരിക്കുന്നതാണ് ഒരൽപം മാറി അപരിചിതമായ ഈ നഗരത്തിരക്കിന് നടുവിൽ  കുറച്ചു നേരം വിശ്രമിച്ചിരിക്കാൻ എന്നെയും പ്രേരിപ്പിച്ചത്. ഇത്തരം അപരിചതമായ ലോകത്ത് പലപ്പോഴും ഒറ്റക്കിരിക്കാൻ ഒരിഷ്ടം ഉള്ളിലുണ്ടുതാനും. 
വഴിയോരക്കച്ചവടക്കാരനിൽ നിന്ന് വാങ്ങിയ ഒരു കിലോ ബ്ലൂ ബെറിയുടെ പ്ലാസ്റ്റിക് ബാഗ് മെല്ലെ തുറന്നു. ആപ്പിളും പലതരം ബെറികളും ഇവിടുത്തെ പ്രധാന കൃഷികളാണ്. ബ്ലൂ ബെറിയും ബ്ലാക്ക് ബെറിയും ഓരോന്ന് കഴിച്ചു രുചി നോക്കിയാണ് ഞാ ൻ ബ്ലൂ ബെറി തെരഞ്ഞെടുത്തത്. നഗരക്കകാഴ്ചകൾക്കിടയിൽ ഇടയ്ക്കിടെ ഓരോ ബ്ലൂ ബെറി വായിലിട്ടു ചുറ്റും കണ്ണോടിച്ചു. നാട്ടിലെ  ബസ് സ്റ്റാന്റുകളിൽ മുൻകാലങ്ങളിൽ സാധാരണയായി കാണാറുള്ള സിക്കിം ഭൂട്ടാൻ ലോട്ടറി കൗണ്ടർ പോലെയുള്ള നിരവധി ലോട്ടറി കൗണ്ടറുകൾ  കാണാം. പല കമ്പനികളുടെ കാർഡുകൾ ഉണ്ട്. അത് ഉരച്ചു നോക്കി നമ്പറുകൾ ഒപ്പിച്ചു നോക്കിയാണ് ഭാഗ്യ പരീക്ഷണം നടക്കുന്നത്. ചില്ലറ നാണയങ്ങൾ കൊടുത്താണ് കാർഡുകൾ ഉരക്കുന്നതെന്ന് മനസ്സിലായി. ഭാഗ്യ പരീക്ഷണത്തിൽ വിജയിക്കുന്നവരെയും നഷ്ടപ്പെടുന്നവരെയും ദൂരെ നിന്ന് നോക്കിയിരിക്കുമ്പോൾ മുഖഭാവങ്ങളിൽ നിന്ന് തിരിച്ചറിയാനാവും.    

കീശയിൽ നിന്നും മൊബൈൽ ഫോണെടുത്ത്  ഇടക്കിടെ സമയം നോക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടാണാവോ ഉപഭോക്താക്കളെ കാത്തിരിക്കുന്ന ടാക്‌സി ഡ്രൈവർമാർ ടാക്‌സി വേണോന്ന് ചോദിച്ച് അടുത്തു കൂടുന്നുണ്ട്. അവരോട് ഭവ്യതയോടെ ക്ഷമ ചോദിച്ച് നേരം ഇരുട്ടാവട്ടെ എന്ന് വിചാരിച്ച് അവിടെ തന്നെയിരുന്നു. അസ്തമയ സൂര്യന്റെ ചെഞ്ചായ കിരണങ്ങളാൽ പൊതിഞ്ഞ ബഹുനില കെട്ടിടങ്ങളും നഗര സൗന്ദര്യവും എൽ ഇ ഡി ബൾബുകളാലും  നിയോൺ ബൾബുകളാലും സപ്ത വർണങ്ങളിൽ കുളിച്ചു നിൽക്കുന്ന വർണക്കാഴ്ചകൾ കണ്ടിട്ട് റൂമിലേക്ക് പോയാൽ മതിയെന്ന്  തീരുമാനിച്ചിരുന്നു. ബ്ലൂ ബെറി ഏകദേശം പകുതി തിന്നു കഴിഞ്ഞിട്ടുണ്ട്. ഇരുന്നിടത്ത് നിന്നെണീറ്റു. കഴിച്ചു കഴിഞ്ഞ ബ്ലൂ ബെറിയുടെ കുരു വേറൊരു കവറിലിട്ട് വേസ്റ്റ് ബിന്നിൽ കൊണ്ടുപോയിട്ടു. നഗരവും പരിസരവും നല്ല വൃത്തിയായി സൂക്ഷിച്ചു പോരുന്നുണ്ട്. നമ്മളായിട്ട് അവിടെ വൃത്തി കേടാക്കരുതെന്ന് മനസ്സ് മന്ത്രിച്ചു. ഇരുട്ടായപ്പോഴേക്കും ബസ് സ്റ്റേഷൻ അടിച്ചുവാരി വൃത്തിയാക്കുന്ന തൊഴിലാളികൾ അങ്ങിങ്ങായി പണി തുടങ്ങിയിരുന്നു. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാവാം. അവരുടെ കൂട്ടത്തിൽ പെട്ടയാളല്ലെങ്കിലും പ്ലാസ്റ്റിക് കുപ്പികളും അലുമിനിയം കാനുകളും പെറുക്കിയെടുക്കുന്ന ഒരു മധ്യവയസ്‌കനെ ശ്രദ്ധിച്ചു.  അത് പെറുക്കി വിറ്റ് ഉപജീവനം നടത്തുന്നയാളെന്ന് തോന്നിയതിനാലും ഈ നഗരം വൃത്തിയായി സൂക്ഷിക്കുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് ആലോചിച്ചും കീശയിൽ നിന്നും ഒരു മനാതിന്റെ നോട്ട് എടുത്ത് അദ്ദേഹത്തിന് കൊടുത്തു. ജീവിതത്തിൽ ഇതുവരെ കാണാത്തയൊരാളും ഇനിയൊരിക്കലും കാണാൻ സാധ്യതയുമില്ലാത്ത ഒരാളിൽ നിന്നും ഒരു പാരിതോഷികം ലഭിച്ച സന്തോഷം അദ്ദേഹത്തിന്റെ  കണ്ണുകളിൽ പ്രകടമായിരുന്നു.  അപരിചിതർക്കിടയിലെ വിവരണാതീതമായ നന്ദി പ്രകാശനത്തോടെ അദ്ദേഹം തന്റെ ജോലിയിലേക്ക് തിരിച്ചു പോയി. 
സൂര്യാസ്തമയത്തിന് ഇവിടെ ഏകദേശം വൈകുന്നേരം എട്ടര മണിയാവണം. നേരം ഇരുട്ടുന്നതിനിടയിൽ തൊട്ടപ്പുറത്തിരുന്നിരുന്ന കുട്ടിക്കൂട്ടങ്ങളൊക്കെ അപ്രത്യക്ഷമായിട്ടുണ്ട്. ലോട്ടറി കൗണ്ടറുകളും അടച്ചുപോയിട്ടുണ്ട്. ബസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങുന്ന വഴിയിൽ ഒരു ഐസ്‌ക്രീം ഉന്തു വണ്ടി കണ്ടു. തണുപ്പാണെങ്കിലും ഒരു ഐസ്‌ക്രീം വാങ്ങി കഴിക്കാൻ തീരുമാനിച്ചു. വില തിരക്കിയപ്പോൾ മൂന്ന് മനാത്ത് വേണമെന്ന് കച്ചവടക്കാരൻ പറഞ്ഞു.  എന്നെ പറ്റിക്കുകയാണെന്ന് തോന്നിയത് കാരണം സ്‌നേഹപൂർവം അവന്റെ ഓഫർ ഞാൻ നിരസിച്ചു. എന്റെ തോന്നൽ ശരിയാവും വിധം ഒരു മനാത്ത് മതിയെന്ന് അവൻ പറഞ്ഞു.  നോക്കണേ, നാട് കാണാനിറങ്ങിയവരെ എങ്ങനെ കീശയിലാക്കാമെന്നതിന് ദേശ ഭാഷാവ്യത്യാസമൊന്നുമില്ലെന്നതിന് വേറൊരുദാഹരണം കൂടി. ഒരു ഐസ്‌ക്രീം വാങ്ങി നുണഞ്ഞു ബസ് സ്‌റ്റേഷന് വെളിയിൽ ടാക്‌സി കാറുകൾ നിർത്തിയിട്ടിടത്തേക്ക് നടന്നു. 
നഗരം ഇരുട്ടും വർണ വെളിച്ചവും നിറഞ്ഞ വേഷപ്പകർച്ചയിൽ മുങ്ങിയിട്ടുണ്ട്. തെരുവുകൾ കൂടുതൽ സജീവമായി തുടങ്ങിയത് കാണാം. റോഡിനിരുവശവും യുവതീ യുവാക്കൾ ഒറ്റക്കും കൂട്ടമായും നടന്നു നീങ്ങുന്നു. വെളുത്ത വർഗക്കാരും സുന്ദരന്മാരും സുന്ദരികളുമായ മനുഷ്യർ. എന്നെയും അവരെയും മാറിമാറി നോക്കുമ്പോൾ ഞാനൊരു കറുത്ത വർഗക്കാരനാണെന്ന് എനിക്ക് ബോധ്യമായി. അർധ നഗ്‌നത എന്നൊന്ന് ഇവിടെയില്ല എന്നും. അല്ലെങ്കിലും രാജ്യാതിർത്തികൾ കടക്കുമ്പോൾ നഗ്‌നതയുടെ അതിർവരമ്പുകളും മാറിമറിയുന്നു എന്നതാണ്  യാഥാർഥ്യം.  
കീശയിൽ നിന്നും മൊബൈൽ ഫോണെടുത്ത് ഓൺലൈൻ വഴി ബുക്ക് ചെയ്ത ഹോട്ടൽ വിവരങ്ങൾ നോക്കി. ഇസ്താംബൂൾ ഗോൾഡ് ഹോട്ടൽ, ബാകു. ഓൺലൈൻ ടാക്‌സി സർവീസ് ആയ 'ബോൾട്ട്' അപ്ലിക്കേഷൻ വഴി ഹോട്ടലിലേക്കുള്ള ടാക്‌സി ബുക്ക് ചെയ്തു. രണ്ടു മിനിറ്റിനുള്ളിൽ ടാക്‌സി കാർ എത്തി. മോഡൽ അറിയാത്ത ഒരു പഴയ ടൊയോട്ടാ കാർ. പഴയ റഷ്യയുടെ ഭാഗമായിരുന്ന രാജ്യമായതുകൊണ്ട് നിരവധി പഴയ റഷ്യൻ നിർമിത കാറുകളും നിരത്തിലോടുന്നുണ്ട്. ബോൾട്ട് വഴി ടാക്‌സി ചാർജ് വളരെ കുറവാണ്. ബസ് സ്‌റ്റേഷനിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരം കാണിച്ച ഹോട്ടലിലേക്ക് രണ്ട് മനാത്തും പത്ത് ഗാപ്പിക്കും (അവരുടെ 10 പൈസ), ഏകദേശം അഞ്ചു സൗദി റിയാൽ. ബാകു നഗരത്തിന്റെ  രാത്രികാല സൗന്ദര്യം ആസ്വദിച്ച് കാറിന്റെ മുൻസീറ്റിലിരുന്നു. പൊതുവെ തദ്ദേശീയർ ഇംഗ്ലീഷ്  സംസാരിക്കുന്നവർ കുറവായതുകൊണ്ട് ഡ്രൈവറോട് സംസാരിക്കാൻ തുനിഞ്ഞില്ല. കാർ നേരെ ഹോട്ടലിന്റെ മുറ്റത്ത് പോയി നിന്നു. ഹോട്ടലിൽ എത്തിയപ്പോൾ രാത്രി പതിനൊന്ന് മണിയായിക്കാണും. രാത്രി പത്ത് മണിക്ക് ഇശാ ബാങ്ക് വിളിക്കുന്ന നാടായതിനാൽ അർധരാത്രിയാവാൻ ഇനിയും സമയമുണ്ട്. തണുപ്പ് കാലമല്ലാത്തതിനാൽ നിരത്തുകളിൽ ഇപ്പോഴും ആളുകൾ ഉണ്ട്. ഹോട്ടൽ റിസപ്ഷനിസ്റ്റിനെ അഭിവാദ്യം ചെയ്ത് റൂം ബുക്കിങ് റഫറൻസ് നമ്പർ കൊടുത്തു. തന്റെ കംപ്യൂട്ടറിൽ ബുക്കിങ് നമ്പർ താരതമ്യം ചെയ്ത് നോക്കി റിസപ്ഷനിസ്റ്റ് റൂം ബോയിയെ താക്കോൽ ഏൽപിച്ച് എന്നോട് അദ്ദേഹത്തെ അനുഗമിക്കാൻ പറഞ്ഞു. രണ്ടാമത്തെ നിലയിൽ റൂം നമ്പർ: 302. രണ്ട് പേർക്ക് താമസിക്കാവുന്ന റൂം. രണ്ട് പേർക്ക് ബുക്ക് ചെയ്താലും റൂം വാടകയിൽ വലിയ വ്യത്യാസമൊന്നുമില്ല. അതുകൊണ്ട് ഒറ്റക്കാണെങ്കിലും റൂം രണ്ട് പേർക്കാണ് ബുക്ക് ചെയ്തിരുന്നത്. അഥവാ യാത്രയിൽ ഏതെങ്കിലും സുഹൃത്തുക്കളെ ഒപ്പം കിട്ടിയാൽ റൂം ഷെയർ ചെയ്യുകയുമാവാം. റൂമും സൗകര്യങ്ങളും ഒക്കെ പരിചയപ്പെടുത്തി റൂം ബോയ് തിരിച്ചു പോയി. 
വിശപ്പിന്റെ വിളിയാളം വന്നു തുടങ്ങിയിരിക്കുന്നു. വസ്ത്രങ്ങൾ മാറി കുളിച്ചു ഫ്രഷ് ആയി ഹോട്ടലിൽ നിന്നും പുറത്തിറങ്ങി ഭക്ഷണം തേടിയിറങ്ങി. രാത്രി ആണെങ്കിലും ഒറ്റക്ക് പുറത്ത് ഇറങ്ങി നടക്കാൻ പേടിയൊന്നും തോന്നിയില്ല. വഴിയരികിൽ രാത്രികാല റസ്റ്റോറന്റുകൾ കുറെ ശ്രദ്ധയിൽ പെട്ടെങ്കിലും കുറച്ചു നടന്നപ്പോൾ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഒരു സൂപ്പർ മാർക്കറ്റ് കണ്ടു. കുറച്ചു പ്ലംസ് പഴവും ബ്രഡ് കൊണ്ടുണ്ടാക്കിയ ഒരു വിഭവവും തണുത്ത പാനീയവും വാങ്ങി. അധികം വിലയൊന്നും ആയില്ല. ജിദ്ദയെ അപേക്ഷിച്ച്  വില കുറവാണ്. സാധനങ്ങൾ വാങ്ങി റൂമിലേക്ക് തിരിച്ചു നടന്നു. ദീർഘദൂര യാത്രയും ബസ് സ്റ്റേഷനിലെ ചുറ്റിക്കറക്കവും ഒക്കെക്കൂടി നല്ല ക്ഷീണം തോന്നുന്നുണ്ട്. ഭക്ഷണം കഴിച്ച് വേഗം കിടന്നുറങ്ങി. നാളെ ഉച്ച വരെ വിശ്രമ സമയമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. അതുകൊണ്ട് ഉറങ്ങാൻ ഇഷ്ടം പോലെ സമയമുണ്ട്. രാവിലെ പതിനൊന്ന് മണിക്ക് അലാറം സെറ്റ് ചെയ്ത്  കിടന്നു. പെട്ടെന്ന് തന്നെ ഉറക്കത്തിലേക്ക് വീണു. ഉച്ചക്ക് 12 മണിക്കാണ് ചെക്ക്ഔട്ട്. അതുകൊണ്ടാണ് പതിനൊന്ന് മണിക്ക് അലാറം സെറ്റ് ചെയ്ത് കിടന്നത്. കൃത്യസമയത്ത് എണീറ്റ് പ്രഭാതകർമങ്ങൾ നിർവഹിച്ചു. ഹോട്ടലിന്റെ താഴത്തെ നിലയിൽ തന്നെ റസ്റ്റോറന്റ് ഉണ്ട്. പക്ഷേ പുറത്തു നിന്നെവിടുന്നെങ്കിലും പ്രാദേശികമായ എന്തെങ്കിലും ഭക്ഷണ വൈവിധ്യം രുചിച്ചു നോക്കാം എന്നുള്ള ചിന്തയിൽ അവിടെ നിന്നും ഭക്ഷണം കഴിച്ചില്ല. 12 മണിക്ക് തന്നെ ചെക്ക് ഔട്ട് ചെയ്ത് 
റൂമിൽ നിന്നിറങ്ങി.  മുന്നിൽ കണ്ട റോഡിന്റെ ഒരു വശത്തേക്ക് നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ ഒരു ചെറിയ ഭക്ഷണശാല കണ്ടു. വിശപ്പടക്കി മനസ്സും ശരീരവും ഊർജസ്വലമാക്കിയാണ് നഗരത്തോട് വിട പറഞ്ഞത്.

Latest News